അടിമാലി: ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി നില്ക്കുന്ന മരങ്ങള്‍ മുറിക്കാന്‍ കലക്ടർകർക്ക് അധികാരമുണ്ടെന്നിരിക്കെ വനംവകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ പേരില്‍ യാത്ര നിയന്ത്രണം കൊണ്ടുവന്ന കലക്ടറുടെ നടപടി ജനരോഷത്തിന് ഇടയാക്കുന്നു. കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ നേര്യമംഗലം മുതല്‍ ഇരുമ്പുരപാലം വരെ അവശ്യസര്‍വിസ് വാഹനങ്ങള്‍ക്ക് മാത്രം ഓടുന്നതിന് അനുമതി നല്കിയ കലക്ടറുടെ ഉത്തരവാണ് ചോദ്യം ചെയ്യപ്പെടുന്നത്.
2014 ല്‍ ചീയപ്പാറയില്‍ മണ്ണിടിച്ചില്‍ ദുരന്തം ഉണ്ടായപ്പോള്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വനപ്രദേശത്തുള്ള 15 കിലോമീറ്റര്‍ നീളത്തില്‍ അപകടാവസ്ഥയിലെ മരങ്ങൾ വെട്ടിമാറ്റാന്‍ നിർദേശം നല്‍കിയിരുന്നു. തുടര്‍ന്ന് നേര്യമംഗലം റേഞ്ച് ഓഫിസര്‍ നടത്തിയ പരിശോധനയില്‍ 374 മരങ്ങള്‍ നീക്കണമെന്നും മൂന്നാര്‍ ഡി.എഫ്.ഒക്ക് റിപ്പോര്‍ട്ട് നല്കി. എന്നാല്‍, 2021ല്‍ കലക്ടറേറ്റില്‍ ഇടുക്കി എം.പി ഡീന്‍ കുര്യാക്കോസിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ മരങ്ങള്‍ മുറിക്കാന്‍ പഞ്ചായത്തിന് നിർദേശം നല്കി. ഇതുപ്രകാരം പഞ്ചായത്ത് നടപടിയുമായി മുന്നോട്ട് വന്നെങ്കിലും വനം വകുപ്പ് തടസ്സമായി. ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം കേസ് എടുക്കുമെന്നായിരുന്നു ഭീഷണി. ഇതോടെ ഈ ശ്രമവും വിജയിച്ചില്ല.
ഈ വര്‍ഷം ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് മരങ്ങള്‍ മുറിക്കാന്‍ തീരുമാനമായപ്പോള്‍ വിലങ്ങുതടിയായി വീണ്ടും വനംവകുപ്പ് രംഗത്ത് വരുകയും ഇത് കോടതി ഇടപെടലിലേക്ക് നീങ്ങുകയും ചെയ്തു. ഭൂമി സംബന്ധിച്ച തര്‍ക്കമാണ് ഉണ്ടായത്. രാജഭരണകാലം മുതല്‍ 100 അടി വീതിയില്‍ ദേശീയപാതക്ക് ഭൂമി ഉണ്ടെന്നും അതിനാല്‍ ഇതിനുള്ളിലെ എല്ലാ പ്രവൃത്തിക്കും ദേശീയപാതക്ക് മാത്രമാണ് അവകാശമെന്നും കോടതി വിധിയുണ്ടായി. ഇതിനെ മറികടക്കാന്‍ വനംവകുപ്പ് സുപ്രീംകോടതിയെ സമീപിക്കാന്‍ ശ്രമിച്ചെങ്കിലും മന്ത്രിസഭയുടെ ഇടപെടല്‍ വനംവകുപ്പിന് തിരിച്ചടിയായി. ഇതിനിടയാണ് ജൂണിൽ വില്ലാഞ്ചിറയില്‍ കാറിന് മുകളില്‍ മരംവീണ് ഒരാള്‍ മരിച്ചത്. ഒരാഴ്ചയായി മഴ ശക്തമായി. ഇതോടെ മരങ്ങള്‍ വീഴുന്നതും തുടര്‍ക്കഥയായി. ഇതോടെ വനംവകുപ്പ് കലക്ടര്‍ക്ക് വാഹന യാത്ര വിലക്കണമെന്ന് റിപ്പോര്‍ട്ട് നല്കി. ഇതുവഴി യാത്ര ദുരന്തത്തിന് കാരണമാകുമെന്ന് കാട്ടിയാണ് നേര്യമംഗലം റേഞ്ച് ഓഫിസര്‍ കത്ത് നല്‍കിയത്. കലക്ടര്‍ ഈ പാതയില്‍ അനിശ്ചിത കാലത്തേക്ക് വാഹന നിയന്ത്രണം കൊണ്ടുവന്നു. ആയിരക്കണക്കിന് പേര് ദിവസവും ഉപയോഗിക്കുന്ന പാതയാണിത്. ഹൈറേഞ്ചിന്റെ പ്രവേശന കവാടം എന്ന നിലയില്‍ അതിപ്രാധാന്യമുള്ള പാതയുമാണ്. റോഡിന് വീതി കൂട്ടുന്നതടക്കം രണ്ട് പതിറ്റാണ്ടായി വനംവകുപ്പ് തടസ്സമാണ്. കൂടാതെ ഇവിടെ വന്യജീവി സാന്നിധ്യമുണ്ടെന്നും വാഹനങ്ങള്‍ നിര്‍ത്തരുതെന്നും 2020ല്‍ വനംവകുപ്പ് തീരുമാനം നടപ്പാക്കി. രൂക്ഷമായ പ്രതിഷേധം വനംവകുപ്പിന് തടസ്സമായി. മാര്‍ച്ചില്‍ ഈ പാത ആനത്താരയായി കാട്ടി പലയിടങ്ങളിലും ബോര്‍ഡുവെച്ച വനംവകുപ്പ് വാഹന വേഗം 30 കിലോമീറ്ററായി നിജപ്പെടുത്തി. എന്നാല്‍, പതിറ്റാണ്ടുകളായി ഈ പാതയില്‍ കാട്ടാന ആരെയും ആക്രമിച്ച് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ടില്ല. വല്ലപ്പോഴും വരുന്ന ഇവ ഒരുശല്യവും യാത്രക്കാര്‍ക്ക് ഉണ്ടാക്കിയിട്ടുമില്ല. പിന്നെ എന്തിനാണ് ഇത്തരം നിയന്ത്രണവും ഭീതിയും വനംവകുപ്പ് ഉണ്ടാക്കുന്നതെന്ന ചോദ്യത്തിന് ഉത്തരമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.