അടിമാലി: ചിന്നക്കനാലിലേക്ക് സഞ്ചാരികൾ വരേണ്ടത് തകർന്ന റോഡിലൂടെ. തുടങ്ങിയ നിർമാണം എന്ന് തീരുമെന്നാണ് നാട്ടുകാർക്ക് അറിയേണ്ടത്. അത്ര കണ്ട് കാത്തിരിക്കുകയാണ് ഈ റോഡിനായി. രണ്ട് വർഷം പിന്നിട്ടിട്ടും തീരാത്ത ഈ റോഡ് പണി എന്ന് തീരുമെന്ന് പറയാൻ അധികൃതർക്കും കഴിയുന്നില്ല.
ഇതോടെ വിനോദ സഞ്ചാര കേന്ദ്രമായ ചിന്നക്കനാലിലേക്കുള്ള യാത്ര അതികഠിനമായി. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ പവർ ഹൗസിന് സമീപത്തുനിന്ന് ചിന്നക്കനാലിലേക്ക് പോകാനുള്ള മൂന്ന് കിലോമീറ്റർ പ്രധാന റോഡിന്റെ നിർമാണം തുടങ്ങിയിട്ട് രണ്ടു വർഷം കഴിഞ്ഞു.
കുഞ്ചിത്തണ്ണി ആസ്ഥാനമായ സൊസൈറ്റിയാണ് റോഡ് നിർമാണം കരാറെടുത്തിരുന്നത്. എന്നാൽ നിർമാണം പാതി പോലും പൂർത്തിയാക്കിയില്ല. കഴിഞ്ഞ ജനുവരിയിൽ നിർമാണം പുനഃരാരംഭിച്ചെങ്കിലും പിന്നീട് നിർത്തിവച്ചു. ഇപ്പോൾ കരാറുകാർ നിർമാണം ഉപേക്ഷിച്ച അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു.
മഴ പെയ്തതോടെ റോഡിൽ പല ഭാഗത്തും വൻ ഗർത്തങ്ങൾ രൂപപ്പെട്ടു. വെള്ളം നിറഞ്ഞുകിടക്കുന്ന ഈ കുഴികളിൽ വീണ് ഒട്ടേറെ ഇരുചക്ര വാഹനങ്ങളാണ് അപകടത്തിൽപെട്ടത്. ചിന്നക്കനാൽ റേഷൻ കടയുടെ സമീപത്തെ കലുങ്ക് നിർമാണവും പൂർത്തിയായിട്ടില്ല. കരാറുകാരുടെ അനാസ്ഥയാണ് റോഡ് നിർമാണം വൈകാൻ കാരണമെന്നും കരാർ റദ്ദാക്കി റീടെൻഡർ ചെയ്യണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.