തൊടുപുഴ: രാസകീടനാശിനിയിൽനിന്ന് ജനങ്ങളെ മുക്തരാക്കാൻ ഭാരതീയം പ്രകൃതികൃഷി പദ്ധതിയുമായി കൃഷിവകുപ്പ്. 'നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം' ലക്ഷ്യമിട്ട് വരുംതലമുറക്ക് സുരക്ഷിത ഭക്ഷണശീലവും ജീവിതശൈലീരോഗങ്ങളിൽനിന്ന് മുക്തരാക്കാനും ജനങ്ങളെ ജൈവകൃഷിയിലേക്ക് ആകർഷിക്കാനും വേണ്ടിയാണ് കേന്ദ്രാവിഷ്കൃത പദ്ധതിയായ ഭാരതീയ പ്രകൃതി കൃഷി പദ്ധതി (സുഭിക്ഷം സുരക്ഷിതം).
ഇടുക്കിയിൽ 5000 ഹെക്ടർ സ്ഥലത്താണ് ആദ്യഘട്ടമെന്ന നിലയിൽ പദ്ധതി നടപ്പാക്കുക. എട്ടു ബ്ലോക്കുകളെ 500 ഹെക്ടർ വീതമുള്ള 10 ക്ലസ്റ്ററായി തിരിക്കും. കർഷകരെയും യുവജനങ്ങളെയും കുട്ടികളെയും വനിതകളെയും സന്നദ്ധപ്രവർത്തകരെയും പൊതുജനങ്ങളെയും പദ്ധതിയിൽ ഉൾപ്പെടുത്തി ജൈവകൃഷി ചെയ്യുന്നതിന് മാർഗരേഖ തയാറാക്കിയിട്ടുണ്ട്.
കീടനാശിനി- രാസവള മുക്തമായ ശുദ്ധഭക്ഷണം ലഭിക്കുന്ന രീതിയിൽ ചെറിയ ഇടങ്ങളിൽപോലും കൃഷി ചെയ്യുന്നവർക്ക് പദ്ധതിയുടെ ഭാഗമാകാം. കുട്ടികൾക്കുവരെ പദ്ധതിയിൽ ചേരാവുന്ന രീതിയിലാണ് പദ്ധതി രൂപവത്കരിച്ചത്. സ്കൂളുകളിലും വീടുകളിലും ലോക്ഡൗൺ കാലയളവുകളിലും മറ്റും കുട്ടികൾ ജൈവകൃഷി നടത്തി വിജയം കൈവരിച്ച സാഹചര്യത്തിലാണ് ഇവരെകൂടി ഉൾപ്പെടുത്തിയത്. ബോധവത്കരണ ക്ലാസുകൾ, മണ്ണിെൻറ പോഷകം കൂട്ടാനുള്ള നടപടി കൃഷിഭവൻ മുഖേന നൽകും.
പദ്ധതിയിൽ ഉൾപ്പെടുന്നവർക്ക് മുഴുവൻ സഹായങ്ങളും ജില്ലയിലെ എല്ലാ കൃഷിഭവനുകളിൽനിന്നും ലഭ്യമാണെന്നും കൃഷി വകുപ്പ് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.