മൂലമറ്റം: കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് പതിപ്പള്ളിയിൽ ജൈവ പാർക്കിന് അനുമതി നൽകി. അറക്കുളം പഞ്ചായത്ത് ഏഴാംവാർഡ് പതിപ്പള്ളിയിലെ ഗവ. ട്രൈബൽ യു.പി സ്കൂൾ കോമ്പൗണ്ടിലാണ് പാർക്ക് വരുന്നത്. അറക്കുളത്തെ ജൈവ വൈവിധ്യ പരിപാലന സമിതിയാണ് സ്കൂൾ മാനേജ്മെൻറ് കമ്മിറ്റിയുടെ സഹകരണത്തോടെ പ്രവർത്തനങ്ങൾ നടത്തുക. ഇതിനായി തുകയും അനുവദിച്ചു. ജൈവവൈവിധ്യം നിലനിർത്തുന്ന പ്രകൃതിയോടിണങ്ങുന്ന പ്രവർത്തനങ്ങളായിരിക്കും ഇവിടെ നടത്തുക.
അന്യംനിന്ന് പോകുന്ന മരങ്ങൾ, ഔഷധസസ്യങ്ങൾ, ദശപുഷ്പങ്ങൾ, ഔഷധത്തോട്ടങ്ങൾ, നക്ഷത്ര വനങ്ങൾ എന്നിവ നട്ട് പിടിപ്പിക്കും. വിദ്യാർഥികൾക്ക് അറിവ് പകരുവാനും പ്രകൃതി സ്നേഹികൾക്ക് പഠനം നടത്താനും സഹായിക്കും.
കാഞ്ഞാറ്റിലെ വാട്ടർ തീം പാർക്കിനും 12ാം മൈലിലെ കദളീവനം പാർക്കിനും ശേഷം അറക്കുളം പഞ്ചായത്തിന് ലഭിക്കുന്ന പ്രകൃതിസംരക്ഷണത്തിന് അനുയോജ്യമായ മറ്റൊരു പദ്ധതിയാണ് ഇത്. പതിപ്പള്ളി വാർഡ് അംഗം പി.എ. വേലുക്കുട്ടെൻറ അധ്യക്ഷതയിൽ ചേർന്ന യോഗം പഞ്ചായത്ത് പ്രസിഡൻറ് കെ.എസ്. വിനോദ് ഉദ്ഘാടനം ചെയ്തു. കേരള സ്റ്റേറ്റ് ബയോഡൈവേഴ്സിറ്റി ബോർഡ് ജില്ല കോഓഡിനേറ്റർ വി.എസ്. അശ്വതി വിഷയാവതരണം നടത്തി.
ജൈവ വൈവിധ്യ പരിപാലന സമിതി അറക്കുളം പഞ്ചായത്ത് കൺവീനർ എ.ടി. തോമസ്, സ്കൂൾ ഹെഡ്മിസ്ട്രസ് എൻ.ടി. വൽസമ്മ, ഊരുമൂപ്പൻ സി.ജി. പത്മദാസ്, സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി പ്രസി. സി.എസ്. ജിയേഷ്, വൈസ് പ്രസി. ബിജു പേരിയത്ത്, ബയോ ഡൈവേഴ്സിറ്റി കമ്മിറ്റി അംഗവും കാർഷിക ശാസ്ത്രജ്ഞനുമായ പി.എ. മാത്യു, കമ്മിറ്റി അംഗം റോസമ്മ ജോസഫ്, അംഗൻവാടി അധ്യാപിക എ.കെ. പത്മിനി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.