''ഓ... മടുത്തു എങ്ങനെയെങ്കിലും ഒന്ന് സ്കൂൾ തുറന്നാൽ മതിയായിരുന്നു'' ഇത് ഒരു പ്രാവശ്യമെങ്കിലും പറയാത്ത രക്ഷിതാക്കളുണ്ടാവില്ല. അതേസമയം, ഒന്നരവർഷമായി പള്ളിക്കൂടരസങ്ങളും സൗഹൃദ കൂട്ടായ്മകളുമൊക്കെ നഷ്ടമായി വീടുകളിൽ കഴിയുന്ന കുട്ടികളുടെ അവസ്ഥയോ? അടച്ചിടലും അതിനെ തുടർന്നുണ്ടായ ബുദ്ധിമുട്ടും ഏറ്റവും കൂടുതൽ അനുഭവിച്ചവരാണിവർ. വ്യത്യസ്ത അനുഭവങ്ങളിലൂടെ ജീവിക്കുന്ന കുട്ടികള് പ്രശ്നങ്ങൾ തരണം ചെയ്യുന്നതും പല രീതിയിലായിരിക്കും. ഇവരിൽ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങൾ നിരീക്ഷിച്ച് മനസ്സിലാക്കിയാൽ തന്നെ പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരം കണ്ടെത്താമെന്നാണ് ശിശുമനഃശാസ്ത്ര വിദഗ്ധരുടെ അഭിപ്രായം. അധ്യാപകരും രക്ഷിതാക്കളും കുട്ടികളുടെ കാര്യത്തിൽ പുലർത്തേണ്ട ജാഗ്രത വളരെ വലുതാണെന്ന് തിരിച്ചറിയുക.
ഏയ്, എെൻറ കുട്ടിക്ക് ഒരു പ്രശ്നവുമില്ല
കുട്ടികൾ ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് നേരിടുന്നുണ്ടോ എന്ന് ചോദിച്ചാൽ എെൻറ കുട്ടിക്ക് ഒരു പ്രശ്നവും ഇല്ലെന്ന് ചാടിക്കയറി പറയുന്നവരാണ് 90 ശതമാനം രക്ഷിതാക്കളും. എന്നാൽ, കാര്യങ്ങൾ അവർ കരുതുന്നതുപോലെ അത്ര നിസ്സാരമല്ല. കോവിഡും അതുമൂലമുള്ള കുട്ടികളുടെ ബുദ്ധിമുട്ടും വളരെ സൂക്ഷ്മമായി ശ്രദ്ധിച്ചാൽ മാത്രമേ മനസ്സിലാക്കാനാകൂ.
കുട്ടികളുടെ മൗനം, വീട്ടുകാരുമായുള്ള സമ്പർക്കക്കുറവ്, വിഷാദഭാവം തുടങ്ങിയ പെരുമാറ്റപ്രശ്നങ്ങളൊന്നും നിസ്സാരമാക്കാതെ കാരണം കണ്ടെത്തി പരിഹരിക്കാൻ രക്ഷിതാക്കൾ തന്നെ മുൻകൈയെടുക്കണം. നല്ല രീതിയിൽ പഠിച്ചുകൊണ്ടിരുന്ന കുട്ടി പെട്ടെന്ന് പഠനത്തിൽനിന്ന് പിന്നോട്ട് പോകുന്നതായി തോന്നിയാൽ കൃത്യമായി സാഹചര്യം അന്വേഷിച്ച് കാരണം കണ്ടെത്തണം. കഴിയുന്നില്ലെന്നിൽ സ്കൂൾ കൗൺസലറുടെയടക്കം സഹായം തേടണം.
