തൊടുപുഴ: ജില്ലയിലെ ശുചിത്വ പദവി പഞ്ചായത്തുകളില്‍ ശേഖരിച്ചു സൂക്ഷിച്ച പ്ലാസ്റ്റിക് ഉള്‍പ്പെടെ അജൈവ പാഴ്വസ്തുക്കള് ക്ലീന്‍ കേരള കമ്പനി (സി.കെ.സി) വില നല്കി ഏറ്റെടുക്കുന്നു. അജൈവ പാഴ്വസ്തുക്കള്ക്ക് വില നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിട്ടതോടെയാണ് നടപടി.
ശുചിത്വ പദവി പ്രഖ്യാപിച്ച 30 ഗ്രാമപഞ്ചായത്തുകള്‍, തൊടുപുഴ, കട്ടപ്പന മുനിസിപ്പാലിറ്റികള്‍, അറക്കുളം ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളില്‍നിന്ന് തരംതിരിച്ച പാഴ്വസ്തുക്കളാണ് ക്ലീന്‍ കേരള കമ്പനി ഏറ്റെടുക്കുന്നത്.
ഏകദേശം 20,000 കിലോ അജൈവ പാഴ്വസ്തുക്കൾ ആദ്യഘട്ടമായി ഏറ്റെടുത്തു. ഇതിലൂടെ ലഭിക്കുന്ന തുക ജില്ലയിലെ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലെ ഹരിതകര്‍മ സേനയുടെ കണ്‍സോര്‍ഷ്യത്തിനാണ് ലഭിക്കുക. അത് കണ്‍സോര്‍ഷ്യത്തിലെ ഓരോ അംഗങ്ങള്‍ക്കും ലഭിക്കും വിധമാണ് ആസൂത്രണം.
ഹരിതകര്‍മ സേനയെ സ്വന്തം കാലില്‍ നില്ക്കാന് കഴിയുന്ന സ്വയം സംരംഭക ഗ്രൂപ്പുകളായി വളര്ത്തുന്നതുകൂടി ലക്ഷ്യമിട്ടാണ് ഹരിതകേരളം മിഷന് ക്ലീന്‍ കേരള കമ്പനിയുമായി ഇത്തരത്തില്‍ ധാരണയുണ്ടാക്കിയതെന്ന് ഹരിതകേരളം മിഷന് ജില്ല കോഓഡിനേറ്റര്‍ ഡോ. ജി.എസ് മധു പറഞ്ഞു.
അജൈവ പാഴ്വസ്തുക്കളുടെ വില ജനുവരി 26ന് ക്ലീന്‍ കേരള കമ്പനി നല്‍കുമെന്നാണ് അറിയിച്ചിട്ടുള്ളത്. സമഗ്രവും ശാസ്ത്രീയവുമായ മാലിന്യപരിപാലനം ലക്ഷ്യമിട്ട് തദ്ദേശ സ്ഥാപനങ്ങളുടെ ഉടമസ്ഥതയില്‍ സര്‍ക്കാര്‍ രൂപവത്കരിച്ച പൊതുമേഖല സ്ഥാപനമാണ് ക്ലീന്‍ കേരള കമ്പനി.
വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍നിന്ന് ഏറ്റെടുത്ത വിലയുള്ള പാഴ്വസ്തുക്കള് തൊടുപുഴ നെടിയശാലയിലെ സി.കെ.സിയുടെ റവന്യൂ റിക്കവറി ഫെസിലിറ്റിയിലെത്തിച്ചുവരുകയാണ്.
അവിടെനിന്ന് വിവിധ റീ സൈക്ലിങ് ഏജന്‍സികള്‍ക്ക് കൈമാറും. നാളെയോടെ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളില്‍നിന്നുള്ള തരംതിരിച്ച അജൈവ പാഴ്വസ്തുക്കളെല്ലാം ക്ലീന്‍ കേരള കമ്പനി ആര്.ആര്.എഫിലെത്തിക്കുമെന്നും ഡോ. മധു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.