അടിമാലി: കല്ലാർകുട്ടി അണക്കെട്ടിന്റെ റിസർവോയറിൽ കോടികൾ വില വരുന്ന ഭൂമി കൈയേറിയതായി പരാതി. കല്ലാർകുട്ടി-വെള്ളത്തൂവൽ റോഡിൽ തോട്ടാപ്പുരക്ക് എതിർദിശയിൽ കല്ലാർകുട്ടി കോളനിയിരുന്ന സ്ഥലമടക്കമാണ് സ്വകാര്യ വ്യക്തി സ്വന്തമാക്കായത്. ഡാമിൽ വെള്ളം ശേഖരിച്ചു നിർത്തിയത് ഉൾപ്പെടെ നികത്തി അഞ്ച് ഏക്കറോളം കൈയേറിയതായാണ് വിവരം.
2018ലെ പ്രളയത്തിൽ ഇവിടെ വലിയ മലയിടിച്ചിൽ ഉണ്ടായിരുന്നു. സ്വകാര്യ വ്യക്തിയുടെ ഭൂമി ഉൾപ്പെടെ നാശം നേരിട്ടിരുന്നു. ഇതിന്റെ മറവിലാണ് യന്ത്രങ്ങൾ കൊണ്ടുവന്ന് കൂറ്റൻ മലയടക്കം ഇടിച്ചുനിരത്തി വൻ കൈയേറ്റം നടത്തിയത്. വൻ മരങ്ങൾ നശിപ്പിച്ചും മറ്റും നടത്തിയ കൈയേറ്റം പാരിസ്ഥിതിക പ്രശ്നങ്ങളും ഉണ്ടാക്കിയതായി നാട്ടുകാരും പറയുന്നു.
ഉരുൾപ്പൊട്ടലിൽ മണ്ണും മലയും ഇടിഞ്ഞ് ഡാമിൽ പതിച്ച് ജലസംഭരണി 50 ശതമാനത്തിലേറെ നികന്ന അവസ്ഥയിൽ നിൽക്കെയാണ് സ്വകാര്യ വ്യക്തി വൻതോതിൽ പുഴ നികത്തി സ്ഥലം സ്വന്തമാക്കിയത്. വിവരമറിഞ്ഞ വൈദ്യുതി വകുപ്പ് കലക്ടർ ഉൾപ്പെടെ പരാതി നൽകി.
കലക്ടറുടെ നിർദേശപ്രകാരം വ്യാഴാഴ്ച ദേവികുളം ഡെപ്യൂട്ടി തഹസിൽദാറുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കലക്ടറുടെ നിർദേശപ്രകാരം തുടർ നടപടി ഉണ്ടാകുമെന്ന് റവന്യൂ സംഘം അറിയിച്ചു. എന്നാൽ, ഭൂമി കൈയേറിയിട്ടില്ലെന്നും പ്രളയത്തിൽ തകർന്ന ഭൂമി ശരിയാക്കിയിട്ടേ ഉള്ളൂവെന്നും ഭൂവുടമ അവകാശപ്പെട്ടു. മണ്ണിടിച്ചിലിൽ തന്റെ എട്ട് വളർത്ത് പശുക്കളും വൻ കൃഷി നാശവും ഉണ്ടായി എന്നാൽ, നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്നും ഭൂവുടമ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.