അടിമാലി: മിച്ചഭൂമി അനുവദിച്ച രേഖകിട്ടിയവർ ഭൂമി സ്വന്തമാകും മുമ്പ് വയോധികരായി. ഇനി സ്വന്തം ഭൂമിയിൽ അന്ത്യവിശ്രമമെങ്കിലും സാധ്യമാകുമോ...ഈ ചോദ്യമാണ് മാങ്കുളത്ത് മിച്ചഭൂമി ‘കിട്ടിയവർ’ ചോദിക്കുന്നത്. കാൽനൂറ്റാണ് മുമ്പ് (1999) ഒന്നേകാൽ ഹെക്ടർ ഭൂമി വീതം 1016 പേർക്കാണ് സർക്കാർ നൽകിയത്. അതിൽ രേഖപ്രകാരം ഭൂമി ലഭിച്ചത് പത്തിൽ താഴെ പേർക്ക് മാത്രം. ബാക്കിയുള്ളവർ സർക്കാർ നൽകിയ രേഖ നിധിപോലെ സൂക്ഷിച്ച് തങ്ങൾക്ക് ഭൂമിക്കായി ഓഫിസുകൾ കയറി ഇറങ്ങുകയാണ്.
ഭൂമിയുടെ രേഖ കിട്ടി ജീവിതത്തിന്റെ അവസാന നാളിൽ തനിക്ക് കിട്ടിയ ഭൂമി കൈമാറാത്തതിനെതിരെ മാങ്കുളം താളുംകണ്ടം ഉപ്പൂട്ടിൽ ആന്റണി റവന്യൂ മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ഇതിന് സെറ്റിൽമെന്റ് ഓഫിസറായ ദേവികുളം സബ് കലക്ടർ 8.10. 2024 നൽകിയ മറുപടി ഫോറസ്റ്റ് സെറ്റിൽമെന്റ് ചട്ടങ്ങൾ പ്രകാരം ചട്ടങ്ങൾ നിലനിൽക്കുന്നതാണ്. അപ്രകാരമുള്ള നടപടി പൂർത്തിയാകുമ്പോൾ ഭൂമി പതിച്ച് നൽകാമെന്ന മറുപടിയാണ് നൽകിയത്. ഇത് എന്ന് തീരുമെന്ന ചോദ്യത്തിന് സെറ്റിൽമെന്റ് ഓഫിസർക്കും മറുപടിയില്ല. സർക്കാർ മിച്ചഭൂമിയായി തിരിച്ചിട്ട ഭൂമിയിൽ വനചട്ടങ്ങൾ ഇല്ലെന്നിരിക്കെ ഇതിന്റെ പേരിൽ ഉടലെടുത്ത പ്രതിസന്ധി പരിഹരിക്കാൻ സർക്കാറും തയാറാകുന്നില്ല. രാജഭരണകാലത്ത് കണ്ണൻ ദേവൻ (ടാറ്റ ടീ) കമ്പനിയിൽനിന്ന് മിച്ചഭൂമിയായി മാറ്റിയിട്ട ഭൂമിയിലാണ് വനം വകുപ്പ് അവകാശം ഉണ്ടെന്ന വാദം ഉന്നയിച്ച് തടസ്സം കൊണ്ടുവരുന്നത്.
നിരവധി നടപടിക്കും പരിശോധനക്കും ഒടുവിൽ 25 വർഷം മുമ്പാണ് ദേവികുളം താലൂക്കിലെ വിവിധയിടങ്ങളിൽ ഭൂമിയില്ലാത്ത 1016 കർഷകർക്ക് മാങ്കുളത്ത് മിച്ചഭൂമി അനുവദിച്ചത്. ഒരാൾക്ക് 1.25 ഹെക്ടർ ഭൂമി നൽകാനായിരുന്നുതീരുമാനം. 1999ൽ അന്നത്തെ റവന്യൂ മന്ത്രിയായിരുന്ന കെ.ഇ. ഇസ്മായിൽ മാങ്കുളത്തെത്തി മിച്ചഭൂമി നൽകുന്നതിന്റെ തുടക്കം എന്ന നിലയിൽ 10 പേർക്ക് പട്ടയം കൈമാറി. ശേഷം റവന്യൂ വകുപ്പ് 300ലേറെ പേർക്ക് അസൈൻമെന്റ് ലെറ്റർ നൽകി ഭൂമി കാണിച്ചുകൊടുത്തു. എന്നാൽ, അളന്ന് നൽകിയില്ല.
