തൊടുപുഴ: ജില്ലയിൽ ശൈശവ വിവാഹങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ഇത് തടയുന്നതിനുവേണ്ട നടപടി ഊർജിതമാക്കണമെന്ന് കലക്ടർ ഷീബ ജോർജ് നിർദേശിച്ചു.വികസന യോഗത്തിൽ സംസാരിക്കുകയായിരുന്നു കലക്ടർ. ജില്ലയിൽ രണ്ടുവർഷത്തിനിടെ 15 ബാലവിവാഹങ്ങൾ നടന്നുവെന്ന് ചൂണ്ടിക്കാട്ടി മാധ്യമം വാർത്ത നൽകിയിരുന്നു.വേനൽ ആരംഭിക്കുന്നതിന് മുന്നോടിയായി ജലസ്രോതസ്സുകൾ മലിനപ്പെടൽ, കാട്ടുതീ എന്നിവ തടയുന്നതിനുവേണ്ട നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പുകളോട് നിർദേശിച്ചു.
സാമ്പത്തികവർഷം പൂർത്തീകരണത്തിന് ഒരുമാസം മാത്രം ശേഷിക്കുന്ന അവസ്ഥയിൽ ജില്ലയിലെ എല്ലാ വകുപ്പുകളും പദ്ധതി നിർവഹണം 100ശതമാനം പൂർത്തീകരിക്കുന്നതിന് നടപടി അടിയന്തരമായി സ്വീകരിക്കണമെന്ന് കലക്ടർ യോഗത്തിൽ അറിയിച്ചു. ജില്ല വികസന സമിതി യോഗത്തിന്റെ മുന്നോടിയായി കില സംഘടിപ്പിക്കുന്ന സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പ്രാദേശികവത്കരണം, സർക്കാർ ജീവനക്കാർക്കുള്ള ജില്ലതല ബോധവത്കരണ പരിപാടി എന്നിവയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു.
ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് സേവനം പൂർത്തിയാക്കി സ്ഥാനം ഒഴിയുന്ന ഉഷാകുമാരി മോഹൻകുമാറിന് ജില്ല വികസന സമിതി ഉപഹാരം കൈമാറി.ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു, കലക്ടർ ഷീബ ജോർജ്, സബ് കലക്ടർ രാഹുൽ കൃഷ്ണ ശർമ, ഗ്രാമപഞ്ചായത്ത് അസോ. പ്രസിഡന്റ് എം. ലതീഷ്, കട്ടപ്പന നഗരസഭ ചെയർപേഴ്സൻ ഷൈനി സണ്ണി ചെറിയാൻ, ജില്ല പ്ലാനിങ് ഓഫിസർ ഡോ. സാബു വർഗീസ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.