അടിമാലി: അർബുദ ബാധിതർക്ക് ജില്ലയില്‍ മതിയായ ചികിത്സ സംവിധാനമില്ലാത്തത് ദുരിതം വർധിപ്പിക്കുന്നു. രോഗനിര്‍ണയത്തിനും ചികിത്സക്കുമായി മറ്റ് ജില്ലകളിലോ ഇതര സംസ്ഥാനങ്ങളിലോ പോകേണ്ട അവസ്ഥയിലാണ് രോഗികള്‍. തൊടുപുഴ ജില്ല ആശുപത്രിയില്‍ മാത്രമാണ് അർബുദ പരിചരണമുള്ളത്. കീമോയും മറ്റ് സൗകര്യവുമുണ്ടെങ്കിലും സര്‍ജറിക്കോ ഗുരുതര രോഗികളെ പരിചരിക്കാനോ സംവിധാനമില്ല. ഇതോടെ കോട്ടയം, കളമശ്ശേരി മെഡിക്കല്‍ കോളജുകളെയോ തമിഴ്നാടിനെയോ ആശ്രയിക്കുകയാണ് ചെയ്യുന്നത്.
ആരോഗ്യവകുപ്പിന്റെ കണക്കുപ്രകാരം സര്‍ക്കാര്‍ ആശുപത്രികളില്‍ രണ്ടായിരത്തിലേറെ രോഗികളാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. സ്വകാര്യ ആശുപത്രികളിലെ കണക്കുകൂടി എടുത്താല്‍ മൂവായിരത്തിന് അടുത്ത് അർബുദ ബാധിതർ ജില്ലയിലുണ്ടെന്നാണ് വിവരം. മറയൂരില്‍നിന്ന് അർബുദത്തിന് ചികിത്സയുള്ള തൊടുപുഴയിലെത്താന്‍ 130 കിലോമീറ്റര്‍ സഞ്ചരിക്കണം. ഇവിടെ പ്രവേശനം ലഭിച്ചില്ലെങ്കില്‍ കോട്ടയത്ത് എത്തണമെങ്കില്‍ വീണ്ടും 60 കിലോമീറ്റര്‍ സഞ്ചരിക്കണം. ഇതോടെ രോഗിയും കൂടെയുള്ളവരും തളരുന്നു. ദീര്‍ഘദൂരയാത്ര ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടും ഉണ്ടാക്കുന്നു. ചികിത്സച്ചെലവിനൊപ്പം യാത്രക്കും ഭാരിച്ച തുക ചെലവിടേണ്ടിവരുന്നു. പോക്കുവരവിനുള്ള പ്രയാസം കാരണം നിരവധി പേര് വാടകക്ക് വീടുകളെടുത്ത് താമസിക്കുന്നവരുണ്ട്.
തോട്ടം മേഖലയിലും ആദിവാസി മേഖലയിലും അർബുദ ബാധിതരുടെ എണ്ണം കൂടുന്നതായാണ് കണക്ക്. അമിതമായ കീടനാശിനിയുടെ ഉപയോഗമാണെങ്കില്‍ ആദിവാസി സമൂഹത്തിനിടയില്‍ മുറുക്കും പുകവലിയുമാണ് പ്രധാന വില്ലന്‍. ജനമൈത്രി എക്സൈസ് നേതൃത്വത്തില്‍ വർധിക്കുന്ന ലഹരി ഉപയോഗത്തിനിനെതിരെ ബോധവത്കരണ പരിപാടികള്‍ നടത്തുന്നുണ്ടെങ്കിലും കാര്യമായ വിജയം കാണുന്നില്ല. പൊതുജനാരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ അര്ബുദനിയന്ത്രണം ലക്ഷ്യമാക്കി അതിജീവനം പദ്ധതി നടപ്പാക്കിയെങ്കിലും വിജയിച്ചില്ല. സ്തനാര്‍ബുദം, ഗര്‍ഭാശയ അര്‍ബുദം, വായ്ക്കകത്തുള്ള അര്‍ബുദം എന്നിവ കണ്ടെത്താന്‍ ആദിവാസി കോളനികളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ നേരത്തേ നടത്തിയിരുന്നു. ഇതും മുടങ്ങി. മറ്റെല്ലാ രോഗങ്ങള്‍ക്കുമെന്നപോലെ കൃത്യമായ ചികിത്സയും പരിചരണവും ലഭിച്ചാല്‍ അര്‍ബുദത്തെ അതിജീവിക്കാം. ഗര്‍ഭാശയ, അണ്ഡാശയ അര്‍ബുദം നേരത്തേ കണ്ടെത്തിയാല്‍ എളുപ്പത്തില്‍ ചികിത്സിച്ച് മാറ്റാനാകും. ആരോഗ്യമേഖലയില്‍ കോടികളുടെ പദ്ധതികള്‍ നടപ്പാക്കുമ്പോഴും ജില്ലയില്‍ അര്‍ബുദ നിര്‍ണയത്തിനും ചികിത്സക്കും സ്ഥിരം സംവിധാനം എങ്ങുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.