അടിമാലി: മാലിന്യ സംസ്കരണത്തിന്റെ പേരിൽ അപ്രായോഗിക നിയമങ്ങൾ വ്യാപാരികളുടെ മേൽ അടിച്ചേൽപ്പിക്കുന്നു എന്നാരോപിച്ച് അടിമാലിയിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു.
പഞ്ചായത്ത് പ്രദേശങ്ങളിലും നഗരസഭാ പരിധിയിലുമുള്ള ടൗണുകളിൽ മാലിന്യനിർമാർജന ചുമതല നിർബന്ധിതമായി വ്യാപാരികളുടെ തലയിൽ കെട്ടി വെക്കുന്ന നടപടി തികച്ചും പ്രതിഷേധാർഹമാണെന്നും ടൗണുകളിൽ ഉണ്ടാകുന്ന മാലിന്യം നീക്കം ചെയ്യേണ്ട ചുമതല പഞ്ചായത്തുകൾക്കാണെന്നും വ്യാപാരികൾ പറഞ്ഞു.
മാലിന്യങ്ങൾ യഥാസമയം നീക്കം ചെയ്യുന്നതിൽ നിരുത്തരവാദപരമായ സമീപനം സ്വീകരിക്കുന്ന ഉദ്യോഗസ്ഥർക്ക് ശിക്ഷാ നടപടികൾ പോലും പഞ്ചായത്ത് രാജ് നിയമത്തിൽ പറയുന്നുണ്ട്. ജൈവം, അജൈവം, അപകടകരം എന്നിങ്ങനെ തരംതിരിച്ച് മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിന് മൂന്നുതരം ബിന്നുകൾ കടയ്ക്ക് വെളിയിൽ പൊതുജനങ്ങൾക്ക് കാണത്തക്കവിധം വെക്കണം എന്നും അതിൽ നിക്ഷേപിക്കുന്ന മാലിന്യങ്ങൾ തരംതിരിച്ച് വൃത്തിയാക്കി യൂസർ ഫീ നൽകി സംസ്കരിക്കണം എന്നുമാണ് നിഷ്കർഷിച്ചിരിക്കുന്നത്. യൂസർ ഫീ നൽകുന്നതിൽ വീഴ്ച വന്നാലോ പൊതുജനങ്ങൾ മാലിന്യങ്ങൾ പരിസരത്തു നിക്ഷേപിച്ചാലോ 10,000 മുതൽ 50,000 രൂപ വരെ പിഴ ഈടാക്കാനുള്ള അധികാരം പഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയിരിക്കുകയാണ്.
പല ചെറുകിട വ്യാപാര സ്ഥാപനങ്ങളിലും കാര്യമായ മാലിന്യങ്ങൾ ഇല്ലെന്നും ജൈവ മാലിന്യങ്ങളോ അപകടകരമായ മാലിന്യങ്ങളോ അപൂർവമാണെന്നും മൂന്ന് ബിന്നുകൾ സ്ഥാപിക്കാനും അവ നിരന്തരം നിരീക്ഷിക്കാനുമുള്ള സൗകര്യം മിക്ക ചെറുകിട വ്യാപാരസ്ഥാപനങ്ങൾക്കുമില്ലെന്നും ഇവർ പറയുന്നു.
നിയമം നടപ്പാക്കേണ്ട ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തം വ്യാപാരികളുടെ തലയിൽ കെട്ടിവെക്കുന്നതിനും മാലിന്യനിർമാർജനത്തിൽ പിഴവ് വരുത്തിയാൽ ഉദ്യോഗസ്ഥന് ലഭിക്കേണ്ട ശിക്ഷ വ്യാപാരികൾക്ക് നൽകുന്നതിനുമായി ഓർഡിനൻസ് ഇറക്കിയ സർക്കാർ നടപടി പിൻവലിക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു.
ഗ്രാമപഞ്ചായത്തുകളിലേക്കും മുനിസിപ്പാലിറ്റികളിലേക്കും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് മാർച്ചും ധർണയും നടത്തിയത്. അടിമാലിയിൽ നടന്ന മാർച്ചും ധർണയും വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് എം. ബേബി ഉദ്ഘാടനം ചെയ്തു.
മുൻ ജില്ലാ പ്രസിഡന്റ് കെ.എൻ. ദിവാകരൻ, വ്യാപാരി വ്യവസായ ഏകോപന സമിതി അംഗങ്ങളായ പി. സാന്റി കണ്ണാട്ട്, ഷിബു തെറ്റയിൽ, റെജി നളന്ദ, ടെന്നി തോമസ് എന്നിവർ സംസാരിച്ചു.
പീരുമേട്: വ്യാപാര സ്ഥാപനങ്ങളിലെ മാലിന്യപ്രശ്നത്തിന്റെ പേരിൽ വ്യാപാരികൾ പഞ്ചായത്ത് ഓഫിസിനു മുന്നിൽ ധർണ നടത്തി.
പീരുമേട്, പാമ്പനാർ, പള്ളിക്കുന്ന് തുടങ്ങിയ സ്ഥലങ്ങളിലെ കട ഉടമകളാണ് ധർണയിൽ പങ്കെടുത്തത്. ബ്ലോക്ക് പ്രസിഡന്റ് ടി.ജെ. മാത്യു ധർണ ഉദ്ഘാടനം ചെയ്തു. മനോഹരൻ അധ്യക്ഷത വഹിച്ചു.
ടൗണിൽ നിന്ന് പ്രകടനമായാണ് ഓഫിസ് പടിക്കൽ എത്തിയത്. വി. ചന്ദ്രശേഖരൻ, കുഞ്ഞുമോൻ ജോസഫ്, മനോജ്, ജിജോ എന്നിവർ സംസാരിച്ചു.
നെടുങ്കണ്ടം: മാലിന്യ സംസ്കരണത്തിന്റെ ഉത്തരവദിത്തം വ്യാപാരികളില്‍ അടിച്ചേല്‍പ്പിച്ച അന്യായ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നെടുങ്കണ്ടം മര്‍ച്ചന്റ്സ് അസോസിയേഷൻ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.
ധര്‍ണ മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് ആര്. സുരേഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിനോയി ജോസഫ് അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി ജെയിംസ് മാത്യു, എം.എസ് മഹേശ്വരന്, ഷിഹാബ് ഈട്ടിക്കല്‍, ലിയാക്കത്തലി, ദീപ തോമസ്, ജോയോ പി. ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.
മുട്ടം: മുട്ടം മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ മാലിന്യ സംസ്കരണ പ്രശ്നത്തിൽ മുട്ടം ഗ്രാമപഞ്ചായത്ത് ഓഫിസിനു മുന്നിൽ നടത്തിയ ധർണ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ട്രഷറർ ആർ. രമേശ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.എസ് രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈ. പ്രസിഡന്റ് ബിജി ചിറ്റാട്ടിൽ, കെ.എ പരീത്, ഉമാദേവി, മനു സി.കെ ഷെമീർ, വിജു സി ശങ്കർ, സുജി പുളിക്കൽ എന്നിവർ സംസാരിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി റെന്നി അലുങ്കൽ സ്വാഗതവും ട്രഷറർ ഷാജി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.