അടിമാലി: ഏലം വിലയിൽ കുതിപ്പ് തുടരുമ്പോഴും പ്രതികൂല കാലാവസ്ഥയും കാട്ടാന, കാട്ടുപന്നി, കുരങ്ങ് തുടങ്ങി വന്യമൃഗശല്യവും മൂലമുള്ള കൃഷിനാശം കർഷകർക്ക് ഇരുട്ടടിയായി. കനത്ത മഴയിലും ഏലത്തിന്റെ ഇലകൾ കരിഞ്ഞുണങ്ങി നശിക്കുന്ന അവസ്ഥയാണ്. കഴിഞ്ഞ വേനലിൽ ഏറ്റവും കൂടുതൽ നാശം നേരിട്ട കൃഷി ഏലമായിരുന്ന.
നല്ല ഏലക്കായയ്ക്ക് കിലോഗ്രാമിന് 3000 രൂപക്ക് മേൽ ലഭിക്കുന്ന സമയത്ത് വിളവെടുക്കാൻ പാകമായ ഏലക്കായ ഉണങ്ങി കൊഴിയുന്നതും വന്യമൃഗശല്യവും കർഷകരുടെ ഉള്ള പ്രതീക്ഷ കൂടി തകർക്കുന്നു.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഏല കൃഷി ഉള്ളത് ഇടുക്കിയിലാണ്. ഉൽപാദനം കുറവ്, ചെലവ് കൂടുതൽ എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ മാറുന്നു. മറ്റു കൃഷികളെ അപേക്ഷിച്ച് ഏലത്തിന് ഉൽപാദനച്ചെലവ് കൂടുതലാണ്.
വേഗത്തിൽ രോഗബാധ വരുമെന്നതിനാൽ മരുന്നും പരിചരണവും തുടർന്നുകൊണ്ടിരിക്കണം. ഏലം പൂവിടാൻ തുടങ്ങിയാൽ മാസത്തിൽ രണ്ടുതവണയെങ്കിലും മരുന്ന് തളിക്കണം. കീടനാശിനികളുടെയും രാസവളത്തിന്റെയും ഉയർന്ന വിലയും തൊഴിലാളികൾക്കുള്ള കൂലിയുമെല്ലാം ഉൽപാദനച്ചെലവ് വർധിപ്പിക്കുന്നു.
വിളവെടുപ്പുകാലത്ത് തൊഴിലാളി ക്ഷാമമുണ്ടാക്കുന്ന ബുദ്ധിമുട്ട് വേറെ. വേനൽക്കാലത്തു നനയ്ക്കാനുള്ള സൗകര്യം നിർബന്ധമാണ്. കീടനാശിനി തളിക്കലും വളപ്രയോഗവും കൃത്യമായി നടത്തിയില്ലെങ്കിൽ വിളവ് ലഭിക്കാതെ ഏലച്ചെടികൾ നശിക്കും.ഏലം കർഷകരെ സഹായിക്കാൻ കൃഷിവകുപ്പ് പ്രത്യേക പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. ഒരു വർഷത്തേക്ക് ഹെക്ടറിന് 1500 രൂപയും മൂന്ന് വർഷത്തേക്ക് 3750 രൂപയും അടച്ചാൽ വരൾച്ച മൂലമുള്ള കൃഷിനാശത്തിന് ഹെക്ടറിന് 60,000 രൂപ നഷ്ടപരിഹാരമായി ലഭിക്കും. എന്നാൽ, ഇത് ഒരേക്കറിൽ താഴെ കൃഷി ചെയ്യുന്നവർക്കും ബാധകമാക്കണമെന്ന ആവശ്യമാണ് കർഷകർ ഉന്നയിക്കുന്നത്.
വിവിധ രോഗങ്ങൾ കൃഷിക്ക് പ്രതികൂല സാഹചര്യം സൃഷ്ടിക്കുന്നു. അഴുകൽ, തട്ടമറിച്ചിൽ, ഫിസേറിയം തുടങ്ങിയ രോഗങ്ങളും ഏലം മേഖലയിലെ പ്രതിസന്ധി രൂക്ഷമാക്കുന്നു. രോഗബാധയേറിയതോടെ മരുന്നടിക്കാൻ കൂടുതൽ തൊഴിലാളികളെയും വേണ്ടിവരുന്നു.
കാലാവസ്ഥാ വ്യതിയാനവും അതിതീവ്ര മഴയും ഉരുൾപൊട്ടലുമെല്ലാം ഏലച്ചെടികളെ സാരമായി ബാധിക്കുന്നുണ്ട്. മികച്ച വിളവും ഗുണനിലവാരമുള്ള കായ്കളും വല്ലപ്പോഴും മാത്രമേ കർഷകന് ലഭിക്കുന്നുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.