അടിമാലി: മുല്ലക്കാനത്ത് പ്രവർത്തിക്കുന്ന രാജാക്കാട് സി.എച്ച്.സിയുടെ ശോച്യാവസ്ഥ പരിഹരിക്കാൻ മാർഗങ്ങളില്ലേ എന്നാണ് നാട്ടുകാരുടെ ചോദ്യം. സാമൂഹികാരോഗ്യ കേന്ദ്രമായി ഉയർത്തി കെട്ടിടമടക്കം സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെങ്കിലും ഡോക്ടർമാരുടെയും മറ്റു ജീവനക്കാരുടെയും നിയമനം നടത്താത്തതിനാൽ രോഗികൾ വലയുകയാണ്.
വർഷങ്ങൾക്കുമുമ്പ് കിടത്തിച്ചികിത്സയും അടിമാലി താലൂക്ക് ആശുപത്രിയിൽനിന്ന് വിദഗ്ധ ഡോക്ടർമാരെ എത്തിച്ച് പോളിക്ലിനിക്കും നടത്തിയിരുന്നു. തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് അടക്കം വിവിധ ഏജൻസിയിൽനിന്ന് ഫണ്ട് വാങ്ങി കെട്ടിടങ്ങളും നിർമിച്ചു. മുമ്പ് എൻ.എച്ച്.എം അടക്കം നാല് ഡോക്ടർമാരുടെയും നഴ്സുമാരുടെയും സേവനം ലഭിച്ചിരുന്നു. അതോടെ കിടത്തിച്ചികിത്സയും നടത്തിയിരുന്നു. തുടർന്ന് ഡോക്ടർമാരുടെ കുറവുമൂലം കിടത്തിച്ചികിത്സ മുടങ്ങി.
രാവിലെ ഒമ്പതിന് ആരംഭിക്കുന്ന ഒ.പി വിഭാഗം ഉച്ചക്ക് രണ്ടിനാണ് അവസാനിക്കുന്നത്. നിരീക്ഷണത്തിലുള്ള രോഗികടെയും അപ്പോൾ പറഞ്ഞുവിടും. സാധാരണക്കാരായ കർഷകരും തോട്ടം തൊഴിലാളികളുമടങ്ങുന്ന മേഖലയിൽ 200ൽപരം രോഗികൾ ഇവിടെ ദിവസേന എത്തുന്നുണ്ട്.
ഡോക്ടറെക്കൂടാതെ ഒരു സ്റ്റാഫ് നഴ്സും ഒരു ഫാർമസിസ്റ്റും മാത്രമാണ് സ്റ്റാഫ് പാറ്റേണിലുള്ളത്. എം.എം. മണി മന്ത്രിയായിരിക്കുമ്പോൾ രാജാക്കാട് മതസൗഹാർദ വികസന കൂട്ടായ്മയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തെത്തി ആരോഗ്യ മന്ത്രിയെ നേരിൽ കണ്ട് 5000 പേർ ഒപ്പിട്ട നിവേദനം നൽകിയെങ്കിലും ഇതുവരെ സ്റ്റാഫ് പാറ്റേൺ പൂർത്തിയാക്കിയിട്ടില്ല.
നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് വേതനം നൽകി നിയമിച്ചിരിക്കുന്ന താൽക്കാലിക ജീവനക്കാരുള്ളതിനാലാണ് ചികിത്സ ഒരുവിധം ഭംഗിയായി മുന്നോട്ടുപോകുന്നത്. ഇവിടെ സേവനം ചെയ്തിരുന്ന നാഷനൽ ഹെൽത്ത് മിഷൻ ഡോക്ടറുടെ സേവനം രണ്ടാഴ്ചമുമ്പ് അവസാനിച്ചു.
നിലവിലുള്ള രണ്ട് ഡോക്ടർമാരിൽ ഒരാൾ തിരുവനന്തപുരത്ത് ട്രെയിനിങ്ങിന് പോയതിനാൽ ഒരു ഡോക്ടർ 200ലേറെ രോഗികളെ പരിശോധിക്കേണ്ട അവസ്ഥയാണ്. അടിയന്തരമായി സ്റ്റാഫ് പാറ്റേൺ പൂർത്തിയാക്കി ഹൈറേഞ്ചിലെ ജനങ്ങളുടെ ചികിത്സ ഉറപ്പാക്കാൻ നടപടി സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.