കുട്ടികൾ കൃത്യമായി ഉറങ്ങുന്നുണ്ടോ, ഭക്ഷണം കഴിക്കുന്നുണ്ടോ എന്നതടക്കം കാര്യങ്ങളും ശ്രദ്ധിക്കണം. പഠനത്തിനായാലും അല്ലാതെയും മൊബൈൽ ഫോണുകളടക്കമുള്ളവയുടെ ഉപയോഗം നിയന്ത്രിക്കണം. അമിതമായ മൊബൈൽ ഉപയോഗം ഒഴിവാക്കാൻ പുറത്തുള്ള കളികൾക്ക് പ്രോത്സാഹിപ്പിക്കുക.
പഠിക്ക് പഠിക്കെന്ന പല്ലവി മാറ്റി നമുക്ക് എല്ലാത്തിലും പങ്കാളിയാകാമെന്ന് കുട്ടിയോട് പറയുക. പ്രായം മറന്ന് അവരുടെ പ്രായത്തിലേക്ക് ഇറങ്ങിച്ചെന്നും അവരെ മനസ്സിലാക്കാം. കുട്ടികളുടെ പ്രശ്നങ്ങളെ ലാഘവത്തോടെ തള്ളിക്കളയാൻ ശ്രമിക്കരുത്. അത് പരിഹരിക്കാൻ ശ്രമിക്കുക.അപരിചിതരുടെ മുന്നിൽ കുട്ടികളെ ഇകഴ്ത്തി സംസാരിക്കുന്നതും നന്നല്ല. കുട്ടികളുടെ മുന്നിൽ ലഹരി ഉപയോഗം, മാതാപിതാക്കൾ തമ്മിലുള്ള വഴക്കുകൾ എന്നിവയും ഒഴിവാക്കണം.
തൊടുപുഴ നഗരത്തിനടുത്ത സ്കൂളിലെ ഓൺലൈൻ ക്ലാസിനിടെ സാമൂഹിക വിരുദ്ധർ നുഴഞ്ഞുകയറി അസഭ്യവർഷം നടത്തിയത് അടുത്തിടെയാണ്. പെൺകുട്ടികളടക്കം ക്ലാസിൽ അധ്യാപിക ക്ലാസെടുക്കുന്നതിനിടെയാണ് രണ്ടുപേർ തമ്മിൽ പരസ്പരം അസഭ്യം പറഞ്ഞത്. അധ്യാപിക ഇടപെട്ടിട്ടും ഏറെ നേരം ഇത് തുടർന്നു.
ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കുമോയെന്ന ആശങ്ക അധ്യാപകരും പങ്കുവെക്കുന്നു. ഓൺലൈൻ പ്ലാറ്റ് ഫോം അധ്യാപനം ഇവർക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.കുട്ടികൾ ക്ലാസിലുണ്ടായിരുന്നപ്പോൾ അവരുടെ ചെറിയ പ്രശ്നങ്ങൾപോലും മുഖത്തുനിന്ന് വായിച്ചെടുക്കാമായിരുന്നു. എന്നാൽ, ഇന്ന് അതിന് സാഹചര്യമില്ല.
ഇതും ഒരു പരിധിവരെ കുട്ടികളുടെ പ്രശ്നങ്ങളുടെ ആഴം വർധിപ്പിക്കുന്നുണ്ട്. കുറച്ചേറെ കാര്യങ്ങൾ ഇത്തരം വിഷയങ്ങളിൽ ഇവർക്കും ചെയ്യാനുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അധ്യാപകരും കുട്ടികളും തമ്മിൽ ആശയ വിനിമയം ഓൺലൈൻ ക്ലാസുകളിൽ കുറഞ്ഞുവരുകയാണ്. ഇതിന് പരിഹാരം കണ്ടെത്തണം.
തങ്ങളുടെ ക്ലാസുകളിലെ കുട്ടികളെ ഓരോ ഗ്രൂപ്പുകളായി തിരിച്ച് അവരുമായി കൂടുതൽ അടുത്തിടപഴകാൻ കുട്ടികൾ ശ്രമിക്കുന്നത് നന്നായിരിക്കും. ഇത്തരത്തിൽ രണ്ടോ മൂന്നോ ഗ്രൂപ്പുകൾ ഉണ്ടാക്കി രക്ഷിതാക്കളെയും ഉൾപ്പെടുത്തി ആഴ്ചയിലൊരിക്കൽ യോഗം ചേരണം.
