കുടയത്തൂർ: മലങ്കര ജലാശയ തീരത്തെ വനവൽക്കരണത്തിനെതിരെ സമർപ്പിച്ച അപേക്ഷകൾ നിരസിച്ചവർക്ക് അപ്പീൽ സമർപ്പിക്കാനുള്ള അവസാന ദിവസം വെള്ളിയാഴ്ച. 165 അപേക്ഷകളിൽ 108 എണ്ണത്തിന് അംഗീകാരം നൽകുകയും 57 അപേക്ഷകൾ നിരസിക്കുകയും ചെയ്തിരുന്നു. മുട്ടം, കുടയത്തൂർ പഞ്ചായത്തിന്റെ ഉൾപ്പടെ 57 അപേക്ഷകളാണ് നിരസിച്ചത്. പ്രത്യേക െക്ലയിമില്ലെന്ന് പറഞ്ഞാണ് ഒട്ടുമിക്കവയും നിരസിച്ചിട്ടുള്ളത്.
അപേക്ഷ പൂർണമായോ ഭാഗീകമായോ നിരസിച്ചവ, ഉത്തരവ് തീയതി മുതൽ 90 ദിവസത്തിനകം ജില്ല കോടതി മുമ്പാകെ അപ്പീൽ സമർപ്പിക്കാൻ അവസരം നൽകിയിരുന്നു.
നിലവിൽ ജനങ്ങൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന നിർദിഷ്ട വന പ്രദേശത്തെ കുളങ്ങൾ, കിണറുകൾ, വഴികൾ എന്നിവ തുടർന്നും ഉപയോഗിക്കുന്നതിന് തടസ്സമില്ലെന്നാണ് ഉത്തരവ്. എന്നാൽ ചിലത് നിരസിച്ചിട്ടുമുണ്ട്.
പുതിയ വഴി, പുതിയ നിർമാണം എന്നിവക്ക് ഇനി അനുമതി ലഭിക്കില്ല. 450ലധികം പരാതികൾ ലഭിച്ചെങ്കിലും ഇരട്ടിപ്പുകളും മാസ് പെറ്റീഷനും ഒറ്റയായി പരിഗണിച്ചപ്പോൾ 165 എണ്ണമായി ചുരുങ്ങി. സന്നദ്ധ സംഘടനകൾ, ആരാധാനാലയങ്ങൾ, രാഷ്ട്രീയ പാർട്ടികൾ എന്നിവരുടെ നേതൃത്വത്തിൽ ലഭിച്ച പരാതികൾ ഒറ്റയായി പരിഗണിച്ചു.
ആക്ഷേപങ്ങളും അതിന് വനം വകുപ്പ് നൽകിയ മറുപടികളും ആർ.ഡി.ഒ പരിശോധിച്ച ശേഷമാണ് സെറ്റിൽമെന്റ് ഓഫിസറായ ആർ.ഡി.ഒ ഉത്തരവ് ഇറക്കിയത്.
മലങ്കര ജലാശയതീരത്തെ അറക്കുളം മുതൽ ശങ്കരപ്പള്ളി വരെ 130 ഏക്കർ ജലാശയതീരത്തെ ഭൂമിയാണ് വനം വകുപ്പിന് കൈമാറാൻ തീരുമാനിച്ചിട്ടുള്ളത്. 2022 ഡിസംബർ രണ്ടിനാണ് 130 ഏക്കർ ഭൂമി വനഭൂമിയാക്കി കേരള സർക്കാർ വിജ്ഞാപനം ഇറക്കിയത്.
മൂവാറ്റുപുഴ വാലി ഇറിഗേഷൻ പ്രോജക്ടിന്റെ(എം.വി.ഐ.പി) കൈവശത്തിലിരുന്ന ഭൂമിയാണ് വനം വകുപ്പ് ഏറ്റെടുക്കുന്നത്. തൊടുപുഴ- പുളിയൻമല സംസ്ഥാന പാതയുടെയും മലങ്കര ജലാശയത്തിന്റെയും ഇടയിൽ വരുന്ന പ്രദേശമാണ് ഇത്. ഇടമലയാർ ഇറിഗേഷൻ പ്രോജക്ടിന് വേണ്ടി വനം വകുപ്പ് എം.വി.ഐ.പിക്ക് ഭൂമി വിട്ടുനൽകിയിരുന്നു. 52 ഹെക്ടർ ഭൂമിയാണ് വിട്ടുനൽകിയിരുന്നത്.
ഇതിന് പകരമായി എം.വി.ഐ.യുടെ കൈവശത്തിലുള്ള ഭൂമി വിട്ടുനൽകാമെന്ന് അന്ന് കരാറും ചെയ്തിരുന്നു. കരാർ പ്രകാരം മുട്ടം, കുടയത്തൂർ, കാഞ്ഞാർ, അറക്കുളം മേഖലകളിലെ 52.59 ഹെക്ടർ എം.വി.ഐ.പി ഭൂമി വനംവകുപ്പിന് കൈമാറുന്ന നടപടികളാണ് നടന്നുവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.