അടിമാലി: എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെ നോക്കുകുത്തിയാക്കി വിവിധ സർക്കാർ സ്ഥാപനങ്ങളിൽ അനധികൃത താൽക്കാലിക നിയമനം വ്യാപകം. ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ത്രിതല പഞ്ചായത്തുകൾ, വൈദ്യുതി വകുപ്പ് തുടങ്ങി ഭൂരിഭാഗം വകുപ്പുകളിലും താൽക്കാലിക ജീവനക്കാരാണ് കൂടുതലും. ഭരണകക്ഷി നേതാക്കളുടെയും പ്രവർത്തകരുടെയും ഇഷ്ടക്കാരും ബന്ധുക്കളുമാണ് ദിവസ വേതനക്കാരെന്ന് ആരോപണമുണ്ട്.
വൈദ്യുതി വകുപ്പിലാണ് ഇത്തരത്തിൽ കൂടുതൽ നിയമനം. പഞ്ചായത്ത് വകുപ്പിലും കുറവല്ല. നിയമനം ലഭ്യമായാൽ ആദ്യ ശമ്പളം ഭരണപക്ഷ പാർട്ടികൾക്കും യൂനിയനും വീതിച്ച് നൽകണം. പിന്നീടുള്ള ഓരോ മാസവും വകുപ്പ് മേധാവികൾക്കും ശമ്പളത്തിന്റെ ഓരോ വിഹിതം നൽകണം.
വൈദ്യുതി വകുപ്പിലാണ് കൂടുതലും ഈ ക്രമക്കേട്. സെക്ഷൻ ഓഫിസ്, പവർ ഹൗസ് തുടങ്ങി എല്ലാ മേഖലകളിലുമായി നൂറുകണക്കിന് പേരാണ് ഇത്തരത്തിൽ വർഷങ്ങളായി ജോലി നോക്കുന്നത്. പഞ്ചായത്ത് വകുപ്പിലും രാഷ്ട്രീയ താൽപര്യത്തിലാണ് ഉദ്യോഗസ്ഥരെ താൽക്കാലികമായി നിയമിക്കുന്നത്. ഒരേ തസ്തികയിൽ 10 മുതൽ 20 വർഷം വരെ ജോലി നോക്കുന്ന താൽക്കാലികക്കാരുണ്ട്. ആശുപത്രികളിൽ മാനേജ്മെന്റ് കമ്മിറ്റി തീരുമാനിക്കുന്നതിനുപുറമേ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെയും നേതാക്കളുടെയും നിർദേശ പ്രകാരമാണ് നിയമനം.
ആശുപത്രി സൂപ്രണ്ട് ഉൾപ്പെടെ സമ്മർദത്തിന് വഴങ്ങി അനധികൃത നിയമനത്തിന് കൂട്ടുനിൽക്കുകയാണെന്നും ആക്ഷേപമുണ്ട്. അടിമാലിയിലെ സർക്കാർ ആശുപത്രി താലൂക്ക് ആശുപത്രിയാക്കി ഉയർത്തിയത് മുതൽ ജീവനക്കാരുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടില്ല. 120 കിടക്കയാണ് ഇപ്പോഴുമുള്ളത്. കൂടുതൽ ജീവനക്കാരെ നിയമിക്കുന്നതിന് സർക്കാറിൽ സമ്മർദം ചെലുത്തുന്നതിന് പകരം മാനേജ്മെന്റ് കമ്മിറ്റിയുടെ ഫണ്ടിൽ നിന്നുള്ള തുക ഉപയോഗിച്ച് ദിവസ വേതനക്കാരെയും കരാർ ജീവനക്കാരെയും നിയമിക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ എടുത്ത ജീവനക്കാർക്ക് 189 ദിവസം മാത്രമേ ജോലി നൽകാവൂ എന്നാണ് വ്യവസ്ഥ. എന്നാൽ വർഷങ്ങളായി ജോലിയിൽ തുടരുന്നവരുണ്ട്.
ലബോറട്ടറി, ഫാർമസിസ്റ്റ്, എക്സ്റേ ടെക്നിഷ്യൻ മുതൽ ആംബുലൻസ് ഡ്രൈവർ വരെയുള്ള ഒഴിവിലാണ് ദിവസ വേതന നിയമനം. ഡാറ്റ എൻട്രി ഓപ്പറേറ്റർ, നഴ്സ്, ഡയാലിസിസ് ടെക്നിഷ്യൻ, സ്വീപ്പർ തസ്തികയിലും ദിവസ വേതനത്തിൽ ആളെ നിയമിച്ചിട്ടുണ്ട്. ഇത്തരത്തിൽ ജോലിയിൽ കയറുന്ന പലർക്കും മതിയായ യോഗ്യത ഇല്ലെന്നും പരാതിയുണ്ട്. ദിവസ വേതന-കരാർ നിയമനവുമായി ബന്ധപ്പെട്ട് ചോദിച്ച വിവരാവകാശത്തിന് ശരിയായ മറുപടി ആശുപത്രിയിലെ പബ്ലിക് ഇൻഫർമേഷൻ ഓഫിസർ നൽകുന്നില്ലെന്നതടക്കം ആക്ഷേപവും നിലനിൽക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.