പഠനത്തിലും മറ്റും പിന്നാക്കം നിൽക്കുന്ന കുട്ടികളെ അധ്യാപകർ ഇടക്ക് വിളിച്ച് സംസാരിക്കുന്നത് ഉചിതമായിരിക്കും. അവരുടെ കാര്യത്തിൽ കൂടുതൽ പരിഗണന നൽകാനും ശ്രദ്ധിക്കണം. സ്കൂൾ കൗൺസലർമാരുടെ സഹായം പരമാവധി ഉപയോഗിക്കണം. പ്രശ്നങ്ങളുള്ള കുട്ടികളെ കണ്ടെത്തി കൗൺസലിങ്ങിന് വിധേയരാക്കിയാൽ വളരെ പെട്ടെന്ന് പഴയ രീതിയിലേക്ക് എത്തിക്കാൻ കഴിയുമെന്ന് മനഃശാസ്ത്ര വിദഗ്ധർ പറയുന്നു.
പങ്കുവെക്കാൻ കൂട്ടുകാരില്ല
സ്കൂൾ തുറക്കാൻ കഴിയാത്ത സാഹചര്യത്തിൽ എന്താണ് പ്രധാനമായി നഷ്ടപ്പെട്ടു എന്ന തോന്നിയതെന്ന ചോദ്യത്തിന് 69 ശതമാനം കുട്ടികളും പ്രതികരിച്ചത് കൂട്ടുകാരുമായി സന്തോഷവും വിഷമവും പങ്കുവെക്കാൻ കഴിയാത്തതാണെന്നായിരുന്നു.
ഇൗ ഉത്തരം തന്നെ കുട്ടികൾ നേരിടുന്ന നിലവിലെ സാഹചര്യത്തിെൻറ യഥാർഥ ചിത്രം വ്യക്തമാക്കുന്നു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഡിജിറ്റൽ ക്ലാസുകളെക്കുറിച്ചുള്ള പഠനത്തിെൻറ ഭാഗമായി നടത്തിയ സർവേയിലെ ചോദ്യമായിരുന്നു ഇത്.
ബാക്കിയുള്ളവർ കൂട്ടുകാരുമായുള്ള കളികൾ, രസകരമായ ക്ലാസുകൾ എന്നിങ്ങനെയുള്ള മറുപടിയാണ് പറഞ്ഞത്. ഇഷ്ടമുള്ള അധ്യാപകരുടെ അസാന്നിധ്യം എന്ന് മറുപടി പറഞ്ഞവരുമുണ്ട്. 32 ശതമാനം കുട്ടികൾക്ക് ഓൺലൈൻ ക്ലാസ് പഠനത്തിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഡിജിറ്റൽ ക്ലാസിൽ അവതരിപ്പിക്കുന്ന ആശയം 19 ശതമാനം കുട്ടികൾക്ക് വ്യക്തമാകുന്നില്ല. ഡിജിറ്റൽ ക്ലാസിൽ ഒട്ടും തൃപ്തരല്ലാത്ത 20.5 ശതമാനം അധ്യാപകരുമുണ്ട്.
ഓൺലൈൻ പഠനത്തിൽ കുട്ടികളുടെ താൽപര്യം കുറഞ്ഞുവരുന്നതായും സർവേ ചൂണ്ടിക്കാട്ടുന്നു. എല്ലാ ജില്ലകളിൽനിന്നുമായി ഒന്നുമുതൽ പ്ലസ്ടു വരെയുള്ള 1252 കുട്ടികളെയാണ് സർവേയിൽ ഉൾപ്പെടുത്തിയത്. 1046 അധ്യാപകരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.