അടിമാലി: സഞ്ചാരികൾ ഒട്ടേറെ ആനച്ചാലിലേക്ക് എത്തുന്നുണ്ടെങ്കിലും സൗകര്യങ്ങൾ ഒരുക്കാൻ കഴിയാത്തത് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. സ്വകാര്യ മേഖലയിൽ രണ്ട് പാർക്കും ചെങ്കുളം അണക്കെട്ടിലെ ബോട്ടിങ് സൗകര്യവുമാണ് ആകെയുള്ളത്. കൂടുതൽ സൗകര്യങ്ങൾ കൊണ്ടുവരാൻ സ്ഥലം ഇല്ലാത്തതാണ് ആനച്ചാൽ നേരിടുന്ന പ്രധാന പ്രശ്നം.
ആനച്ചാൽ-മുതുവാൻകുടി റോഡിൽ ടൗൺ തുടങ്ങുന്ന ഭാഗത്ത് വൈദ്യുതി വകുപ്പിന്റ നിയന്ത്രണത്തിലും ആമക്കണ്ടം റോഡിൽ വനം വകുപ്പിനുമാണ് ഭൂമിയുള്ളത്. ടൗൺ വികസനത്തിന്റെ ഭാഗമായി പഞ്ചായത്തുകൾക്ക് ഈ ഭൂമിയിൽ ഒരുഭാഗം വിട്ടുനൽകിയാൽ വാഹന പാർക്കിങ് കേന്ദ്രങ്ങളും ബസ്സ്റ്റാൻഡ് അടക്കമുള്ളവയും കൊണ്ടുവരാൻ സാധിക്കും.
മാത്രമല്ല സർക്കാർ നിയന്ത്രണത്തിൽ ഗെസ്റ്റ് ഹൗസ്, ഹോട്ടൽ തുടങ്ങിയവയും ആരംഭിക്കാം. എന്നാൽ, വനം വകുപ്പ് കടുത്ത നിലപാടുകൾ സ്വീകരിക്കുകയാണെന്നാണ് ആക്ഷേപം. വൈദ്യുതി വകുപ്പ് ഭൂമി സംരക്ഷിക്കാനെന്ന പേരിൽ മതിൽ പണിതും കമ്പിവേലി തീർത്തും ടൗണിനെ ഞെരുക്കുന്നു. ഇതോടെ പാർക്കിങ്ങിന് ഇടമില്ലാതെ വീർപ്പുമുട്ടുകയാണ് ആനച്ചാൽ.
വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ടൗൺ മാസ്റ്റർപ്ലാൻ രൂപവത്കരിച്ച് വികസനം കൊണ്ടുവരണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഈട്ടി സിറ്റിയിൽ പഞ്ചായത്തിന്റെ പൊതുകളിസ്ഥലമുണ്ട്. എന്നാൽ, വൻകിട റിസോർട്ടുകളുടെ പാർക്കിങ് സ്ഥലമാണ് ഇവിടം. ചെങ്കുളം സർക്കാർ സ്കൂളിനോട് ചേർന്ന് നിന്തൽക്കുളം പഞ്ചായത്ത് പണിതു. ലക്ഷങ്ങൾ മുടക്കിയ ഇത് ഉപയോഗിക്കാതെ നശിക്കുകയാണ്. പഞ്ചായത്തിലെ എല്ലാ സ്കൂളിനും ഉപയോഗപ്രദമായി മാറേണ്ട ഈ സ്ഥാപനം കാടുകയറിയും മറ്റും നശിക്കുകയാണ്.
ഇതിനോട് ചേർന്ന സ്കൂൾ ഗ്രൗണ്ടിൽ പഞ്ചായത്ത് മണൽ ഇറക്കിയിട്ടതിനാൽ കുട്ടികൾക്ക് അന്യമായി. മണൽ ലോറികൾ കയറിയിറങ്ങി ഗേറ്റ് അടക്കം തകർന്നു. സ്കൂൾ അധികൃതർ പഞ്ചായത്തിനും കലക്ടർക്കും നിരവധി നിവേദനം നൽകിയിട്ടും നടപടി ഉണ്ടായില്ല.
(അവസാനിച്ചു)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.