അടിമാലി: വിളവെടുപ്പ് അടുത്തപ്പോൾ കാലം തെറ്റി പെയ്യുന്ന മഴ ജില്ലയിലെ കർഷകരുടെ നെഞ്ചിടിപ്പേറ്റുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഉച്ചക്ക് ശേഷം ശക്തമായ മഴയാണ് പെയ്യുന്നത്. കുരുമുളക് കൃഷിയെയാണ് അസമയത്തെ മഴ പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. മഴയിൽ തിരികൾ അഴുകി വീഴുകയാണ്. ദ്രുതവാട്ടം കൂടി ആയതോടെ കർഷകർ സമാനതകളില്ലാത്ത പ്രതിസന്ധിയിലാണ്. ദിവസങ്ങളായി അന്തരീക്ഷം മൂടിക്കെട്ടിയ നിലയിലാണ്.
ജില്ലയിൽ 37450 ഹെക്ടറിലാണ് കുരുമുളക് കൃഷിയുള്ളത്. സംസ്ഥാനത്തിന് ഏറ്റവും കൂടുതൽ വിദേശ നാണ്യം ലഭിക്കുന്നത് കുരുമുളക് കൃഷിയിൽനിന്നാണ്. ഈ വർഷം ആദ്യം 600ന് മുകളിൽ വിലയുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 500നടുത്താണ് വില. മറ്റൊരു പ്രധാന കൃഷി കാപ്പിയാണ്.
മഴ തുടരുന്നത് വിളവെടുപ്പിനെയും സംസ്കരണത്തെയും മഴ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. പല സ്ഥലങ്ങളിലും ഇപ്പോൾതന്നെ കാപ്പി പഴുത്തുതുടങ്ങിയിട്ടുണ്ട്.
സാധാരണ ഗതിയിൽ ഡിസംബർ ആദ്യവാരത്തിലാണ് കാപ്പി വിളവെടുപ്പ് ആരംഭിക്കുന്നത്. മഴ ശക്തമായാൽ പഴുത്ത കാപ്പിക്കുരു അഴുകി കൊഴിഞ്ഞുവീഴും.
വിളവെടുപ്പിനു മുമ്പ് നല്ല വെയിൽ കിട്ടേണ്ടത് ആവശ്യമാണ്. കാപ്പി ഒരുമിച്ച് പഴുക്കാനും തോട്ടങ്ങൾ വിളവെടുപ്പിനു മുമ്പ് വൃത്തിയാക്കാനും മഴ തടസ്സമാകും. മെച്ചപ്പെട്ട വില ലഭിക്കുന്നുണ്ടെങ്കിലും കാലാവസ്ഥ വലിയ പ്രതിസന്ധി ഉണ്ടാക്കുന്നു. പച്ചക്കറി കൃഷിയെയും കാലാവസ്ഥ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.