അടിമാലി: ഡിസംബർ 22 മുതൽ 31 വരെ രാജാക്കാട് ഗവ.ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടത്തുന്ന രാജാക്കാട് ഫെസ്റ്റ് 2023 ന്റെ ഭാഗമായി ഫെസ്റ്റ് കമ്മിറ്റി ഓഫിസിന്റെയും സമ്മാന കൂപ്പൺ വിതരണത്തിന്റെയും ഉദ്ഘാടനവും ലോഗോ പ്രകാശനവും വിളംബരരറാലിയും നടത്തി.
നീണ്ട ഇടവേളക്ക് ശേഷമാണ് ആകർഷണീയമായ പരിപാടികളോടെ രാജാക്കാട് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഗ്രാമ പഞ്ചായത്ത്, മതസൗഹാർദ്ദ കൂട്ടായ്മ, മർച്ചന്റ്സ് അസോസിയേഷൻ, രാഷ്ട്രീയ സംഘടനകൾ, ട്രേഡ് യൂണിയനുകൾ, വിവിധ ക്ലബ്ബുകൾ, കുടുംബശ്രീ സി.ഡി.എസ്, സ്വയം സഹായ സംഘങ്ങൾ, പ്രസ് ക്ലബ്ബ്, വിവിധ സ്ഥാപനങ്ങൾ എന്നിവയുടെ നേതൃത്വത്തിലാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഫെസ്റ്റിന്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങളിൽ നിന്നും സാധനങ്ങൾ വാങ്ങുന്നവർക്ക് കൂപ്പണുകൾ നൽകി ഫെസ്റ്റിന്റെ എല്ലാ ദിവസവും വൈകിട്ട് നറുക്കിട്ട് സമ്മാനങ്ങൾ നൽകും.
സമാപന ദിവസം ബംബർ സമ്മാനങ്ങളും നൽകും. പഞ്ചായത്ത് ഓഫിസ് റോഡിലെ കൊല്ലപ്പിള്ളിൽ ബിൽഡിംഗിൽ ഫെസ്റ്റ് കമ്മിറ്റിയുടെ സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനം നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.റ്റി കുഞ്ഞ് നിർവ്വഹിച്ചു.
ഫെസ്റ്റ് കമ്മിറ്റി ചെയർപേഴ്സൺ എം.എസ് സതി അധ്യക്ഷത വഹിച്ചു. കൺവീനർ വി.എസ് ബിജു സ്വാഗതം പറഞ്ഞു. മതസൗഹാർദ്ദ കൂട്ടായ്മ ചെയർമാൻ എം.ബി ശ്രീകുമാർ ലോഗോ പ്രകാശനം നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഉഷാകുമാരി മോഹൻകുമാർ, ഫെസ്റ്റ് കമ്മിറ്റി രക്ഷാധികാരി ആർ. ബാലൻപിള്ള എന്നിവർ ചേർന്ന് റൂറൽ ബാങ്ക് പ്രസിഡന്റ് കെ.ആർ നാരായണന് നൽകി കൂപ്പൺ വിതരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
വൈസ് പ്രസിഡന്റ് വീണ അനൂപ് നന്ദി പറഞ്ഞു. പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ പ്രിൻസ് തോമസ്, കൺവീനർ സി.ഡി സുരേഷ് എന്നിവർ സംസാരിച്ചു. തുടർന്ന് രാജാക്കാട് ടൗൺ ചുറ്റി വിളംബര റാലിയും നടത്തി.
ഹെലികോപ്ടർ സവാരി, കുതിര സവാരി, സമീപത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ കള്ളിമാലി, കനകക്കുന്ന് വ്യൂ പോയന്റുകൾ, ശ്രീനാരായണപുരം റിപ്പിൾ വാട്ടർ ഫാൾസ്, പൊന്മുടി ടൂറിസം കേന്ദ്രം എന്നിവ സന്ദർശിക്കാനുള്ള അവസരവും കാർണിവൽ, അമ്യൂസ്മെന്റ് പാർക്ക്, വിവിധതരം എക്സിബിഷനുകൾ, സ്റ്റാളുകൾ, ചലച്ചിത്ര താരങ്ങൾ അടക്കമുള്ളവരുടെ വിവിധ കലാപരിപാടികൾ, മാജിക് ഷോ എന്നിവയും സംഘടിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.