അടിമാലി: അടിമാലി പൊലീസ് സ്റ്റേഷൻ പരിധിയിൽ മലഞ്ചരക്ക് കട കുത്തിത്തുറന്ന് മോഷണം. മച്ചിപ്ലാവ് പോസ്റ്റോഫിസ് ജങ്ഷനിൽ കോട്ടക്കൽ ബിനോയിയുടെ മലഞ്ചരക്ക് കടയാണ് താഴ് അറുത്ത് മാറ്റി മോഷണം നടത്തിയത്. 1200 കിലോ കുരുമുളകും 10,000 രൂപയുമാണ് മോഷ്ടിച്ചത്. വെള്ളിയാഴ്ച കട തുറക്കാൻ എത്തിയപ്പോഴാണ് വിവരം അറിഞ്ഞത്. അടിമാലി പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം പത്താം മൈൽ ടൗൺ ജുമാ മസ്ജിദിന് കീഴിൽ വാളറ നമസ്കാരപ്പള്ളിയുടെ ഭണ്ടാരക്കുറ്റി കുത്തിത്തുറന്ന് മോഷണം നടത്തിയിരുന്നു. മുടിപ്പാറയിൽ രണ്ട് കർഷകരുടെ കുരുമുളക് തോട്ടത്തിലും മോഷണം നടന്നിരുന്നു. എന്നാൽ പൊലീസ് കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്നാണ് ആക്ഷേപം. അടിമാലിയിൽ നൈറ്റ് പട്രോളിങ് ഉൾപ്പെടെ നടക്കാത്തത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
നെടുങ്കണ്ടം: മുണ്ടിയെരുമയിൽ നാല് സ്ഥാപനങ്ങളിൽ മോഷണവും വ്യാപാര സ്ഥാപനങ്ങളിൽ മോഷണശ്രമവും. പലചരക്ക് കട, ഫ്ലവർ മിൽ, ഫർണിച്ചർ കട, അക്ഷയ സെന്റർ, മെഡിക്കൽ ഷോപ്പ് തുടങ്ങിയ സ്ഥാപനങ്ങളിൽനിന്നാണ് പണവും ഇലക്ട്രോണിക് ഉപകരണങ്ങളും നഷ്ടപ്പെട്ടത്. വ്യാപാര സ്ഥാപനങ്ങളുടെ മുന്നിലുണ്ടായിരുന്ന സി.സി.ടി.വി കാമറകൾ മോഷ്ടാക്കൾ നശിപ്പിച്ചു. വെള്ളിയാഴ്ച പുലർച്ചെ രണ്ടിനും മൂന്നിനും ഇടയിലാണ് മോഷണം. മോഷണം നടത്തുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ആറോളം പേരടങ്ങിയ സംഘമാണ് മോഷണത്തിന് പിന്നിലെന്നാണ് ദൃശ്യങ്ങളിൽനിന്നു മനസ്സിലാകുന്നതെന്ന് പൊലീസ് പറഞ്ഞു. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.