അറക്കുളം: ആഫ്രിക്കൻ ഒച്ചിന്റെ ശല്യം രൂക്ഷമായതിനെ തുടർന്ന് ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി വിള ആരോഗ്യകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ കൃഷിയിടങ്ങൾ സന്ദർശിച്ചു.
കണ്ണാറവാഴ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ഡോക്ടർ ഗവാസ് രാഗേഷിന്റെ നേതൃത്വത്തിലാണ് സന്ദർശനം നടത്തിയത്. പച്ചക്കറികൾ, വാഴ, കമുക് തുടങ്ങിയ വിവിധ കാർഷിക വിളകളിലെല്ലാം ഒച്ചുശല്യം രൂക്ഷമാണ്. ഈർപ്പമുള്ള കാലാവസ്ഥ ഇഷ്ടപ്പെടുന്ന ആഫ്രിക്കൻ ഒച്ചുകൾ രാത്രിയിൽ കൂട്ടത്തോടെ പുറത്തിറങ്ങി പച്ചക്കറികൾ, വാഴ, പപ്പായ എന്നിവ പൂർണമായും തിന്നു നശിപ്പിക്കുന്നതായി കർഷകർ പറയുന്നു.
ഒച്ചു കെണികൾ കൃഷിയിടങ്ങളിൽ സ്ഥാപിക്കുന്നതും ചിലവ് കുറഞ്ഞ രീതിയിൽ ഇവയെ നശിപ്പിക്കുന്നതിന് 60 ഗ്രാം തുരിശ് ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി ഒച്ചിന്റെ മേൽ തളിക്കുന്നതും ഫലപ്രദമാണെന്ന് വിദഗ്ദ സംഘം പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻറ് വിനോദ് കെ.എസ്, വൈസ് പ്രസിഡൻറ് സുബി ജോമോൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, വാർഡ് മെമ്പർമാർ എന്നിവർ സ്ഥിതി വിലയിരുത്തി.
നിയന്ത്രണ മാർഗങ്ങൾ സ്വീകരിക്കുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്ന് അറിയിച്ചു. കൃഷി അസിസ്റ്റൻറ് ഡയറക്ടർ യു. എം. അനിൽകുമാർ, കൃഷി ഓഫിസർ സുജിതാമോൾ സി.എസ്, കൃഷിവകുപ്പുദ്യോഗസ്ഥർ എന്നിവർ വിദഗ്ധ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.