അടിമാലി: ചിന്നക്കനാൽ 301 കോളനിയിൽ മൂന്ന് ആദിവാസി കുടുംബങ്ങളുടെ വൈദ്യുതി നിർത്തലാക്കുമെന്ന് വൈദ്യുതി വകുപ്പ് നോട്ടീസ്. രാജകുമാരി സെക്ഷനിലെ അസിസ്റ്റന്റ് എൻജിനീയർ ഇതു സംബന്ധിച്ച് കത്ത് നൽകി. വനംവകുപ്പ് നിർദ്ദേശത്തെ തുടർന്നാണ് നടപടിയെന്ന് കത്തിൽ പറയുന്നു.
ആദിവാസികൾക്ക് വൈദ്യുതി എത്തിക്കാൻ സ്ഥാപിച്ച പോസ്റ്റുകൾ പിഴുതുമാറ്റി വൈദ്യുതി വിച്ഛേദിക്കാനാണ് വനംവകുപ്പിന്റെ നിർദ്ദേശം. പുതിയതായി പ്രഖ്യാപിച്ച സൂര്യനെല്ലി റിസർവിലൂടെ വൈദ്യുതി ലൈൻ വലിച്ചു എന്നതാണ് വനംവകുപ്പിന്റെ ആക്ഷേപം. കഴിഞ്ഞ ഒപനതിനാണ് നോട്ടീസ് നൽകിയത്. വർഷങ്ങളായി ചിന്നക്കനാലിൽ താമസിക്കുന്ന ആദിവാസി വിഭാഗത്തിൽപ്പെട്ട മൂന്ന് കുടുംബങ്ങൾക്കാണ് കെ.എസ്.ഇ.ബി വൈദ്യുതി കണക്ഷൻ നൽകിയത്.
തൊട്ടടുത്തുള്ള രണ്ടു കുടുംബങ്ങൾക്ക് എട്ടു വർഷം മുമ്പ് വൈദ്യുതി എത്തിച്ചിരുന്നു. എന്നാൽ പുതിയതായി പോസ്റ്റുകൾ നാട്ടി വൈദ്യുതി എത്തിച്ചതോടെയാണ് തടസ്സ വാദവുമായി വനംവകുപ്പ് രംഗത്തെത്തിയത്. പുതിയതായി പ്രഖ്യാപിച്ച സൂര്യനെല്ലി റിസർവ് ഫോറസ്റ്റിന്റെ ഭാഗമാണ് ഇവർ താമസിക്കുന്നതെന്നും ഇതിലൂടെ വൈദ്യുത ലൈൻ വലിക്കാൻ പാടില്ല എന്നുമാണ് വനം വകുപ്പ് നിലപാട്. ഇതോടെ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടു കൂടിയാണ് ഉദ്യോഗസ്ഥർ നേരിട്ടെത്തി കുടുംബങ്ങൾക്ക് നോട്ടീസ് നൽകിയത്.
റവന്യൂഭൂമി കൈയേറി ജണ്ട സ്ഥാപിക്കുകയും പിന്നീട് റിസർവ് ഫോറസ്റ്റ് വിജ്ഞാപനം ഇറക്കിയതിനെതിരെ പ്രതിഷേധം ഉയർന്നതോടെ സംസ്ഥാന സർക്കാർ വിജ്ഞാപനവുമായി ബന്ധപ്പെട്ട് തുടർനടപടികൾ തടഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് വനം വകുപ്പിന്റെ ഇടപെടൽ. അതേസമയം വനം വകുപ്പ് കാലങ്ങളായി തങ്ങളെ ഉപദ്രവിക്കുന്നുവെന്നും പോകാൻ മറ്റൊരു ഇടമില്ലെന്നും കുടുംബങ്ങൾ പറയുന്നു. കാലങ്ങളായി താമസിക്കുന്ന കുടുംബങ്ങൾക്ക് പഞ്ചായത്തിൽ നിന്ന് വീട്ടുനമ്പരും നൽകിയിട്ടുണ്ട്. വീടുകൾക്ക് പഞ്ചായത്തിൽ കരമടക്കുന്നുമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് വൈദ്യുതി കണക്ഷൻ നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.