പ്രതീകാത്മക ചിത്രം

കാട്ടാന ആക്രമണം: ശാന്തൻപാറയിൽ ആറുമാസത്തിൽ മൂന്ന് മരണം

അടിമാലി: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കാട്ടാന ആക്രമണം പതിവായതോടെ തോട്ടംമേഖല ഭീതിയിൽ. ആറുമാസത്തിനിടെ മൂന്ന് പേരാണ് ശാന്തന്‍പാറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മാത്രം കൊല്ലപ്പെട്ടത്. ബുധനാഴ്ച പുലര്‍ച്ച സൂര്യനെല്ലി സിങ്കുകണ്ടം സ്വദേശി ബാബു കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതാണ് അവസാനത്തെ സംഭവം.

രണ്ടുമാസം മുമ്പ് തേനിയില്‍നിന്ന് ബൈക്കില്‍ മൂന്നാറിലേക്കുവന്ന യുവാവിനെയും ശാന്തന്‍പാറ കോരംപാറയില്‍ തോട്ടം തൊഴിലാളി സ്ത്രീയേയും കാട്ടാന കൊലപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം തേയിലയുമായി വന്ന ട്രാക്ടറും അതിന് മുമ്പ് തേനിയില്‍നിന്ന് വന്ന കെ.എസ്.ആര്‍.ടി.സി ബസും കാട്ടാനക്കൂട്ടം ആക്രമിച്ചു.

കാട്ടാനകൾ ജീവനും സ്വത്തിനും കടുത്ത ഭീഷണി ഉയർത്തുമ്പോഴും വനംവകുപ്പ് ഇവയെ നിയന്ത്രിക്കാന്‍ കാര്യമായ നടപടി സ്വീകരിക്കാത്തത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍ നഷ്ടപ്പെടുന്ന മനുഷ്യജീവനും പരിക്കുകള്‍ക്കും കൃഷിനാശത്തിനും മാന്യമായ നഷ്ടപരിഹാരം പോലും കിട്ടുന്നില്ല. ഇതുമൂലം വനമേഖലയോടുചേര്‍ന്ന പ്രദേശങ്ങളില്‍ കൃഷിചെയ്യാന്‍ കഴിയാത്ത സാഹചര്യമാണ്.

ആവാസ വ്യവസ്ഥയിലുണ്ടാകുന്ന വ്യതിയാനമാണ് ഇവയെ നാട്ടിലിറങ്ങാന്‍ പ്രേരിപ്പിക്കുന്നത്. വനത്തില്‍ ആഹാരം, കുടിവെള്ളം എന്നിവയുടെ ലഭ്യതക്കുറവ്, വേട്ടക്കാരുടെ സാന്നിധ്യം എന്നിവയും കാട്ടാനകള്‍ നാട്ടിന്‍പുറങ്ങളിലേക്കിറങ്ങാൻ കാരണമാകുന്നു. ചിന്നക്കനാല്‍, ശാന്തന്‍പാറ, ദേവികുളം, മൂന്നാര്‍, മാങ്കുളം, ഇടമലകുടി, വട്ടവട, മറയൂര്‍, അടിമാലി പഞ്ചായത്തുകളിലാണ് കാട്ടാനശല്യം അതിരൂക്ഷം. ശാന്തൻപാറ, ചിന്നക്കനാല്‍, മാട്ടുപ്പെട്ടി, മൂന്നാര്‍ എന്നിവിടങ്ങളിൽ റേഷന്‍കട ഉള്‍പ്പെടെ 23 വ്യാപാര സ്ഥാപനങ്ങളും 50നടുത്ത് വീടുകളും 10 വാഹനങ്ങളും കാട്ടാനകള്‍ ഇതിനകം നശിപ്പിച്ചു. ഇതിന് പുറമെ പുലി, കടുവ തുടങ്ങിയ വളര്‍ത്ത് മൃഗങ്ങളെ വ്യാപകമായി കൊന്നൊടുക്കുന്നു. കാട്ടുപോത്ത്, പന്നി, കുരങ്ങ് തുടങ്ങിയ വന്യമൃഗങ്ങള്‍ കാര്‍ഷിക മേഖലക്ക് ഉണ്ടാക്കുന്ന നാശവും വലുതാണ്.

Tags:    
News Summary - Wild elephant attack: Three killed in six months at Shantanpara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.