നെടുങ്കണ്ടം: കെ.ആർ. സുകുമാരൻ നായർ സ്മാരക അമിനിറ്റി സെന്ററും ഹോട്ടൽ സമുച്ചയവും ഇനിയും തുറന്നുകൊടുത്തിട്ടില്ല. തൂക്കുപാലം ബസ് സ്റ്റാൻഡിൽ 1.25 കോടി രൂപ മുടക്കി നിർമിച്ചതാണ് അമിനിറ്റി സെന്റർ.നെടുങ്കണ്ടം ഗ്രാമപഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി നിർമിച്ച സെന്റർ പരേതനായ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ കെ.ആർ. സുകുമാരൻ നായരുടെ ഓർമ നിലനിർത്താൻ പഞ്ചായത്ത് ഭരണസമിതി സ്മാരക മന്ദിരമാക്കുകയായിരുന്നു.
ടൂറിസ്റ്റ് കേന്ദ്രമായ രാമക്കൽമേട്ടിലേക്ക് പോകുന്നവർക്ക് വിശ്രമിക്കാൻ എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയാണ് നിർമിച്ചത്. ഈ പദ്ധതി യാഥാർഥ്യമാക്കാൻ മുൻകൈ എടുത്തതും രാമക്കൽമേട് ടൂറിസത്തിൽ തൂക്കുപാലത്തെ ഇടത്താവളം ആക്കാനും ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികൾ ആവിഷ്കരിച്ചതും കെ.ആർ. സുകുമാരൻ നായർ ആയതിനാലാണ് അദ്ദേഹത്തിന്റെ സ്മാരകമാക്കിയത്. നാലുവർഷം കഴിഞ്ഞിട്ടും ഈ സ്ഥാപനം തുറന്നുകൊടുത്തിട്ടില്ല.
10 ബെഡ് റൂം, ഹോട്ടൽ നടത്താനുള്ള സൗകര്യം, അടുക്കള, വിശാലമായ വാഹന പാർക്കിങ് സൗകര്യം തുടങ്ങിയവയെല്ലാം ഒരുക്കിയിരുന്നു. ഉപയോഗിക്കാതിരുന്നതോടെ ഈ കെട്ടിടം നശിക്കുകയാണ്. ഇപ്പോൾതന്നെ പല സ്ഥലങ്ങളിലും വയറിങ്, ടൈലുകൾ, പെയിന്റ്, പ്ലംബിങ് വർക്ക് ഇവയൊക്കെ ഇളകിമാറിയ നിലയിലാണ്. വിശ്രമകേന്ദ്രമടക്കം മൂന്ന് ഷട്ടറുകൾ കരാറുകാരൻ കൈപ്പിടിയിലൊതുക്കിയതായും ആക്ഷേപമുണ്ട്.
കഴിഞ്ഞ മാർച്ചിൽ ലേലം ചെയ്ത് നൽകിയെങ്കിലും പഞ്ചായത്ത് കമ്മിറ്റി തീരുമാനത്തിന് വിരുദ്ധമായി കുറഞ്ഞ തുകക്ക് ലേലം ചെയ്തുവെന്ന് ആരോപിച്ച് റദ്ദാക്കി. രഹസ്യമായി ലേലം നടത്തിയെന്നും ലേലത്തുക കുറഞ്ഞെന്നും ഭരണസമിതിയിൽനിന്നുതന്നെ പരാതി ഉയർന്ന സാഹചര്യത്തിലാണ് ലേലം റദ്ദാക്കിയത്.
2.35 ലക്ഷം രൂപക്കായിരുന്നു ലേലം ചെയ്തത്. ലേലം വിളി പഞ്ചായത്ത് അംഗങ്ങളെ അറിയിക്കാതെ ഉദ്യോഗസ്ഥർ രഹസ്യമാക്കിയെന്നും ആക്ഷേപമുണ്ടായിരുന്നു. തുടർന്ന് സി.പി.എം നേതൃത്വം വിഷയത്തിൽ ഇടപെടുകയും പുനർലേലം നടത്താൻ ഭരണസമിതിയോട് ആവശ്യപ്പെടുകയായിരുന്നു.
മാറി വന്ന ഓരോ ഭരണസമിതിയും പരസ്പരം പഴിചാരി രക്ഷപ്പെടുന്നതല്ലാതെ തൂക്കുപാലത്തിൽ വികസനം എത്തുന്നില്ല. മാത്രമല്ല മുന്ന് പഞ്ചായത്തും തൂക്കുപാലത്തെ ശ്രദ്ധിക്കുന്നില്ല. പട്ടംകോളനി പഞ്ചായത്ത് വരുമ്പോൾ പുതിയ കൃഷിഭവൻ വരുമെന്ന് പറഞ്ഞ് നിലവിലുണ്ടായിരുന്ന കൃഷിഭവൻ ഇവിടെനിന്ന് മാറ്റി. നിലവിൽ കൃഷിഭവനുമില്ല പഞ്ചായത്തുമില്ല. മാർക്കറ്റിലാണെങ്കിൽ ബ്ലോക്ക് പഞ്ചായത്തുവക കെട്ടിടം ഒഴിഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി.
