അടിമാലി: റോഡുകളിൽ വന്യമൃഗങ്ങളുടെ സഞ്ചാരത്തിന് സുരക്ഷിത മാർഗമൊരുക്കുന്നതിനുള്ള വനം വകുപ്പിന്റെ വൈൽഡ് ലൈഫ് ക്രോസിങ് പദ്ധതി എങ്ങുമെത്തിയില്ല . കഴിഞ്ഞ ദിവസം കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ ചൂണ്ടലിന് സമീപം ആനയുടെ ദേഹത്ത് കാര്‍ ഇടിക്കുകയും കാര്‍ യാത്രികന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
വന്യമൃഗങ്ങള്‍ റോഡിലിറങ്ങുന്നത് തടയാന്‍ നിലവില്‍ സംവിധാനങ്ങളൊന്നുമില്ല. കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ സംസ്ഥാനത്തെ ആദ്യത്തെ വൈൽഡ് ലൈഫ് ക്രോസിങ് സൗകര്യമൊരുക്കാനുള്ള നീക്കം ഒരു വര്‍ഷത്തിലധികമായി ഫയലിലുറങ്ങുകയാണ്. മൂന്നാര്‍ മുതല്‍ ബോഡിമെട്ട് വരെയുള്ള 40 കിലോമീറ്റര്‍ റോഡ് നിര്‍മിക്കുമ്പോള്‍ വന്യമൃഗങ്ങള്‍ക്ക് റോഡ് മുറിച്ചു കടക്കാന്‍ രണ്ട് അനിമല്‍ ബ്രിഡ്ജ് (മൃഗപാലങ്ങള്) നിര്‍മിക്കുന്നതിനുള്ള പദ്ധതിയാണ് അധികൃതരുടെ അനാസ്ഥ മൂലം മുടങ്ങിയത്.
പദ്ധതിക്ക് ദേശീയപാത വിഭാഗം അനുമതി നല്‍കിയിരുന്നു. ദേവികുളം ഗ്യാപ് റോഡിന് സമീപം വരയാടുകള്‍ക്ക് റോഡ് മുറിച്ചു കടക്കാന്‍ നാലു മീറ്റര്‍ വീതിയില്‍ മേല്പാലവും തോണ്ടിമല ചൂണ്ടലിന് സമീപം കാട്ടാനകള്‍ക്കായി റോഡിന് താഴ് ഭാഗത്ത് കൂടി ഒരു ഇടനാഴിയും (അണ്ടര്‍ പാസേജ്) നിര്‍മിക്കാനായിരുന്നു തീരുമാനം. ഇത് കൂടാതെ കാട്ടാനകള്‍ക്ക് റോഡ് മുറിച്ച് കടക്കുന്നതിനായി 48 റാമ്പുകളും (ചെരിഞ്ഞ പ്രതലത്തോട് കൂടിയ വഴി) നിര്‍മിക്കാന്‍ തീരുമാനിച്ചിരുന്നു. രണ്ട് അനിമല്‍ ബ്രിഡ്ജസുകള്ക്കായി 2.95 കോടി രൂപ നിര്‍മാണ ചെലവ് വരുമെന്നായിരുന്നു വനം വകുപ്പിന്റെ നിഗമനം.
ഭൂമി ഏറ്റെടുത്തതിന്റെ നഷ്ടപരിഹാരം, അനിമല്‍ ബ്രിഡ്ജസ്, റാംപുകള്‍ എന്നിവയുടെ നിര്‍മാണ ചെലവ് എന്നിവയ്ക്കായി ഒരു വര്‍ഷം മുമ്പ് 7 കോടി രൂപ വനം വകുപ്പിന് നല്‍കിയെന്ന് ദേശീയപാത വിഭാഗം അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍, ദേശീയപാതയുടെ നിര്‍മാണം പൂര്‍ത്തിയായിട്ടും മൃഗ പാലങ്ങളുടെ നിര്‍മാണം തുടങ്ങിയില്ല. അനിമല്‍ ബ്രിഡ്ജസ് നിര്‍മിക്കാനുള്ള സാങ്കേതിക പരിജ്ഞാനമോ ഇതിനുള്ള സംവിധാനങ്ങളോ വനം വകുപ്പിന് ഇല്ലാത്തതിനാല്‍ ദേശീയപാത വിഭാഗമാണ് ഇത് നിര്‍മിക്കേണ്ടതെന്നും ദേശീയപാത വിഭാഗം നല്കിയ പണം തിരിച്ചു നല്‍കാനാണ് വനം വകുപ്പിന്റെ തീരുമാനമെന്നും എ.സി.എഫ് സാന്‍ട്രി ടോം പറഞ്ഞു. എന്നാല്‍, വനം വകുപ്പിന് മുന്‍കൂറായി കൈമാറിയ പണം തിരിച്ചേല്പിക്കാന് സാങ്കേതിക തടസ്സങ്ങളുണ്ടെന്നാണ് ദേശീയപാത വിഭാഗം ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.