മുട്ടം: നിയമലംഘകർ ഇനി കരുതിയിരുന്നോളൂ. ജില്ല പൊലീസ് സ്ഥാപിച്ച എ.എൻ.പി.ആർ (ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെകഗ്നിഷൻ) കാമറകൾ ശനിയാഴ്ച മുതൽ പെറ്റി അടിച്ചു തുടങ്ങും.
ഇരുചക്രവാഹനങ്ങളിലെ ഹെൽമറ്റ് ഇല്ലാതെയുള്ള യാത്ര, ട്രിപ്പിൾ അടിച്ചുള്ള യാത്ര, ഹെൽമറ്റ് ഇല്ലാതെയുള്ള പിൻസീറ്റ് യാത്ര, നമ്പർ പ്ലേറ്റുകളിലെ രൂപമാറ്റം തുടങ്ങിയവയാണ് ആദ്യഘട്ടത്തിൽ പിടികൂടുക.
ഇത്തരം നിയമ ലംഘനം കാമറ ഒപ്പിയെടുക്കുന്ന ഉടൻ വാഹന ഉടമയുടെ ഫോണിലേക്ക് സന്ദേശവും എത്തും.
നിലമലംഘനവും ഇതിന്റെ ഫോട്ടോയും ഉൾപ്പെടെ വ്യക്തമാക്കുന്ന ലിങ്ക് ആണ് ഉടമയുടെ ഫോണിലേക്ക് എത്തുക. വാഹനങ്ങളുടെ നമ്പർ പ്ലേറ്റും കാറിലെ സീറ്റ് ബെൽറ്റും ഉൾപ്പടെ ഒപ്പിയെടുക്കുന്ന അത്യാധുനിക സംവിധാനങ്ങളുള്ള കാമറകളാണ് ഇവ.
24 മണിക്കൂറും റെക്കോഡ് ചെയ്യുന്ന സി.സി ടി.വി കാമറകളും ഇതോടൊപ്പം സ്ഥാപിച്ചിട്ടുണ്ട്.
അപകടം വരുത്തി നിർത്താതെ പോകുന്ന വാഹനങ്ങൾ, അമിത വേഗതയിൽ പോകുന്ന വാഹനങ്ങൾ, പൊലീസ് കൈ കാണിച്ചിട്ടും നിർത്താതെ പോകുന്ന വാഹനങ്ങൾ തുടങ്ങിയവയും കാമറ ഒപ്പിയെടുക്കും.
അമിത വേഗത്തിൽ ചീറിപ്പായുന്ന വാഹനങ്ങളുടെ പോലും നമ്പർ പ്ലേറ്റ് ഒപ്പിയെടുക്കാൻ കഴിയുന്നതാണ് എ.എൻ.പി.ആർ.കാമറകൾ. കേരള പൊലീസിന്റെ റോഡ് സുരക്ഷാ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ ഏഴ് കാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. ജില്ലയുടെ അതിർത്തി പ്രദേശങ്ങളിൽ ആദ്യഘട്ടത്തിൽ നാല് കാമറകൾ സ്ഥാപിച്ചിരുന്നു.
ഇതിന് പുറമെ മുട്ടം, വെങ്ങല്ലൂർ, പെരുവന്താനം എന്നിവിടങ്ങളിലും പുതിയതായി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. 65 ലക്ഷം രൂപ മുടക്കി ജില്ല പൊലീസിന്റെ നേതൃത്വത്തിലാണ് കാമറ സ്ഥാപിച്ചത്. മൂന്നാറിൽ സജ്ജീകരിച്ചിട്ടുള്ള നിലയത്തിൽ നിന്നാണ് ആദ്യം കാമറകൾ പ്രവർത്തിപ്പിക്കുന്നത്. ഏപ്രിൽ പകുതിയോടെ പൈനാവിൽ നിർമാണം നടത്തി വരുന്ന നിലയത്തിലേക്ക് പ്രവർത്തനം മാറ്റാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.