തൊടുപുഴ: ഓണക്കാലത്ത് പച്ചക്കറികളുടെ സമൃദ്ധിയൊരുക്കാൻ പട്ടികവർഗ മേഖല ഒരുങ്ങുന്നു. പട്ടികവർഗ വികസന വകുപ്പ് നടപ്പാക്കുന്ന ഹരിതരശ്മി പദ്ധതിയുടെ ഭാഗമായ കർഷകരിലൂടെയാണ് പച്ചക്കറി കൃഷിക്കായി തയാറെടുപ്പുകൾ ആരംഭിച്ചത്. ഇടുക്കി, വയനാട് ജില്ലകളിൽ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് 'നിറവല്ലം' പച്ചക്കറി പ്രോത്സാഹന പരിപാടി നടപ്പാക്കുന്നത്.
പദ്ധതിയുടെ ഭാഗമായ കാർഷിക ആസൂത്രണം മുതൽ വിപണന സംവിധാനങ്ങൾ സൃഷ്ടിക്കൽ വരെ പ്രവർത്തനങ്ങൾക്ക് ഹരിതരശ്മി കാർഷിക ഗ്രൂപ്പുകളാണ് നേതൃത്വം നൽകുക. ഇടുക്കി ജില്ലയിൽ 31കർഷക ഗ്രൂപ്പുകൾ വിവിധയിടങ്ങളിൽ രൂപവത്കരിച്ചിരുന്നു.
വെണ്ട, പയർ, പച്ചമുളക്, തക്കാളി, പടവലം, വെള്ളരി, വഴുതന, മത്തൻ, ചീര തുടങ്ങിയവയാണ് കൃഷിചെയ്യുക. ഓണക്കാലത്തേക്ക് സ്വന്തം ആവശ്യം കഴിഞ്ഞുള്ള പച്ചക്കറി പ്രാദേശിക വിപണിയിൽ വിറ്റഴിക്കാനും പദ്ധതിയിടുന്നു. 1000 കുടുംബങ്ങൾ പദ്ധതിയുടെ ഗുണഭോക്താക്കളാകും. പട്ടികവർഗ ജനവിഭാഗങ്ങളുടെ കൈവശമുള്ള ഭൂമിയിൽ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് തയാറാക്കിയ പദ്ധതിയാണ് ഹരിതരശ്മി.
കേരള സർക്കാർ സ്വയംഭരണ സ്ഥാപനമായ സെൻറർ ഫോർ മാനേജ്മെൻറ് ഡെവലപ്മെൻറാണ് പദ്ധതി നിർവഹണത്തിന് നേതൃത്വം നൽകുക. പട്ടികവർഗ വിഭാഗത്തിൽപ്പെട്ട 1000 കുടുംബങ്ങളാണ് ആദ്യഘട്ടത്തിൽ പദ്ധതിയുടെ ഗുണഭോക്താക്കൾ. ഹരിതരശ്മിയുടെ ഭാഗമായി നടപ്പാക്കുന്ന വിപുലമായ കാർഷിക പ്രവർത്തനങ്ങളുടെ തുടക്കമായാണ് പച്ചക്കറികൃഷി വിഭാവനം ചെയ്തിരിക്കുന്നത്.
ദീർഘകാല വിളവ് ലഭിക്കുന്ന കുടംപുളി, പേര ,നെല്ലി, സീതപ്പഴം, രാമച്ചം, പ്ലാവ്, ചെറുനാരകം, വാളൻപുളി എന്നിവയുടെ തൈകളും കർഷകർക്ക് വിതരണം ചെയ്യും.
നിറവല്ലം പദ്ധതിയുടെ ഭാഗമായ തൈകളുടെയും വിത്തുകളുടെയും ജില്ലതല വിതരണ ഉദ്ഘാടനം 30ന് രാവിലെ 9.30ന്, കട്ടപ്പന കോടാലിപ്പാറയിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജിജി കെ.ഫിലിപ് നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.