അടിമാലി: ഹൈറേഞ്ചിൽ ഏലം കർഷകരെ തട്ടിച്ച് കോടികൾ കവർന്നതായി പരാതി. വിപണി വിലയെക്കാൾ 500, 1000 രൂപ അധികം വിലയിട്ട് ഏലക്ക സംഭരിച്ച ശേഷം പണം നൽകാതെ കർഷകരെ കബളിപ്പിക്കുകയായിരുന്നു. 30 മുതൽ 40 ദിവസത്തിനുള്ളിൽ പണം നൽകാമെന്ന് പറഞ്ഞാണ് ഏലക്ക വാങ്ങിയിരുന്നത്. പാലക്കാട് കരിമ്പ സ്വദേശി മുഹമ്മദ് നസീർ എന്നയാൾക്കെതിരെയാണ് പരാതി ഉയർന്നിട്ടുള്ളത്. പണം ലഭിക്കാനുള്ളവർ ഇടുക്കി ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ പരാതി നൽകിയിരിക്കുകയാണ്. അടിമാലി സ്റ്റേഷനിൽ ഇയാൾക്കെതിരെ 21 പരാതികൾ ലഭിച്ചിട്ടുണ്ട്. അഞ്ചുകോടി രൂപയുടെ തട്ടിപ്പാണ് ഈ പരാതികളിൽ ഉള്ളത്. എൻ ഗ്രീൻ ഇന്റർനാഷനൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പേരിൽ വിവിധ സ്ഥലങ്ങളിൽ കടമുറികൾ വാടകക്ക് എടുത്ത ശേഷം ജോലിക്കാരെ വെച്ച് ഏലക്ക സംഭരിക്കുകയായിരുന്നു. തുടക്കത്തിൽ കുറച്ചുപേർക്ക് പണം നൽകിയെങ്കിലും പിന്നീട് ഏലക്ക നൽകിയവർക്ക് ആർക്കും പണം ലഭിച്ചില്ല. തട്ടിപ്പനിരയായവരിൽ 50000 രൂപ മുതൽ 75 ലക്ഷം വരെ നഷ്ടമായവരുണ്ട്. ഏഴ് മാസംമുമ്പാണ് എൻ ഗ്രീൻ ഇന്റർനാഷനൽ ഹൈറേഞ്ചിൽ ഏലക്ക സംഭരണവുമായി രംഗത്ത് എത്തിയത്. ഓരോ സ്ഥലങ്ങളിലും കമീഷൻ അടിസ്ഥാനത്തിൽ ഏജന്റുമാരെയും ഇയാൾ ഏർപ്പെടുത്തിയിരുന്നു.
പണം ലഭിക്കാനുള്ളവർ മുഹമ്മദ് നസീറിനെ വിളിച്ചപ്പോൾ നൽകാമെന്ന വാട്സ്ആപ്പ് സന്ദേശം മാത്രമാണ് ലഭിച്ചത്. പണം ലഭിക്കാൻ ഉള്ളവർക്ക് ചെക്കുകൾ നൽകിയെങ്കിലും അക്കൗണ്ടിൽ പണമില്ലാത്തതിനാൽ ഇതെല്ലാം മടങ്ങി. ഇപ്പോൾ ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.