representative image
കുമളി: വന്യജീവി സങ്കേതമായ പെരിയാർ വനമേഖലക്കും തെരുവുനായ്ക്കൾ ഭീഷണിയാകുന്നു. കുമളി ടൗണിലും പരിസരങ്ങളിലെ ജനവാസ മേഖലകളിലും നാട്ടുകാരിൽ ഭീതി സൃഷ്ടിക്കുകയാണ് നായ്ക്കൾ. കൂട്ടമായെത്തി കാടിനുള്ളിലേക്ക് കടക്കുന്ന നായ്ക്കൾ മ്ലാവ്, കേഴ, മുയൽ, അണ്ണാൻ തുടങ്ങിയ ജീവികളെ കൊന്നുതിന്നുന്നു. ഇവയിൽനിന്ന് കടിയേറ്റ ജീവികൾവഴി പേവിഷബാധ പടർന്നാൽ വന്യജീവി സങ്കേതത്തിന് അത് വലിയ ഭീഷണിയാകുന്ന സാഹചര്യമുണ്ട്.
ടൗണിൽ ബസ് സ്റ്റാൻഡ് പരിസരത്താണ് തെരുവുനായ് ശല്യം ഏറെ. ബസുകൾക്കടിയിലാണ് ഇവയുടെ വിശ്രമം. തെരുവുനായ്ക്കൾ ആക്രമിച്ച സംഭവങ്ങൾ പതിവായതോടെ സ്റ്റാൻഡിൽ ചുറ്റിത്തിരിയുന്ന നായ്ക്കളുടെ കടിയേൽക്കാതെവേണം യാത്രക്കാർക്ക് ബസിൽ കയറാൻ. റോസാപ്പൂക്കണ്ടം, താമരക്കണ്ടം, ഗാന്ധിനഗർ കോളനി, ലബ്ബക്കണ്ടം പ്രദേശങ്ങളിൽ വീടുകളിൽ വളർത്തിയിരുന്ന നായ്ക്കളെയാണ് ഇപ്പോൾ തെരുവിൽ അലയുന്നത്.
കോളനികളിലെ അസൗകര്യങ്ങൾക്ക് നടുവിൽ പലരും രണ്ടുമുതൽ നാലുവരെ നായ്ക്കളെ വളർത്തുന്നത് പതിവാണ്. ലൈസൻസോ മറ്റ് അനുമതികളോ ഇല്ലാതെയും കുത്തിവെപ്പ് എടുപ്പിക്കാതെയും നായ്ക്കളെ കൂട്ടത്തോടെ വളർത്തുന്നത് അധികൃതരുടെ ശ്രദ്ധയിൽപ്പെടാറുണ്ടെങ്കിലും നടപടി സ്വീകരിക്കാറില്ല.തേക്കടി ബോട്ട്ലാൻഡിങ് വരെ തെരുവുനായ്ക്കൾ ചുറ്റിത്തിരിഞ്ഞെത്തുന്നത് വിനോദസഞ്ചാരികൾക്കും ഭീഷണിയാണ് സൃഷ്ടിക്കുന്നുണ്ട്. കാട്ടിലേക്ക് അഴിച്ചുവിട്ട് വളർത്തുന്ന വളർത്തുമൃഗങ്ങൾക്കും നായ്ക്കൾ ഭീതി വിതക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.