അടിമാലി: കൊച്ചി-ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലം മുതൽ വാളറ വരെയുള്ള 15 കിലോമീറ്റർ വനപാതയിൽ ഇനി 259 മരങ്ങൾ അപകടാവസ്ഥയിൽ ഉണ്ടെന്ന് വനംവകുപ്പിന്റെ കണക്ക്. മരങ്ങൾ വീഴുന്നത് വാഹന യാത്രക്കാർക്ക് ഭീഷണിയാണെന്ന നേര്യമംഗലം റേഞ്ച് ഓഫിസറുടെ റിപ്പോർട്ട് പ്രകാരം കലക്ടർ മുമ്പ് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിരുന്നു.
ഇത് പിൻവലിച്ച് കലക്ടർ ഇറക്കിയ റിപ്പോർട്ടിൽ 15 ദിവസത്തിനകം ഈ ഭാഗത്ത് അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ മുഴുവൻ മുറിച്ചു മാറ്റാനും അല്ലാത്ത പക്ഷം അതിന്റെ ഉത്തരവാദി മൂന്നാർ ഡി.എഫ്.ഒ ആയിരിക്കുമെന്നും കലക്ടർ ഉത്തരവ് ഇറക്കിയിരുന്നു. തുടർന്നാണ് വിശദമായ പരിശോധന നടത്തിയത്.
വെള്ളിയാഴ്ചയും ഈ പാതയിൽ മരം വീണിരുന്നു. ഇവ മുറിക്കണമെങ്കിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ അനുമതി വേണമെന്നും ഡിവിഷനൽ ഫോറസ്റ്റ് ഓഫിസറുടെ വിവരാവകാശ മറുപടിയിൽ വ്യക്തമാക്കുന്നു.
റോഡരികിലെ പല മരങ്ങളും വേരിൽനിന്ന് വേർപെട്ട് ചെറിയ കാറ്റിൽപോലും വീഴാവുന്ന അവസ്ഥയിലാണ്. ഈ സാഹചര്യത്തിൽ റോഡരികിലെ അപകടം വരുത്താവുന്ന മരങ്ങൾ മുറിച്ചുമാറ്റാൻ നടപടി വേണമെന്ന ആവശ്യം ശക്തമാണ്. വിവരാവകാശ പ്രവർത്തകൻ അലിക്ക് നൽകിയ മറുപടിയിലാണ് ഡി.എഫ്.ഒ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങളുടെ കണക്ക് പുറത്ത് വ്യക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.