തൊടുപുഴ: രണ്ട് ദിവസമായി തോരാതെ പെയ്യുന്ന മഴയെത്തുടർന്ന് ഹൈറേഞ്ചിൽ വിവിധ ഇടങ്ങളിൽ വ്യാപക നാശം. ജില്ലയിൽ പലയിടങ്ങളിലും മണ്ണിടിഞ്ഞും വെള്ളം കയറിയും മരം വീണും നാശനഷ്ടങ്ങളുണ്ടായി. പീരുമേട് മേഖലയിലാണ് ഏറ്റവും കൂടുതൽ മഴ പെയ്തിറങ്ങിയത്. 52 മി.മീ., ഉടുമ്പൻചോല- 46 മി.മീ., ഇടുക്കി- 36 മി.മീ., ദേവികുളം- 26 മി.മീ., തൊടുപുഴ- 20 മി.മീ. എന്നിങ്ങനെയാണ് വെള്ളിയാഴ്ച രാവിലെ വരെ പെയ്തിറങ്ങിയ മഴയുടെ അളവ്.
മറയൂർ: കഴിഞ്ഞ രണ്ട് ദിവസത്തെ ശക്തമായ മഴയിൽ മറയൂർ മേഖലയിൽ വ്യാപക മണ്ണിടിച്ചൽ. മറയൂർ-ചിന്നാർ റോഡിൽ തമിഴ്നാട് അതിർത്തിയിൽ സംസ്ഥാനന്തര പാതയിൽ മരം കടപുഴകി രണ്ടുമണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. തമിഴ്നാട് വനം വകുപ്പ് അധികൃതർ മരം മുറിച്ചു മാറ്റിയതോടെ ഗതാഗതം പുനഃസ്ഥാപിച്ചു.മറയൂർ-ചിന്നാർ റോഡിൽ തൂവാനത്തിന് എതിർവശം നാലുമാസം മുമ്പ് സംരക്ഷണഭിത്തി ഇടിഞ്ഞ ഭാഗത്ത് വീണ്ടും മണ്ണിടിച്ചലുണ്ടായി. മറയൂർ-മൂന്നാർ റോഡിൽ വാഗുവര ഭാഗത്ത് മണ്ണിടിച്ചിലിൽ റോഡിൽ പാറക്കല്ല് വീണു. ശക്തമായ മഴയെ തുടർന്ന് പാമ്പാർ കരകവിഞ്ഞൊഴുകി.
നെടുങ്കണ്ടം: രണ്ടുദിവസം തുടര്‍ച്ചയായി പെയ്ത കനത്ത മഴയില്‍ കല്ലാര്‍ പുഴ കവിഞ്ഞു. കല്ലാര്‍ ഡാം തുറന്നു. കല്ലാര്‍ ഡാം നിറഞ്ഞതോടെ പലയിടങ്ങളിലും വെള്ളം കയറി. കൃഷിയും നശിച്ചു. വെള്ളിയാഴ്ച വൈകീട്ട് 4.20ഓടെ കല്ലാർ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 10 സെന്റീമീറ്റര്‍ വീതം തുറന്നു.
ശക്തമായ മഴയിൽ കമ്പംമെട്ട്-വണ്ണപ്പുറം മലയോര ഹൈവേയിലെ തൂക്കുപാലം രാമക്കല്‍മേട് പുഴയിൽ വെള്ളം നിറഞ്ഞ് പല വീട്ടിലും വെള്ളം കയറി. പാമ്പുമുക്ക് ഭാഗത്തെ കൈത്തോടുകൾ നിറഞ്ഞു. ഹൈവേ നിര്‍മാണത്തിന്റെ ഭാഗമായി പണിതുകൊണ്ടിരുന്ന കലുങ്ക് മൂടിയ അവസ്ഥയിലാണ്. കിണറും മുറ്റവും പരിസരവും വെള്ളത്തിലാണ്.
രാമക്കല്‍മേട് ബാലന്‍പിള്ള സിറ്റി, ബംഗ്ലാദേശ് കോളനി ഭാഗങ്ങളിലും വീടുകളിൽ വെള്ളം കയറി. നിരവധി വീടുകൾ വെള്ളക്കെട്ട് ഭീഷണിയിലാണ്. വെള്ളിയാഴ്ച പുലര്‍ച്ച മൂന്നിനും രാവിലെ ആറിനുമാണ് പല വീടുകളിലും വെള്ളം കയറിയത്. നിർമാണം നടക്കുന്ന വണ്ണപ്പുറം-കമ്പംമെട്ട് മലയോര ഹൈവേയിൽനിന്നാണ് ജലം കുത്തിയൊലിച്ചെത്തിയത്.
ബാലൻപിള്ള സിറ്റി കോക്കനാൽ പ്രീത സജി, വട്ടപ്പാറയിൽ തോമസ് എന്നിവരുടെ വീടുകളിലാണ് വെള്ളം കയറി വീട്ടുപകരണങ്ങളും മറ്റും നശിച്ചത്. റവന്യൂ അധികൃതരെത്തി ജാഗ്രത നിര്‍ദേശം നല്കി. കമ്പംമെട്ടിൽ കുട്ടികളുമായി പോയ സ്കൂൾ ബസിന് മുന്നിലേക്ക് വന്മരവും വൈദ്യുതി പോസ്റ്റും കടപുഴകി വീണു. ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്തതിനാൽ വൻ അപകടം ഒഴിവായി. തൂക്കുപാലം പാമ്പുമുക്കിലും അമ്പതേക്കർ പാതയിലും വെള്ളം കയറി.
തൂക്കുപാലത്ത് ലാലുവിന്റെ വിട്ടിൽ വെള്ളം കയറി മുറ്റത്തെ കിണർ മൂടാറായ അവസ്ഥയിലാണ്. നെടുങ്കണ്ടം താന്നിമൂട് ഭാഗത്ത് പല കൃഷിയിടങ്ങളിലും വെള്ളം കയറി. മൂന്നുമുക്ക് തിട്ടേപ്പടി പാലത്തിന്റെ കൈവരികൾ തകർന്നു. താന്നിമൂട് ചാക്കോച്ചൻ പടിയിലെ പാലവും തകര്‍ന്നു. മൈലാടൂംപാറയിൽ മരം റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു. മരുതാനിപ്പടി ഭാഗത്ത് വെള്ളം കയറി കൃഷി നശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.