അടിമാലി: ലഹരി മാഫിയക്കെതിരെ നടപടിയുമായി എക്സൈസ് വകുപ്പ്. തിങ്കളാഴ്ച നടന്ന റെയ്ഡിൽ 25 ലിറ്റർ വാറ്റ് ചാരായവും 400 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളുമായി ഒരാളെ പിടികൂടി. കണ്ണാടിപ്പാറ കുന്നേൽ അരുൺ രാജപ്പനാണ് (കണ്ണൻ -38) പിടിയിലായത്. അടിമാലി നാർകോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ഓഫിസർ എൻ.കെ. ദിലീപും സംഘവും കൊന്നത്തടി പാറത്തോട് നടത്തിയ റെയ്ഡിലാണ് ഇയാളെ പിടികൂടിയത്. ചാരായവും വാറ്റുപകരണങ്ങളും ഇയാളുടെ വീടിന് സമീപത്തുനിന്നാണ് എക്സൈസ് കണ്ടെടുത്തത്.
കമ്പിളികണ്ടം, പാറത്തോട് ഭാഗങ്ങളിൽ വിൽപനക്കായി തയാറാക്കിയതാണ് ചാരായം. പ്രതിയെയും തൊണ്ടിമുതലും തങ്കമണി എക്സൈസ് റേഞ്ച് ഓഫിസിലേക്ക് കൈമാറി. സിവിൽ എക്സൈസ് ഓഫിസർമാരായ കെ.എം. സുരേഷ്, വി. പ്രശാന്ത്, അബ്ദുൽ ലത്തീഫ്, ധനീഷ് പുഷ്പചന്ദ്രൻ എന്നിവരും റെയിഡിൽ പങ്കെടുത്തു. ജില്ലയുടെ പലഭാഗത്തും വ്യാജ മദ്യ- ലഹരിമാഫിയ തഴച്ചുവളരുന്നതായി ‘മാധ്യമം’ തിങ്കളാഴ്ച വാർത്ത നൽകിയിരുന്നു. തുടർന്ന് ഇടുക്കി അസി. എക്സൈസ് കമീഷണറുടെ നിർദേശപ്രകാരം വിവിധ ഭാഗങ്ങളിൽ നടന്ന പരിശോധനയിലാണ് ചാരായം പിടികൂടിയത്. ഈ വർഷത്തെ ഏറ്റവും വലിയ ചാരായവേട്ടയാണിത്.
ചിലയിടങ്ങളിൽ കുടിൽവ്യവസായം പോലെ ചാരായവാറ്റ് നടക്കുന്നുണ്ട്. പലയിടത്തും ഉദ്യോഗസ്ഥ പിന്തുണയുമുണ്ട്. ചാരായ- കഞ്ചാവ് വിൽപനക്ക് പുറമെ മാരക ലഹരിമരുന്നായ എം.ഡി.എം.എ ഉൾപ്പെടെ ഉള്ളവയും വിദേശമദ്യവും പലയിടത്തും സുലഭമാണ്. വിനോദസഞ്ചാരികൾക്കിടയിലും കൗമാരക്കാരുടെ ഇടയിലുമാണ് എം.ഡി.എം.എ പോലുള്ള ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നത്. ഒരുമാസത്തിനിടെ ജില്ലയിൽ നാലിടങ്ങളിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി കേസെടുത്തു. രണ്ടുദിവസം മുമ്പ് 1.3 കിലോ ഉണക്ക കഞ്ചാവും പിടികൂടി.
ബിവറേജസ് ഷോപ്പുകളിൽനിന്ന് മദ്യം വാങ്ങി ചില്ലറ വിൽപന നടത്തുന്ന സംഘങ്ങളും ധാരാളമുണ്ട്. ഇതര സംസ്ഥാനങ്ങളില്‍നിന്നും മദ്യം എത്തിച്ച് വില്പന നടത്തുന്ന സംഘങ്ങളും സജീവമാണ്. എക്സൈസ്- പൊലീസ് വകുപ്പുകൾ ഉണര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ മാഫിയക്കെതിരെ ശക്തമായ നടപടിക്ക് കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.