അടിമാലി: ഹരിതകർമ സേന വഴി ശേഖരിച്ച പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള പാഴ്വസ്തുക്കൾ തദ്ദേശ സ്ഥാപനങ്ങൾക്ക് ബാധ്യതയാകുന്നു. പല പഞ്ചായത്തും ഇവ എങ്ങനെ ഒഴിവാക്കുമെന്ന ആശങ്കയിലാണ്. ക്ലീൻ കേരള പഞ്ചായത്തുകളിൽനിന്ന് ഇവ കൊണ്ടുപോകുന്നുണ്ടെങ്കിലും ലഭ്യമാകുന്നതിന്റെ നാലിലൊരു ഭാഗംപോലും കൊണ്ടുപോകുന്നില്ല.
ആഴ്ചയിൽ അഞ്ച് ലോഡിലേറെ പ്ലാസ്റ്റിക് ശേഖരിക്കുന്ന അടിമാലി പഞ്ചായത്തിൽനിന്ന് മാസത്തിൽ രണ്ട് ലോഡ് മാത്രമാണ് ക്ലീൻ കേരള കൊണ്ടുപോകുന്നത്. ഇതോടെ അടിമാലി പഞ്ചായത്ത് ഓഫിസിനോട് ചേർന്ന് വൻതോതിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം കുന്നുകൂടി.
ജില്ലയിലെ പല പഞ്ചായത്തും പ്ലാസ്റ്റിക് റിസൈക്ലിങ് ഉൾപ്പെടെ നടന്നിരുന്നു. എന്നാൽ, പാരിസ്ഥിതിക പ്രശ്നങ്ങളെ തുടർന്ന് പ്ലാസ്റ്റിക് കത്തിക്കുന്നതും റിസൈക്ലിങ് നടത്തുന്നതും നിർത്തിവെച്ചു.
അടിമാലിയിൽ നല്ലയിനം പ്ലാസ്റ്റിക് റോഡ് ടാറിങ് ഉൾപ്പെടെ ഉപയോഗിച്ചിരുന്നു. മറ്റ് പഞ്ചായത്തുകളിൽനിന്നും പ്ലാസ്റ്റിക് ശേഖരിച്ച് വലിയ ലാഭം ഉണ്ടാക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇപ്പോൾ ഇവയെല്ലാം കെട്ടിക്കിടക്കുകയാണ്.
സംസ്ഥാനത്ത് ക്ലീൻ കേരള മാത്രമാണ് പ്ലാസ്റ്റിക് ശേഖരിക്കുന്നത്. 2000ഓളം തദ്ദേശ സ്ഥാപനങ്ങളിൽനിന്നും ഈ ഒരു ഏജൻസി മാത്രം പ്ലാസ്റ്റിക് ശേഖരിക്കുന്നതാണ് പ്രശ്നങ്ങൾക്ക് കാരണം. ഇതിന് പരിഹാരം കാണാൻ കൂടുതൽ ഏജൻസികൾക്ക് പ്ലാസ്റ്റിക് ശേഖരിക്കാൻ ടെൻഡർ നൽകണം. വീടുകളിൽനിന്നും നിർബന്ധമായി 50 രൂപ ഫീസ് വാങ്ങി പ്ലാസ്റ്റിക് ശേഖരിക്കുന്ന പദ്ധതി നടപ്പാക്കിയതോടെ ഹരിതകർമ സേനക്ക് പ്ലാസ്റ്റിക് ശേഖരിക്കാതെ നിർവാഹമില്ലാതായി.
ചില പഞ്ചായത്തിൽ ഹരിതകർമ സേന പ്രവർത്തകർ വീടുകളിൽനിന്ന് ഫീസ് വാങ്ങി ശേഖരിച്ച പാഴ്വസ്തുക്കൾ വഴിയിൽ കൂട്ടിയിട്ടിരിക്കുകയാണ്. ചിലയിടങ്ങളിൽ ചാക്കുകളിലാക്കി കൂട്ടിയിട്ടിരിക്കുന്നു.
പഞ്ചായത്തുകളുടെ വാഹനം വന്ന് കൊണ്ടുപോകുമെന്ന് പറഞ്ഞാണ് ഇവ കൂട്ടിയിട്ടിട്ടുള്ളത്. ഹരിതകർമ സേന എല്ലാ മാസവും വീടുകളിലെത്തി ആദ്യംതന്നെ ഫീസ് വാങ്ങുകയാണ് ചെയ്യുന്നത്. പാഴ്വസ്തുക്കളില്ലാത്ത വീട്ടുകാരും എല്ലാ മാസവും 50 രൂപ നൽകേണ്ടിവരുന്നുണ്ട്. ഫീസ് നൽകാത്തവർക്ക് പിഴയോടുകൂടി കെട്ടിട നികുതിയിൽനിന്ന് ഈ തുക ഈടാക്കാനും സേവനങ്ങൾ തടയാനും സർക്കാർ ഉത്തരവുള്ളതിനാൽ എല്ലാവരും ഫീസ് നൽകാൻ നിര്‍ബന്ധിതരാകുന്നു.
പക്ഷേ, ഫീസ് നൽകിയിട്ടും പാഴ്വസ്തുക്കൾ കൃത്യമായി കൊണ്ടുപോകുന്നില്ലെന്ന് പരക്കെ പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.