തൊടുപുഴ: ജില്ലയുടെ സിരാകേന്ദ്രമായ തൊടുപുഴ നഗരം ലഹരിയുടെ പിടിയിൽ. കഞ്ചാവ് മുതൽ സിന്തറ്റിക് ലഹരികളായ എം.ഡി.എം.എ വരെ സുലഭമായി ലഭിക്കുന്ന ഹബ്ബായി മാറുന്ന രീതിയിലാണ് നിലവിൽ പിടികൂടുന്ന കേസുകളുടെ എണ്ണം വ്യക്തമാക്കുന്നത്. സ്കൂൾ- കോളജ് കുട്ടികൾ ഉൾപ്പെടെയുള്ള യുവജനങ്ങളെ ലക്ഷ്യംവെച്ചാണ് മയക്കുമരുന്ന് വ്യാപാരം നടക്കുന്നത്.
നവംബറിൽ എം.ഡി.എം.എയുമായി സിനിമ നടൻ ഉൾപ്പെടുന്ന സംഘത്തെ എക്സൈസ് സംഘം തൊടുപുഴ ഇളദേശത്തുനിന്ന് പിടികൂടിയിരുന്നു. കഴിഞ്ഞയാഴ്ച തൊടുപുഴക്ക് സമീപം പെരുമ്പളിച്ചിറയിൽനിന്ന് 40 കിലോ കഞ്ചാവുമായി രണ്ടുപേരെ പൊലീസ് പിടികൂടിയിരുന്നു. സമീപകാലത്ത് ഇത്തരം ലഹരിമരുന്ന് കച്ചവടം തൊടുപുഴ മേഖലയിൽ വർധിച്ചു വരുന്നതായാണ് കാണുന്നത്. ഒരുകാലത്ത് ഹൈറേഞ്ച് മേഖല കേന്ദ്രീകരിച്ചായിരുന്നു കടത്തെങ്കിൽ ഇപ്പോൾ ലോറേഞ്ചിലേക്ക് ഇത് മാറി.
നഗരത്തിലും സമീപ പഞ്ചായത്തുകൾ കേന്ദ്രീകരിച്ചുമാണ് ഇടപാടുകൾ. ഡിജിറ്റൽ ഇടപാടുകൾ വഴിയാണ് കൈമാറ്റം. വിപണനത്തിന് യുവാക്കളും വിദ്യാർഥികളുമടക്കമുള്ളവരുടെ ശൃംഖല പ്രവർത്തിക്കുന്നതായാണ് വിവരം. വിരലിലെണ്ണാവുന്നവർ മാത്രമാണ് പിടിയിലാകുന്നത്. ലഹരിക്കടത്ത് പിടികൂടാൻ പരിശോധനകൾ നടക്കുന്നുണ്ടെങ്കിലും ഇതൊന്നും നഗരത്തിലേക്കുള്ള ലഹരി ഒഴുക്കിന് തടയിടാനാകുന്നില്ല.
ലഹരിക്കടത്തിന് തടയിടാൻ എക്സൈസും പൊലീസും പരിശോധനയുമായി രംഗത്തുണ്ടെങ്കിലും സർക്കാറിന്റെ നയരൂപവത്കരണത്തിന്റെ ഭാഗമായി ജില്ല എക്സൈസ് ഓഫിസ് കലക്ടറേറ്റിലേക്ക് മാറ്റിയതോടെ അമ്പതോളം ഉദ്യോഗസ്ഥരുടെ കുറവാണ് തൊടുപുഴയിൽ ഉണ്ടായിരിക്കുന്നത്. മയക്കുമരുന്ന് കേസുകൾ പിടികൂടാനുള്ള എക്സൈസ് വകുപ്പിന്റെ നാർകോട്ടിക് എൻഫോഴ്സ്മെന്റ് ഓഫിസ് അടിമാലിയിലാണ് പ്രവർത്തിക്കുന്നത്. മയക്കുമരുന്ന് കേസുകൾ കൈകാര്യം ചെയ്യുന്ന എൻ.ഡി.പി.എസ് കോടതി തൊടുപുഴയിലുമാണ്.
അടിമാലിയിൽ അസൗകര്യങ്ങൾക്ക് നടുവിൽ പ്രവർത്തിക്കുന്ന നാർകോട്ടിക് എൻഫോഴ്സ്മെന്റ് ഓഫിസ് തൊടുപുഴയിൽ പ്രവർത്തിച്ചാൽ ലഹരിക്കടത്തിന് ഒരുവിധം തടയിടാൻ കഴിയുമെന്നും പറയുന്നു. അതിനായി ഇപ്പോൾ ഒഴിവായി കിടക്കുന്ന തൊടുപുഴയിൽ പ്രവർത്തിച്ചിരുന്ന ജില്ല ഓഫിസ് കെട്ടിടം ഉപയോഗിക്കാൻ കഴിയും. ഹൈറേഞ്ച് കേന്ദ്രീകരിച്ച് കഞ്ചാവ് കേസുകൾ കൂടുതലായപ്പോൾ വർഷങ്ങൾക്ക് മുമ്പ് അടിമാലിയിൽ വാടകക്കെട്ടിടത്തിൽ നാർകോട്ടിക് എൻഫോസ്മെന്റ് ഓഫിസ് തുടങ്ങുകയായിരുന്നു.
