അടിമാലി: സ്പിരിറ്റിന്റെയും മറ്റു ലഹരിവസ്തുക്കളുടെയും കടത്തു തടയാൻ എക്സൈസ് സ്പെഷൽ ഡ്രൈവ് ആരംഭിച്ചെങ്കിലും ചെക്പോസ്റ്റുകളിലും റേഞ്ച് ഓഫിസുകളിലും ഇൻസ്പെക്ടർമാർ ഇല്ലാത്തത് പ്രശ്നമാകുന്നു.
കേരള -തമിഴ്നാട് അതിർത്തി ചെക്ക്പോസ്റ്റുകളായ ചിന്നാർ, ബോഡിമെട്ട് , കമ്പംമെട്ടിലും മൂന്നാർ, മറയൂർ റേഞ്ച് ഓഫിസുകളിലും മൂന്നാർ സർക്കിൾ ഓഫിസിലും അടിമാലി നാർക്കോട്ടിക് എൻഫോഴ്സ് മെന്റ് സ്ക്വാഡിലുമാണ് ഇൻസ്പെക്ടർമാർ ഇല്ലാത്തത്. ജില്ലയിലെ മറ്റ് പ്രധാനപ്പെട്ട പല ഓഫിസുകളിലും സി.ഐമാരും ഇൻസ്പെക്ടർമാരുമില്ലാത്ത സ്ഥിതിയുമുണ്ട്.
ഇതോടെ സദാ പരിശോധനയും സ്പെഷൽ പരിശോധനയുമെല്ലാം പേരിനുമാത്രമായി. കഴിഞ്ഞ ദിവസം 175 ലിറ്റർ വാറ്റ് ചാരായം പിടിച്ച സംഭവത്തിലും ടോറസ് ലോറിയിൽ കടത്തി കൊണ്ട് വന്ന 10 കിലോ കഞ്ചാവ് പിടിച്ച സംഭവത്തിലുമടക്കം തുടരന്വേഷണങ്ങളും പ്രതിസന്ധിയിലാണ്. ഓണക്കാലത്ത് ജില്ലയിൽ ലഹരി വ്യാപനം തടയാൻ പരിശോധന കർശനമാക്കണമെന്ന് ഇന്റലിജൻസ് റിപ്പോർട്ടുണ്ടെങ്കിലും ചെക്പോസ്റ്റുകൾ നോക്കുകുത്തിയാവുകയാണ്. സീനിയോറിറ്റി തർക്കവും കോടതികളിലെ കേസും മൂലം പ്രമോഷൻ നിർത്തിയതും പുതിയ നിയമനം നടക്കാത്തതുമാണ് പ്രതിസന്ധിക്കു കാരണം. സ്പെഷൽ ഡ്രൈവുമായി എക്സൈസ് മുന്നോട്ടുപോവുമ്പോൾ ഉയർന്ന ഉദ്യോഗസ്ഥരുടെ കുറവ് വലിയ പ്രതിസന്ധി തന്നെയാണ്.
ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ മാത്രമേ യാത്രാവാഹനങ്ങളിൽ പരിശോധനക്ക് അനുമതിയുള്ളൂ. അതിനാൽ ചെക്പോസ്റ്റുകളിലും അല്ലാതെയുമുള്ള പരിശോധന കാര്യക്ഷമമല്ല.
അതേസമയം, ജില്ലയിലെ ചെക്പോസ്റ്റുകളിൽ ഇൻസ്പെക്ടർമാരുടെ നിയമനവുമായി ബന്ധപ്പെട്ടു റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും ഉടൻ ഇടപെടലുണ്ടാകുമെന്നാണു പ്രതീക്ഷയെന്നും ഡപ്യൂട്ടി കമീഷണർ പറഞ്ഞു. അതിനിടെ കഞ്ചാവ്, ചാരായ, ഇതര ലഹരി മാഫിയകളുടെ പ്രവർത്തനം വിവിധ ഭാഗങ്ങളിൽ സജീവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.