അടിമാലി: മഴ കനത്തതോടെ വനാതിർത്തി മേഖലകളിൽ കാട്ടാന ശല്യവും രൂക്ഷമായി. വെള്ളിയാഴ്ച രാത്രി വാളറ കുളമാംകുഴി, പാട്ടമ്പ് എന്നിവിടങ്ങളിലെ കൃഷിയിടങ്ങളിൽ ആനയിറങ്ങി. കാഞ്ഞിരവേലിയിലും നീണ്ടപാറയിലും കാട്ടാനക്കൂട്ടം ഏക്കറുകണക്കിന് കൃഷി നശിപ്പിച്ചു. വനത്തിനോട് ചേർന്ന കുളമാംകുഴി കോളനിയിലെ ബാലനന്റെ വീടിന് സമീപം എത്തിയ കാട്ടാന രാത്രി മാറാതെ നിന്നത് ഭീതി ഉയർത്തി. കോളനിയിലെ ഒട്ടേറെ കുടുംബങ്ങളുടെ വീട്ടുമുറ്റത്ത് എത്തിയ കാട്ടാന വളർത്തുമൃഗങ്ങൾക്ക് ശേഖരിച്ചുവെച്ച പുല്ലും വാഴ അടക്കം കൃഷികളും തിന്നുതീർത്തു.
മാങ്കുളം 96ൽ ഇറങ്ങിയ കാട്ടാനക്കൂട്ടം നിരവധി കർഷകരുടെ കൃഷി നശിപ്പിച്ചു. ഒരുമാസമായി ഇവിടെനിന്ന് കാട്ടാനാകൾ പോയിട്ടില്ല. ഒട്ടേറെ കർഷകരുടെ വാഴ, കമുക്, തെങ്ങ്, പച്ചക്കറി അടക്കമുള്ള കൃഷികൾ നശിപ്പിച്ചിട്ടുണ്ട്. കൂട്ടമായി ഇറങ്ങിയ കാട്ടാന പ്രദേശത്തെ കർഷകരുടെ മൺ കയ്യാലകളും കൃഷിയിടത്തിന് ചുറ്റും സ്ഥാപിച്ച വൈദ്യുതി വേലിയും തകർത്തു.
കാട്ടാനശല്യം രൂക്ഷമായ ഇവിടെ വലിയ ജനരോഷം ഉയർന്നു. കാട്ടാന ശാശ്വതമായ പ്രതിരോധ സംവിധാനം ഒരുക്കാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മറയൂർ, ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലും കാട്ടാന ശല്യം രൂക്ഷമാണ്. എന്നാൽ, വനം വകുപ്പ് നിർജീവാവസ്ഥയിലാണെന്നും സർക്കാറിന്റെ അടിയന്തര ഇടപെടൽ വേണമെന്നുമാണ് കർഷകർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.