അന്ന് തുടങ്ങിയ അതേ കെട്ടിടത്തിൽ തന്നെയാണ് ഇപ്പോഴും ഓഫിസ് പ്രവർത്തിക്കുന്നത്. ഈ കെട്ടിടം ഇപ്പോൾ ഇടിഞ്ഞുവീഴാറായ അവസ്ഥയിലാണ്. ഉദ്യോഗസ്ഥർക്ക് ഇരുന്ന് ജോലി ചെയ്യാനോ റെക്കോഡുകൾ സൂക്ഷിക്കാനോ വേണ്ട സൗകര്യം ഇവിടെ ഇല്ല. എക്സൈസിന്റെ സ്വന്തം കെട്ടിടം ഇപ്പോൾ ഒഴിവായി കിടക്കുന്ന സാഹചര്യത്തിൽ നാർകോട്ടിക് എൻഫോഴ്സ്മെന്റ് ഓഫിസ് ഈ സ്വന്തം കെട്ടിടത്തിൽ പ്രവർത്തിപ്പിച്ചാൽ സർക്കാറിന് അധിക ബാധ്യതയാകുന്ന വാടക ലാഭിക്കാമെന്നും ചൂണ്ടിക്കാട്ടുന്നു.
തൊടുപുഴ മേഖലയിൽ ലഹരി ഉപയോഗത്തിൽ ഞെട്ടിക്കുന്ന വിധമാണ് വർധന. തൊടുപുഴ സബ് ഡിവിഷനിലെ ഏഴോളം സ്റ്റേഷനിൽ ജനുവരി ഒന്നുമുതൽ നവംബർ 21 വരെ പൊലീസ് പിടികൂടിയത് 181 കേസുകളാണ്. തൊടുപുഴ സ്റ്റേഷൻ പരിധിയിലാണ് ഭൂരിഭാഗവും, 70 കേസുകൾ. 10 കിലോക്ക് മുകളിൽ കഞ്ചാവ് പിടികൂടിയതിന് മൂന്ന് കേസെടുത്തു. 10 കിലോയിൽ താഴെ ആറും ഒരു കിലോയിൽ താഴെ 20 കേസുകളുമെടുത്തു. കരിങ്കുന്നം സ്റ്റേഷനിൽ 39 കേസെടുത്തു. കാളിയാർ 16, കരിമണ്ണൂർ 25, മുട്ടം 13, കാഞ്ഞാർ 18 കേസുമാണ് രജിസ്റ്റർ ചെയ്തത്. കുളമാവ് സ്റ്റേഷൻ പരിധിയിൽ കേസുകളൊന്നുമില്ല. 146 കേസിൽ തൊണ്ടിമുതൽ കണ്ടെത്തി. സബ് ഡിവിഷനിൽ പൊലീസ് ആകെ 46 കിലോ കഞ്ചാവാണ് ഇക്കാലയളവിൽ പിടിച്ചെടുത്തത്. 145.17 ഗ്രാം എം.ഡി.എം.എയും 2.37 ഗ്രാം ഹഷീഷ് ഓയിലും 0.49 ഗ്രാം ബ്രൗൺഷുഗറും പിടിച്ചെടുത്തു.
ജില്ലയിൽ കഞ്ചാവിനെക്കൂടാതെ സിന്തറ്റിക് ലഹരി ഉൽപന്നങ്ങളുടെ ഉപയോഗത്തിലും വർധനയുണ്ട്. ഈ വർഷം ജനുവരി ഒന്ന് മുതൽ നവംബർ 21 വരെ എക്സൈസിന്റെ നേതൃത്വത്തിൽ ജില്ലയിൽ 8985 പരിശോധനയാണ് നടത്തിയത്. ഇക്കാലയളവിൽ 91 കിലോ കഞ്ചാവാണ് പിടികൂടിയത്. സിന്തറ്റിക് ലഹരികളുടെ ഉപയോഗത്തിലും വർധനയുണ്ട്. 0.125 ഗ്രാം ഹെറോയിൻ, 0.01 ഗ്രാം ബ്രൗൺഷുഗർ, 6.59 ഗ്രാം ചരസ്, 3.225 ഗ്രാം ഹഷീഷ്, 962 ഗ്രാം ഹഷീഷ് ഓയിൽ 13 ഗ്രാം എം.ഡി.എം.എ, മെത്താഫെറ്റമിൻ 19.259 ഗ്രാം എന്നിവയും പിടിച്ചെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.