ഏറെ നാളത്തെ മുറവിളിക്ക് ശേഷം തൂക്കുപാലത്തെ വ്യാപാരികളും ജനങ്ങളും പിരിവെടുത്ത് ബസ് സ്റ്റാൻഡിന് 50 സെന്റ് സ്ഥലം വാങ്ങി നെടുങ്കണ്ടം പഞ്ചായത്തിന് കൈമാറി. ഇവിടെ ബസ് സ്റ്റാൻഡ് നിർമിച്ചതായി വരുത്തിത്തീർത്തെങ്കിലും പൊതുജനങ്ങൾക്ക് പ്രയോജനമില്ല. ഹൈടെക് ആയില്ലെങ്കിലും വെയിലും മഴയുമേൽക്കാതെ ചെറിയ കെട്ടിടം നിർമിച്ചെങ്കിലും മാർക്കറ്റ് പ്രവർത്തനം പുനരാരംഭിക്കണം.
ഭദ്രൻ ശ്രേയസ് (ജില്ല സെക്രട്ടറി, വ്യാപാരി വ്യവസായി ഏകോപന സമിതി)
പബ്ലിക് ലൈബ്രറിയുടെ സമീപത്തെ ഓടയിലെ മാലിന്യം നിരവധിയാളുകൾ കുടിക്കാനും കുളിക്കാനും ഉപയോഗിക്കുന്ന കല്ലാർ പുഴയിലേക്കാണ് ഒഴുക്കുന്നത്. ഇത് സാംക്രമിക രോഗങ്ങൾ പടരാൻ കാരണമാകുന്നു. മാർക്കറ്റിലെ കുമിഞ്ഞുകൂടുന്ന മാലിന്യം സംസ്കരിക്കാതെ മീതെ മണ്ണ് വെട്ടിയിട്ട് മൂടുകയാണ്. ഞായറാഴ്ചച്ചന്തകളിൽ തമിഴ്നാട്ടിൽനിന്ന് പച്ചക്കറികളുമായി 50ഓളം വ്യാപാരികൾ വന്നിരുന്നത് ഇപ്പോൾ നാലോ അഞ്ചോ പേരായി. ധനകാര്യ സ്ഥാപനങ്ങൾ ഉണ്ടെങ്കിലും സർക്കാർ ഓഫിസായി ആകെയുള്ളത് തൂക്കുപാലം കെ.എസ്.ഇ.ബി സെക്ഷൻ ഓഫിസ് മാത്രമാണ്. അതും വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. പോസ്റ്റ് ഓഫിസ് അനുവദിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
ജോൺ പുല്ലാട് (പൊതുപ്രവർത്തകൻ)
തൂക്കുപാലം ടൗണിൽ പ്രവർത്തിക്കുന്ന ബിവറേജസ് കോർപറേഷന്റെ ഔട്ട്ലറ്റ് തൂക്കുപാലം-രാമക്കൽമേട് റോഡിൽനിന്ന് ഉള്ളിലേക്ക് മാറ്റിസ്ഥാപിക്കണം. മാസാവസാന ദിവസം വാഹനങ്ങളുടെയും മദ്യപാനികളുടെയും തിരക്കുമൂലം സമീപത്തെ ബാങ്കിലേക്ക് പ്രവേശിക്കാൻ സ്ത്രീകളും പെൺകുട്ടികളും പാടുപെടുകയാണ്. പ്രധാന റോഡരികിൽനിന്ന് ഔട്ട്ലറ്റ് മാറ്റിയാൽ ഒരു പരിധിവരെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാവും. ടൗണിൽനിന്ന് എല്ലാ ദിവസവും മാലിന്യം നീക്കാനുള്ള നടപടി സ്വീകരിക്കണം. ടൗണിലെത്തുന്നവർക്ക് മലമൂത്ര വിസർജനത്തിന് ഒരു സംവിധാനവും നാളിതുവരെ ഒരുക്കിയിട്ടില്ല. ടോയ്ലറ്റ് സൗകര്യം ഒരുക്കണം. വനിതകൾക്ക് സ്വയംതൊഴിൽ സംരംഭമെന്നോണം വനിത ഹോട്ടലും വനിത സൂപ്പർമാർക്കറ്റും അനുവദിക്കണം.
സൂസി ആന്റണി (അംഗൻവാടി ഹെൽപർ)
ജനപ്പെരുപ്പവും വാഹനപെരുപ്പവും കണക്കിലെടുത്തു റോഡ് സുഗമമായ സഞ്ചാരത്തിന് മാത്രം ഉപയോഗിക്കുക. റോഡ് കൈയേറിയുള്ള വ്യാപാരവും സ്വകാര്യ വാഹനങ്ങളുടെ അലക്ഷ്യമായ പാർക്കിങ്ങും നിരോധിക്കണം. കർഷകരുടെ ഉൽപന്നങ്ങൾ നേരിട്ട് മാർക്കറ്റിൽ എത്തിച്ച് വിൽക്കാൻ വിപണി ഒരുക്കണം. ഇതുമൂലം ഇടനിലക്കാരുടെ കടന്നുകയറ്റം അവസാനിപ്പിക്കാനാകും. കർഷകർക്ക് മാന്യമായ വിലയും ലഭിക്കും. പഞ്ചായത്തിന്റെ നേതൃത്വത്തിൽ കാർഷിക വിഭവങ്ങൾ വിൽക്കാനും വാങ്ങാനും ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും മാർക്കറ്റ് പ്രവർത്തിക്കണം. കർഷകന് വിലപേശി വിൽക്കാൻ അവസരമൊരുക്കണം. എന്നാലേ കാർഷിക മേഖലക്ക് പുതുജീവൻ ലഭിക്കൂ. ബസ് സ്റ്റാൻഡ് നവീകരിക്കുന്നതിനോടൊപ്പം ഷോപ്പിങ് കോംപ്ലക്സ് നിർമിക്കണം.
എം. ശിവൻകുട്ടി (പൊതുപ്രവർത്തകൻ)
(അവസാനിച്ചു)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.