പല ഘട്ടങ്ങളിലായി 800 ഓളം പേർക്ക് ഭൂമി കാണിച്ച് നൽകിയെങ്കിലും വനം വകുപ്പും വിവിധ പരിസ്ഥിതി സംഘടനകളും കോടതി ഇടപെടലുമൊക്കെയായി മിച്ചഭൂമി വിതരണം തടസ്സപ്പെട്ടു. ലിസ്റ്റിൽപെട്ട 200ലേറെ കുടുംബങ്ങൾക്ക് രേഖപോലും കിട്ടിയില്ല. വനം-റവന്യൂ വകുപ്പുകൾ സംയുക്തമായി സർവേ ടീം വരെ പ്രഖ്യാപിക്കുകയും ദേവികുളം സബ് കലക്ടറെ നോഡൽ ഓഫിസറായി ചുമതലപ്പെടുത്തുകയും ചെയ്തെങ്കിലും എല്ലാം ചുവപ്പുനാടയിൽ കുരുങ്ങി. സർക്കാർ രേഖകളിൽ തങ്ങൾക്ക് ഭൂമി ഉള്ളതിനാൽ ലൈഫ് മിഷൻ, മറ്റു പദ്ധതികൾ എന്നിവയിലൊന്നും ഒരു അനുകൂല്യങ്ങളും ലഭിച്ചിട്ടില്ല.
രോഗങ്ങളും ദുരിതങ്ങളുമായി ദിനരാത്രങ്ങൾ തള്ളി നീക്കുന്ന മിച്ച ഭൂമി അർഹർ സർക്കാറിന്റെ കനിവിനായി പ്രാർഥനയോടെ കാത്തിരിക്കുകയാണ് ഇപ്പോഴും. മാങ്കുളം പഞ്ചായത്തിലെ പാമ്പുങ്കയം, കവിതക്കാട്, പെരുമ്പൻകുത്ത്, അമ്പതാം മൈൽ എ ന്നിവിടങ്ങളിലാണ് മിച്ചഭൂമിയുള്ളത്. ഇവിടം വനഭൂമിയാണെന്നാണ് വനംവകുപ്പിന്റെ അവകാശവാദം. ഇതാണ് നാട്ടുകാർ ചോദ്യം ചെയ്യുന്നത്.
സർവേ ടീം പ്രഖ്യാപിച്ചിട്ട് എട്ടു മാസം; നടപടി ഫയലിൽ മാത്രം
മാങ്കുളം മിച്ചഭൂമി സർവേ നടപടി സമയബന്ധിതമായി പൂർത്തീകരിച്ച് അർഹരായവർക്ക് പട്ടയം അനുവദിക്കാൻ സംയുക്ത സമിതി രൂപവത്കരിച്ച് ഉത്തരവ് വന്നിട്ട് എട്ടു മാസം. നടപടി ഇപ്പോഴും ഫയലിൽ. വനം, റവന്യൂ, സർവേ ഉദ്യോഗസ്ഥരാണ് സമിതിയിലെ അംഗങ്ങൾ. മിച്ചഭൂമി വിഷയത്തിൽ ശാശ്വത പരിഹാരത്തിനായുള്ള സമിതിയുടെ ചെയർമാർ ഇടുക്കി കലക്ടറാണ്. ദേവികുളം സബ് കലക്ടർ, മാങ്കുളം ഡി.എഫ്.ഒ, ഇടുക്കി സർവേ ഡെപ്യൂട്ടി ഡയറക്ടർ എന്നിവർ സംയുക്ത സമിതിയിലെ അംഗങ്ങളുമാണ്. ദേവികുളം റവന്യൂ ഡിവിഷനൽ ഓഫിസിൽ ലഭിച്ച നിരവധി സെറ്റിൽമെന്റ് അപേക്ഷകളിൽ കുറച്ച് അപേക്ഷകളിൽ മാത്രമാണ് സർവേ നടത്തിയിട്ടുള്ളത്.
സർവേ നടപടി നടത്തുമ്പോൾ വനം വകുപ്പ് പലഭാഗത്തും എതിർപ്പ് ഉന്നയിച്ചിരുന്നു. അത് പരിഹരിച്ച്, മാങ്കുളം വില്ലേജില മിച്ചഭൂമിയിൽ വനം വകുപ്പ് അതിർത്തി നിർണയം നടത്തി ജണ്ട സ്ഥാപിച്ചിട്ടുള്ള സ്ഥലം ഒഴികെയുള്ള ഭൂമിയിൽ, അർഹരായ കൈവശക്കാർക്ക് പട്ടയം അനുവദിക്കുന്നതിനാണ് നടപടി. ഇക്കാര്യത്തിൽ സർക്കൻ തലത്തിൽ വനം, റവന്യൂ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി വിശദ പഠനം നടത്തണമെന്ന് ലാൻഡ് റവന്യൂ കമീഷണർ കത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു. അത് പ്രകാരം സംയുക്ത സമിതിയിൽ ഉൾപ്പെടുത്തേണ്ട ഉദ്യോഗസ്ഥരെ നാമനിർദേശം ചെയ്യാൻ കലക്ടറോട് നിർദേശിച്ചിരുന്നു. തുടർന്ന് കലക്ടറാണ് സമിതി അംഗങ്ങളെ നാമനിർദേശം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.