അടിമാലി: വന സംരക്ഷണ ഭേദഗതി നിലവിൽവരുന്നതോടെ, വനമെന്ന് രേഖപ്പെടുത്തിയെന്ന ഒറ്റക്കാരണത്താൽ കർഷകരുടെ പേരിൽ എടുത്ത നിയമ നടപടികൾ അവസാനിക്കുമെന്നും ഹൈറേഞ്ചിൽ വനം -റവന്യൂ വകുപ്പുകൾ ചേർന്നു കൈക്കൊള്ളുന്ന നിയന്ത്രണങ്ങൾ ഇല്ലാതാകുമെന്നുമുള്ള പ്രതീക്ഷയിൽ കർഷകർ. ഡിസംബർ ഒന്ന് മുതലാണ് ഇളവുകൾ വരുന്നത്.
കൃഷിഭൂമി ഒഴിപ്പിച്ചെടുത്ത് വനഭൂമിയാക്കാനുള്ള വനം വകുപ്പിന്റെ ശ്രമങ്ങൾ തുടരുന്നതിനിടയാണ് പുതിയ നിയമം വരുന്നത്. വനഭൂമി വനേതര പദ്ധതികൾക്ക് ഉപയോഗിക്കാൻ സാധ്യത തെളിയുന്നതോടെ കൂടുതൽ റോഡുകൾ, കുടിവെള്ളം, ടൂറിസം, ജലസേചന, മിനി ജലവൈദ്യുതി പദ്ധതികൾ എന്നിവയെല്ലാം സാധ്യമാകാനുള്ള സാഹചര്യവും ഉണ്ടാകുകയാണ്. റിസർവ് വനങ്ങളെ മാത്രമായിരിക്കും ഇനി വനം എന്ന വാക്കുകൊണ്ട് വിവക്ഷിക്കേണ്ടി വരുക. വനത്തിന്റെ പരിധിയിൽ വരുന്ന പദ്ധതികൾക്ക് 1996 ഡിസംബർ 12ന് മുമ്പ് സർക്കാറോ പ്രാദേശിക അതോറിറ്റികളോ ബോർഡുകളോ അനുമതി നൽകിയതാണെങ്കിൽ അവ ഇനി നടപ്പാകാൻ സാധ്യതയും തെളിയുകയാണ്. പ്രധാനമായും റോഡ് വികസനത്തിനും കാർഷിക മേഖലയുടെ വികസനത്തിനും നിയമം ഗുണം ചെയ്യുമെന്നാണ് കരുതുന്നത്.
വന സംരക്ഷണ നിയമത്തിന്റെ പേരിൽ അന്തർ സംസ്ഥാന പാതകളും അന്തർ ജില്ല പാതകളും തടയപ്പെട്ടിട്ടുണ്ട്. ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി ഒട്ടേറെ വികസന പദ്ധതികളും പുതിയ നിയമം വരുന്നതോടെ സാധ്യമാകും. കൂടുതൽ ജനവാസ കേന്ദ്രങ്ങളും പദ്ധതികളും രൂപപ്പെടാനും സാധ്യതയേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.