അടിമാലി: താമസത്തിനായി വീടുകൾ നിർമിക്കാൻ എടുക്കുന്ന അനുമതിയുടെ മറവിൽ ഹോം സ്റ്റേകളും റിസോർട്ടുകളും വ്യാപകമായി നിർമിക്കുന്നതായി പരാതി. ദേവികുളം താലൂക്കിൽ കുഞ്ചിത്തണ്ണി, പള്ളിവാസൽ, ബൈസൺവാലി വില്ലേജുകളിലാണ് അനധികൃത നിർമാണം വ്യാപകമായി നടക്കുന്നത്. എൽ.എ പട്ടയങ്ങളിൽ വാണിജ്യപരമായ നിർമാണങ്ങൾക്ക് നിരോധനമുണ്ട്. ഇത്തരം പട്ടയങ്ങളിൽ താമസിക്കാൻ വീടുവെക്കാനെന്ന പേരിൽ പഞ്ചായത്തിൽനിന്ന് അനുമതി വാങ്ങി മൂന്നും നാലും നിലകളിൽ ആഡംബര കെട്ടിടങ്ങൾ നിർമിച്ചശേഷം ഇവ വിനോദസഞ്ചാരികൾക്ക് വാടകക്ക് നൽകുകയാണ്. കുഞ്ചിത്തണ്ണി വില്ലേജിൽപെട്ട ആനച്ചാൽ, മുതുവാൻകുടി, ഈട്ടിസിറ്റി മേഖലയിലും പള്ളിവാസൽ വില്ലേജിലെ പോതമേട്, ഡോപിപ്പാലം, ചിത്തിരപുരം, ആറ്റുകാട്, പുലിപ്പാറ, രണ്ടാം മൈൽ, പള്ളിവാസൽ മേഖലകളിലും ബൈസൺവാലി വില്ലേജിലെ ഒറ്റമരം, മൂന്നാർ ലക്ഷ്മി എന്നിവിടങ്ങളിലുമാണ് വൻതോതിൽ നിർമാണം നടക്കുന്നത്.
90 ഡിഗ്രിയിലേറെ ചരിവുള്ള മലകൾ അരിഞ്ഞിറക്കി പരിസ്ഥിതിയെ തകർത്തും മറ്റും നടക്കുന്ന നിർമാണത്തിന് വിവിധ രാഷ്ട്രീയ പാർട്ടികളും തദ്ദേശ സ്ഥാപനങ്ങളും റവന്യൂ വകുപ്പും ഒത്താശ ചെയ്യുന്നു. രണ്ടു വർഷത്തിനിടെ പഞ്ചായത്തുകളിൽ നിന്നെടുത്ത എൻ.ഒ.സികളുടെ കണക്കെടുത്താൽ എത്രത്തോളം നിയമവിരുദ്ധ പ്രവർത്തനം നടത്തുന്നുവെന്ന് വ്യക്തമാകും. പള്ളിവാസൽ പഞ്ചായത്തിൽ സർക്കാർ ഭൂമി കൈയേറി നിർമാണം നടത്തിയതിന് സ്റ്റോപ് മെമ്മോ ലഭിച്ച കെട്ടിടങ്ങൾവരെ നിർമാണം പൂർത്തിയാക്കിയിട്ടുണ്ട്. ഏലപ്പട്ടയങ്ങളിലും ഇത്തരത്തിൽ വനം നശിപ്പിച്ചും പാറഖനനം ചെയ്തും പുതിയ നിർമാണങ്ങൾ നടക്കുന്നുണ്ട്. ബൈസൺവാലി ചൊക്രമുടിയിൽ നടത്തിയതിന് സമാനമായ കൈയേറ്റങ്ങൾ പലയിടത്തും നടക്കുന്നു. എന്നാൽ, റവന്യൂ വകുപ്പ് ഒരു അന്വേഷണവും ഇതുവരെ നടത്തിയിട്ടില്ല. കല്ലാർ, കുരിശുപാറ മേഖലയിലും വ്യാപകമായി സർക്കാർ ഭൂമി കൈയേറുന്നു. ഏലപ്പട്ടയങ്ങൾ തുണ്ട് തുണ്ടാക്കി മുറിച്ചു വിൽപനയും വ്യാപകമായി നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.