അടിമാലി: കോവിഡും ലോക്ഡൗണും കാരണം ചേരാതിരുന്ന ഗ്രാമസഭകള്‍, നിയന്ത്രണങ്ങളില്‍ ഇളവുവന്നിട്ടും വിളിച്ചുചേര്‍ക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ തയാറാകുന്നില്ല. ഇതോടെ ദാരിദ്ര്യരേഖക്ക് താഴെയുള്ളവരെ കണ്ടെത്തുന്നതിലടക്കം പക്ഷഭേദവും ക്രമക്കേടും നടക്കുന്നതായി വ്യാപക ആക്ഷേപം.
ലിസ്റ്റുകളില്‍ പഞ്ചായത്ത് അംഗങ്ങളുടെയും ജീവനക്കാരുടെയും ഇടപെടല്‍ അര്‍ഹരായവര്‍ തഴയപ്പെടാന്‍ ഇടയാക്കുന്നതായും ആരോപണമുണ്ട്. നാട്ടില്‍ നടപ്പാക്കേണ്ട വിവിധ പദ്ധതികളുടെ ആസൂത്രണം, മുന്‍ഗണന നിശ്ചയിക്കല്‍, ഗുണഭോക്താക്കളുടെ അര്‍ഹത പരിശോധനയും െതരഞ്ഞെടുപ്പും തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് ഗ്രാമസഭകളാണ്. മുന്‍ വര്‍ഷങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലിനും സോഷ്യല്‍ ഓഡിറ്റിനും വരെ ജനങ്ങള്‍ക്ക് ലഭിച്ചിരുന്ന അവസരമാണ് ചേരാതായതോടെ നഷ്ടപ്പെട്ടത്. കോവിഡ് കാലത്ത് നിരവധി വ്യക്തിഗത അനുകൂല്യ പദ്ധതികൾ നടപ്പാക്കിയപ്പോള്‍ ലഭ്യമായതില്‍ കൂടുതലും ത്രിതല പഞ്ചായത്തുകളിലെ ജനപ്രതിനിധികളുടെ ഇഷ്ടക്കാര്‍ക്ക് മാത്രമാണെന്ന് ആരോപണമുയർന്നിരുന്നു. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും മൂന്നുമാസത്തില്‍ ഒരിക്കലെങ്കിലും ഗ്രാമസഭകള്‍ ചേരണമെന്നായിരുന്നു നേരത്തേയുള്ള വ്യവസ്ഥ. തുടര്‍ച്ചയായി മൂന്നു ഗ്രാമസഭകള്‍ വിളിച്ചുചേര്ക്കാതിരിന്നാല് അംഗം അയോഗ്യനാകുമെന്നും പഞ്ചായത്തീരാജ് നിയമത്തില്‍ പറയുന്നു. മൂന്നു മാസത്തിലൊരിക്കല്‍ എന്നത് പിന്നീട് ആറുമാസത്തില്‍ ഒരിക്കല്‍ എന്ന തരത്തില്‍ ഭേദഗതി ചെയ്തു. ഇതും പാലിക്കപ്പെടാത്ത സ്ഥിതിയാണ്. യോഗം വിളിക്കുന്നതിനുള്ള ചുമതല ഗ്രാമസഭ കണ്‍വീനറായ വാര്‍ഡ് അംഗത്തിനാണ്. കോവിഡ് സാഹചര്യത്തില്‍ ഗ്രാമസഭകള്‍ നടക്കാതിരുന്ന നാളുകളില്‍ എടുത്ത തീരുമാനങ്ങള്‍ പിന്നീടു ചേരുേമ്പാൾ അവതരിപ്പിച്ച് അംഗീകാരം വാങ്ങണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.
രണ്ടു വര്‍ഷത്തിനിടെ ഒരു ഗ്രാമസഭപോലും ചേരാത്ത വാര്‍ഡുകളാണ് ജില്ലയില്‍ ബഹുഭൂരിപക്ഷവും. കോവിഡ് സഹായമെന്ന നിലയില്‍ അടിമാലി പഞ്ചായത്ത് നടപ്പാക്കിയ ആടുഗ്രാമം പദ്ധതിയടക്കം നഷ്ടപ്പെട്ടു. 25 ലക്ഷവുമായി കരാറുകാരന് മുങ്ങി. വിവിധ ആദിവാസി ക്ഷേമ പദ്ധതികളും അവതാളത്തിലായി. പാര്‍പ്പിട പദ്ധതിയും അട്ടിമറിക്കപ്പെട്ടു. കോവിഡ് സാഹചര്യത്തില്‍ ഓണ്‍ലൈനായി ഗ്രാമസഭകള്‍ ചേരുന്ന കാര്യം ആലോചിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ജില്ലയില്‍ ഒരു പഞ്ചായത്തുപോലും ഇത്തരത്തിലും ഗ്രാമസഭ ചേര്‍ന്നില്ല. വിവാഹം ഉള്‍പ്പെടെ ചടങ്ങുകളില്‍ 300 പേര്‍ക്കുവരെ പങ്കെടുക്കാമെന്ന തരത്തില്‍ സര്‍ക്കാര്‍ ഇളവുകള്‍ അനുവദിച്ചിട്ടും തദ്ദേശ സ്ഥാപനങ്ങള്‍ ഗ്രാമസഭകള്‍ വിളിക്കാൻ നടപടി തുടങ്ങാത്തതാണ് വ്യാപക വിമര്‍ശനത്തിന് ഇടയാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.