അടിമാലി: ഇടുക്കിയിലിപ്പോൾ കുരുമുളകിന്റെ വിളവെടുപ്പ് കാലമാണ്. എന്നാൽ, വിളവെടുപ്പിന്റെ പ്രതാപകാലം ഓർമകളിൽ മാത്രമാണ് ഇപ്പോഴുള്ളത്. വർഷങ്ങളോളം കുരുമുളക് സമ്പാദ്യമായി വീട്ടിൽ സൂക്ഷിച്ചിരുന്ന കർഷകർക്ക് ഇപ്പോൾ മരുന്നിനുപോലും കുരുമുളക് തോട്ടത്തിലില്ലാത്ത സങ്കടമാണ് പറയാനുള്ളത്.
വിളനാശവും വിലത്തകർച്ചയുമാണ് കുരുമുളകിന് തിരിച്ചടിയായത്. ലോക കമ്പോളത്തിൽപോലും വൻ പ്രിയമുണ്ടായിരുന്ന ഇടുക്കി കുരുമുളകിന്റെ ഉൽപാദനം ഇപ്പോൾ എക്കാലത്തേക്കാളും താഴെയാണ്. കുരുമുളക് ഇല്ലാതായതോടെ വിലയും കയറി. വിലയുണ്ടായിട്ടെന്താ കുരുമുളക് വേണ്ടേ? എന്നതാണ് കർഷകരുടെ ചോദ്യം. പന്നിയൂർ ഒന്ന് മുതൽ എട്ട്, ശ്രീകര, ശുഭകര, പൗർണമി, പഞ്ചമി തുടങ്ങിയവയാണ് അത്യുൽപാദന ശേഷിയുള്ള പുതിയ ഇനങ്ങൾ. ഇവയൊക്കെ നാടുനീങ്ങി തുടങ്ങിയതോടെ സാമ്പത്തികരംഗവും തകർന്നു.
രോഗമാണ് പ്രധാന വില്ലനെന്ന് കർഷകർ പറയുന്നു. ഇടവിട്ടുള്ള മരുന്നുതളിയും രോഗപ്രതിരോധ പ്രവർത്തനങ്ങളും ഒന്നും ഇപ്പോൾ ഏശുന്നില്ല. കുമിൾനാശിനികൾക്ക് വിലയേറിയതിനാൽ തോട്ടം സംരക്ഷിക്കണമെങ്കിലും വൻ ചെലവാണ്. കുരുമുളക് കൃഷി പുനരുദ്ധാരണത്തിന്റെ പേരിൽ വൻ തുകയാണ് വർഷംതോറും ചെലവഴിക്കുന്നത്. കുരുമുളക് തൈ നഴ്സറികളിൽനിന്ന് വാങ്ങിയ ബില്ല് നൽകിയാൽ പദ്ധതിയുള്ള സമയത്ത് കൃഷിഭവനിൽനിന്ന് പണം ലഭിക്കും. സ്വന്തമായി കുരുമുളക് തോട്ടം വികസിപ്പിച്ചതിന് ബില്ല് കൈവശമില്ലെങ്കിൽ ഒരു രൂപപോലും ലഭിക്കില്ല. രോഗപ്രതിരോധശേഷിയുള്ള തനതു തൈകൾ വികസിപ്പിക്കാൻ സർക്കാർ മേൽനോട്ടത്തിലുള്ള വിപുലമായ നഴ്സറി ഇടുക്കിയിൽ അനിവാര്യമാണെന്ന് കർഷകർ പറയുന്നു.
ഇടുക്കി പാക്കേജിന്റെ ഭാഗമായി കോടിക്കണക്കിന് രൂപയുടെ കുരുമുളക് പുനരുദ്ധാരണ പദ്ധതികളാണ് പ്രഖ്യാപിച്ചത്. ഈ പാക്കേജ് പ്രകാരം കുരുമുളക് തോട്ടങ്ങൾ പേരിനുപോലും വിപുലീകരിച്ചിട്ടില്ല. ഏറ്റവും കൂടുതൽ കുരുമുളക് കൃഷി നടന്നിരുന്ന അടിമാലി, കൊന്നത്തടി, വാത്തിക്കുടി, വെള്ളത്തൂവൽ, മാങ്കുളം, രാജാക്കാട്, രാജകുമാരി പഞ്ചായത്തുകളിൽ തോട്ടങ്ങൾ തരിശ്ശായി മാറി. വേരുചീയലും ദ്രുതവാട്ടവും മഞ്ഞളിപ്പുമാണ് തോട്ടങ്ങളിൽ പടർന്നുപിടിച്ചത്. വർഷംതോറും കൃഷിഭവൻ മുഖേന കുരുമുളക് തൈകൾ വിതരണം ചെയ്യുന്നുണ്ടെങ്കിലും ഇവ ഇടുക്കിയിലെ കാലാവസ്ഥക്ക് അനുയോജ്യമല്ലെന്നാണ് കർഷകർ പറയുന്നത്.
താങ്ങുകാലുകൾക്കും രോഗം വ്യാപകമായത് കർഷകർക്ക് തിരിച്ചടിയായി. ഇലചുരുട്ടൽ രോഗം ബാധിച്ചതിനാൽ മുരിക്ക് കൂട്ടത്തോടെ നശിച്ചു. റബറിലും കമുകിലും കുരുമുളക് വള്ളി പടർത്താനുള്ള ശ്രമങ്ങളും വിഫലമാവുകയാണ്. ഇടുക്കിയിൽ കൃഷി പാടെ തകർന്നതോടെ വടക്കൻ ബംഗാളിലേക്കാണ് കുരുമുളക് കയറ്റുമതി ഏജൻസികൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.