തൊടുപുഴ: വർധിക്കുന്ന വാഹനാപകടങ്ങൾ തടയാനും കുറ്റകൃത്യങ്ങൾ കൈയോടെ പിടികൂടാനും കാമറകളും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കുന്നു.
ജില്ലയിൽ 60 ഇടങ്ങളിലാണ് മോട്ടോർ വാഹന വകുപ്പിെൻറ നേതൃത്വത്തിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് കാമറകൾ സ്ഥാപിക്കുന്നത്. നിലവിൽ ജില്ലയിൽ മോട്ടോർ വാഹന വകുപ്പിെൻറ കാമറകൾ ഇല്ല. ശാസ്ത്രീയ രീതികളിലൂടെ വാഹന പരിശോധനക്ക് തയാറെടുക്കുന്നതിെൻറ ഭാഗമായാണ് ഇത്തരം കാമറ സ്ഥാപിക്കുന്നതെന്നും നടപടികൾ ആരംഭിച്ചതായും മോട്ടോർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു.
വളവിൽ മറഞ്ഞുനിന്നും റോഡിെൻറ നടുവിൽനിന്നുമുള്ള പരിശോധന ഒഴിവാക്കി ഓഫിസിലിരുന്ന് തന്നെ ഗതാഗത നിയമലംഘനങ്ങളിലടക്കം ഏർപ്പെടുന്നവരെ കണ്ടെത്താൻ കഴിയും. ഇതുകൂടാതെ തൊടുപുഴ നഗരത്തിലെ പ്രധാനപ്പെട്ട റോഡുകൾ കേന്ദ്രീകരിച്ച് 13 ലക്ഷം രൂപയുടെ സൈൻ ബോർഡുകൾ അടിയന്തരമായി സ്ഥാപിക്കാൻ തീരുമാനിച്ചെന്ന് പൊതുമരാമത്തും അറിയിച്ചു. റോഡ് സേഫ്റ്റി അതോറിറ്റിയുടെ നിർദേശപ്രകാരമാണ് നടപടി.
പല റോഡുകളിലും മുന്നറിയിപ്പ് ബോർഡുകളുടെ അഭാവം മൂലം അപകടങ്ങൾ വർധിക്കുന്നതായി പരാതി ഉയർന്നിരുന്നു. തൊടുപുഴ നഗരത്തിൽ അടുത്തിടെ വാഹനാപകടങ്ങളുടെ എണ്ണവും മരണവും കൂടിവരുകയാണ്. നഗരത്തിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ സംഭവിക്കുന്നത് വെങ്ങല്ലൂർ-കോലാനി ബൈപാസിലാണ്. അമിത വേഗവും ഡ്രൈവർമാരുടെ അശ്രദ്ധയുമാണ് അപകടത്തിന് പ്രധാന കാരണം.
കെ.എസ്.ആർ.ടി.സി ജങ്ഷനിലും ഗാന്ധി സ്ക്വയറിലും ഉൾപ്പെടെ തിരക്കേറിയ ഭാഗങ്ങളിലും അപകടങ്ങൾ ആവർത്തിക്കുന്നുണ്ട്. ഇരുചക്ര വാഹനങ്ങളാണ് അപകടത്തിൽപെടുന്നതിലേറെയും. തകർന്നുകിടക്കുന്ന റോഡുകളും അപകടത്തിന് പ്രധാന കാരണമായി തീരുന്നുണ്ട്. തകർന്ന റോഡുകളിലൂടെ പോകുന്ന വാഹനങ്ങൾ കുഴികൾ പെട്ടെന്ന് വെട്ടിച്ചുമാറ്റുന്നത് വലിയ അപകടത്തിന് ഇടയാക്കുന്നുണ്ട്. അപകടാവസ്ഥയിലുള്ള റോഡുകളെക്കുറിച്ച വിവരങ്ങൾ ശേഖരിച്ച് മോട്ടോർ വാഹന വകുപ്പ് പി.ഡബ്ല്യുഡിക്ക് കൈമാറിയെന്നും തുടർനടപടികൾ നടക്കുകയാണെന്നും മോട്ടോർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.