അടിമാലി: ചിന്നക്കനാൽ 301 കോളനിയിൽ വീട് തകർത്ത് അരിക്കൊമ്പൻ. തിങ്കളാഴ്ച 301 ആദിവാസി കോളനിയിലെ എമിലി ജ്ഞാനമുത്തുവിന്റെ വീടാണ് കാട്ടാന തകർത്തത്. വീട്ടിലുള്ളവർ ഓടി രക്ഷപ്പെട്ടു. വീട് ഭാഗികമായി തകർന്നു. കഴിഞ്ഞ 10 ദിവസമായി കാട്ടാനകൾ മേഖലയിൽ വീടുകൾ തകർക്കാത്ത ദിവസമില്ല. വ്യാപകമായി കൃഷിയും നശിപ്പിച്ചിട്ടുണ്ട്. ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായിട്ടും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ സർക്കാർ തയാറാകാത്തതിൽ ജനരോഷം രൂക്ഷമാണ്.
പ്രശ്നക്കാരായ കാട്ടാനകളെ പിടികൂടാൻ വയനാട്ടിൽനിന്ന് റാപിഡ് റെസ്പോണ്ട്സ് ടീം എത്തിയിട്ടും ഫലപ്രദമായ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇവയെ പിടികൂടാൻ സർക്കാർ ഉത്തരവിറങ്ങാത്തതാണ് കാരണം. ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് കെ.എസ്. അരുണിന്റെ നേതൃത്വത്തിൽ മൂന്നാർ ഡി.എഫ്.ഒ ഓഫിസ് ഉപരോധിച്ചു. ദേവികുളം പൊലീസ് ജില്ല പ്രസിഡന്റ് ഉൾപ്പെടെ അഞ്ചുപേരെ അറസ്റ്റ് ചെയ്ത് നീക്കി. മൂന്നാഴ്ചയായ നിരാഹാര സമരം പൂപ്പാറയിൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.