കുമളി: സി.പി.എം ഇടുക്കി ജില്ല സെക്രട്ടറിയായി സി.വി. വർഗീസിനെ തെരഞ്ഞെടുത്തു. 39 അംഗ ജില്ല കമ്മിറ്റിയെയും 21 സംസ്ഥാന സമ്മേളന പ്രതിനിധികളെയും ജില്ല സമ്മേളനം തെരഞ്ഞെടുത്തു. മുൻ എം.എൽ.എ എസ്. രാജേന്ദ്രനടക്കം എട്ടുപേരെ ജില്ല കമ്മിറ്റിയിൽനിന്ന് ഒഴിവാക്കി. കമ്മിറ്റിയിൽ 10 പേർ പുതുമുഖങ്ങളും നാലുപേർ വനിതകളുമാണ്.
പാർട്ടി സെക്രട്ടറി സ്ഥാനത്ത് മൂന്ന് ടേം പൂർത്തിയാക്കിയ കെ.കെ. ജയചന്ദ്രനെ മാറ്റിയാണ് വർഗീസ് വരുന്നത്. 61കാരനായ വർഗീസ് കെ.എസ്.വൈ.എഫിലൂടെയാണ് പൊതുരംഗത്ത് എത്തിയത്. 20 വർഷമായി പാർട്ടി ജില്ല സെക്രട്ടേറിയറ്റ് അംഗവും, കർഷകസംഘം ജില്ല പ്രസിഡന്റുമാണ്. ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. നിലവിൽ ജില്ല ആസൂത്രണ സമിതി ഉപാധ്യക്ഷനാണ്. 2006ലും 2011ലും ഇടുക്കിയിൽനിന്ന് എൽ.ഡി.എഫ് സ്ഥാനാർഥിയായി നിയമസഭയിലേക്ക് മത്സരിച്ചു.
ദേവികുളത്ത് പാർട്ടി സ്ഥാനാർഥിയെ തോൽപിക്കാൻ ശ്രമിച്ചെന്ന ആരോപണം നേരിടുന്ന എസ്. രാജേന്ദ്രനെ ഒരുവർഷത്തേക്ക് പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്യണമെന്ന ജില്ല കമ്മിറ്റിയുടെ ശിപാർശയിൽ സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം വരാനിരിക്കുകയാണ്. രാജേന്ദ്രൻ ജില്ല സമ്മേളനത്തിൽ പങ്കെടുത്തിരുന്നില്ല. കമ്മിറ്റിയിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടതായി എസ്. രാജേന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.