അടിമാലി: ഡോക്ടർമാർ ഇല്ലാതെ ഒ.പി മുടങ്ങിയ മാങ്കുളം കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇനി ഒ.പി മുടങ്ങില്ല. ജില്ല കലക്ടർ ഷീബ ജോർജ് ഇടപെട്ട് ആശുപത്രിയിൽ രണ്ട് ഡോക്ടർമാർക്ക് ചുമതല നൽകിയതോടെയാണ് തിങ്കളാഴ്ച മുതൽ ആശുപത്രി സുമഗമായി പ്രവർത്തിക്കാൻ നടപടിയായത്. വെള്ളിയാഴ്ച ഡോക്ടർമാർ ഇല്ലാത്തതിനാൽ ഒ.പി മുടങ്ങിയത് മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട കലക്ടർ ഡി.എം.ഒയെ വിളിച്ചുവരുത്തി മാങ്കുളത്തെ ഡോക്ടർക്ക് അധികമായി കല്ലാർ പി.എച്ച്.സിയിൽ നൽകിയ ഡ്യൂട്ടി ഒഴിവാക്കിനൽകുകയും കല്ലാർ പി.എച്ച്.സിയിൽ പുതിയ ഡോക്ടറെ നിയമിക്കുകയും ചെയ്തു.
ഡോക്ടർമാർ ഇല്ലാത്തതിനാൽ ആദിവാസികൾ അടക്കം രോഗികൾ ചികിത്സകിട്ടാതെ മടങ്ങിയിരുന്നു. രണ്ടുമാസം മുമ്പ് കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയ ആശുപത്രിയാണ് ഡോക്ടർമാർ ഇല്ലാതെ അടച്ചിടേണ്ടിവന്നത്. താൽക്കാലികരായ രണ്ടു ഡോക്ടർമാരാണ് ഈ ആശുപത്രിയിലുള്ളത്. ഇതിൽ ഒരാൾക്ക് ആഴ്ചയിൽ മൂന്നുദിവസം കല്ലാർ പി.എച്ച്.സിയിൽ പോകണം. ഒരാൾക്ക് മെഡിക്കൽ ക്യാമ്പ് , പൊതുജനാരോഗ്യ പ്രവർത്തനം മുതലായവയിലേക്കും മാറണം. ഇതോടെ ഒ.പി നോക്കാൻ പറ്റാത്ത സാഹചര്യമാണ് ഇവിടെ നിലനിൽക്കുന്നത്. വെള്ളിയാഴ്ച രാവിലെ തന്നെ ഇവിടത്തെ ഡോക്ടർമാർ പോയതോടെ ജീവനക്കാർ ആശുപത്രി തുറന്നതുമില്ല.
മാങ്കുളം പഞ്ചായത്തിൽ 13 ആദിവാസി സങ്കേതങ്ങളും അടിമാലി പഞ്ചായത്തിലെ കുറത്തികുടി ആദിവാസി കോളനിയിൽ ഉള്ളവരും ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലെ മൂന്ന് വാർഡുകളിലെ ആദിവാസികളും മാങ്കുളം കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിയാണ് ചികിത്സ തേടുന്നത്.
10 മുതൽ 40 കിലോമീറ്റർ സഞ്ചരിച്ചുവേണം മാങ്കുളത്തെ ആശുപത്രിയിൽ എത്താൻ. ഇവിടെ ഡോക്ടർ ഇല്ലെങ്കിൽ 50 കിലോമീറ്റർ അകലെ അടിമാലിയിൽ എത്തണം. ആശുപത്രി അടച്ചത് പ്രതിഷേധത്തിന് കാരണമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.