ചെറുതോണി: ടൗണിലെ ഓട്ടോറിക്ഷ പാർക്കിങ് അടിമാലി റോഡിലേക്ക് മാറ്റിയതോടെ ഗതാഗതക്കുരുക്ക് നിത്യസംഭവമായി. ഏതാനും ദിവസം മുമ്പാണ് മുന്നറിയിപ്പില്ലാതെ പാര്‍ക്കിങ് മാറ്റിയത്. പാലം പണി പുരോഗമിക്കുന്നതിനിടെ ചെറുതോണി മെഡിക്കല്‍ കോളജ് റോഡിന്‍റെ വീതി കൂട്ടലും സൗന്ദര്യവത്കരണവും കൂടി ആരംഭിച്ചത് ടൗണിൽ ഗതാഗതക്കുരുക്ക് രൂക്ഷമാക്കി.
ഓട്ടോറിക്ഷകളും ടാക്സി വാഹനങ്ങളും പാർക്ക് ചെയ്യാൻ ബദല്‍ സൗകര്യമൊരുക്കാതെയാണ് പാർക്കിങ് മാറ്റിയത്. പാലം പണി ആരംഭിച്ചപ്പോള്‍ തന്നെ ബസുകള്‍ നിർത്താനും ആളുകളെ കയറ്റാനും ഇറക്കാനും ബുദ്ധിമുട്ടുണ്ടായിരുന്നു. ഇതിനിടെയാണ് റോഡ് വീതികൂട്ടാനുള്ള നിർമാണവും ആരംഭിച്ചത്.
ടൗണിലെത്തുന്ന വാഹനങ്ങള്‍ കൂടുതലും ഇടുക്കി റോഡിലും അടിമാലി റോഡിലുമാണ് പാർക്ക് ചെയ്യുന്നത്. ബൈക്കുകളും മറ്റ് വാഹനങ്ങളും ചെറുതോണിയില്‍ പാര്‍ക്ക് ചെയ്യാൻ സൗകര്യമൊരുക്കാമെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ സമ്മതിച്ചിരുന്നതാണ്. എന്നാല്‍, ഇതിന് തയാറാകാതെ വാഹനങ്ങള്‍ കടകള്‍ക്കു മുന്നില്‍ പാര്‍ക്ക് ചെയ്യാൻ ഉദ്യോഗസ്ഥര്‍ നിർദേശിക്കുകയായിരുന്നു.
ടൗണില്‍ പല സ്ഥലങ്ങളിലായി 200ഓളം ഓട്ടോറിക്ഷകളും ടാക്സി വാഹനങ്ങളുമുണ്ട്. കുരുക്ക് രൂക്ഷമായതോടെ കച്ചവടം കുറഞ്ഞ് വ്യാപാരികളും ടൗണിലെത്തുന്ന കാല്‍നടക്കാരും ബുദ്ധിമുട്ടിലായി. കടകളിലേക്കുവരുന്ന ലോഡ് ഇറക്കാനും കഴിയാത്ത അവസ്ഥയാണ്. രാവിലെ മുതല്‍ കടകള്‍ക്കു മുന്നില്‍ പാര്‍ക്ക് ചെയ്യുന്ന ബൈക്കുകളും ഗതാഗതക്കുരുക്കിനു കാരണമാകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.