ചെറുതോണി: ഇടുക്കി ജില്ലയിൽ വീണ്ടും ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. വാത്തിക്കുടി പഞ്ചായത്തിലെ പടമുഖത്തെ ബീനാ ജോസഫിെൻറ ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്.തുടർന്ന് രോഗവ്യാപനം നിയന്ത്രിക്കുന്നതിെൻറ ഭാഗമായി ഈ ഫാമിലെ ശേഷിക്കുന്ന 43 പന്നികളെ ദയാവധത്തിന് ഇരയാക്കി. നേരത്തേ ഫാമിലുണ്ടായിരുന്ന 170 ഓളം പന്നികളിൽ 120ലേറെ പന്നികൾ പലപ്പോഴായി ചത്തു. തുടർന്ന് മൃഗസംരക്ഷണ വകുപ്പ് സാമ്പിളുകൾ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
ഫാമിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള സ്ഥലം രോഗബാധിത മേഖലയാണ്. എന്നാൽ, ഒരു കിലോമീറ്റർ ചുറ്റളവിൽ മറ്റ് ഫാമുകളില്ല. പി.പി.ഇ കിറ്റ് ഉൾപ്പെടെയുള്ള സുരക്ഷാ മുൻകരുതലുകളോടെ ഉദ്യോഗസ്ഥർ ഫാമിലെത്തി ഓരോ പന്നിയുടെയും തൂക്കം നോക്കി മരുന്ന് കുത്തിെവച്ച് മയക്കിയശേഷം ഷോക്കേൽപ്പിച്ചാണ് കൊലപ്പെടുത്തിയത്. തുടർന്ന് ഇവയെ മണ്ണുമാന്തി യന്ത്രമുപയോഗിച്ച് കുഴികളെടുത്ത് കൂട്ടത്തോടെ കുഴിച്ചുമൂടി.
പ്രദേശത്ത് അണുനശീകരണം നടത്തി. 24 മണിക്കൂർ കഴിഞ്ഞ് ഫയർഫോഴ്സിെൻറ നേതൃത്വത്തിൽ വീണ്ടും അണുനശീകരണം നടത്തും. മൃഗസംരക്ഷണ വകുപ്പ് പി.ആർ.ഒ ഡോ. നിശാന്ത് എം പ്രഭ, വെറ്ററിനറി സർജന്മാരായ ഡോ. റോമിയോ സണ്ണി, ഡോ. മനു മോഹൻ, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരായ ബിന്റോ പി, ജിജോ കെ. ജോസ്, ഫീൽഡ് ഓഫിസർ സാബു എന്നിവരുടെ നേതൃത്വത്തിലാണ് പന്നികളെ ദയാ വധത്തിന് വിധേയമാക്കിയത്.
വായ്പയെടുത്താണ് പത്ത് വർഷം മുമ്പ് ബീനാ ജോസഫും ഭർത്താവ് ബിജുവും പന്നിഫാം ആരംഭിക്കുന്നത്. പന്നികൾ മുഴുവനും രോഗം വന്ന് ചത്തതോടെ കടുത്ത സാമ്പത്തിക ബാധ്യതയിലേക്ക് വീണതായി ബിജു പറയുന്നു.വാത്തിക്കുടി പഞ്ചായത്തിലെ 4, 13, 14, 15, 16 വാർഡുകൾ രോഗ ബാധിത മേഖലയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.പത്ത് കിലോമീറ്റർ ചുറ്റളവിലുള്ള കാമാക്ഷി, വാത്തിക്കുടി, മരിയാപുരം വാഴത്തോപ്പ് തുടങ്ങിയ പഞ്ചായത്തുകൾ രോഗ നിരീക്ഷണ മേഖലയായി തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.