തൊടുപുഴ: വാഗമൺ പ്രദേശത്ത് രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുമ്പോൾ പ്രശ്നത്തെ ഏലപ്പാറ പഞ്ചായത്ത് കൈകാര്യം ചെയ്യുന്നത് ലാഘവത്തോടെയാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്. പഞ്ചായത്ത് കുളത്തിൽനിന്ന് വെള്ളം പമ്പ് ചെയ്യാമായിരുന്നിട്ടും പമ്പ് കേടാണെന്ന് പറയുന്നത് ബാലിശമാണെന്നും കമീഷൻ വിമർശിച്ചു. വാഗമണ്ണിലെ കുടിവെള്ള ക്ഷാമത്തിനെതിരെ സമർപ്പിച്ച പരാതിയിലാണ് നടപടി.
അഞ്ചുരുളി കുടിവെള്ള പദ്ധതി നടപ്പാകുന്നതോടെ കുടിവെള്ളക്ഷാമം പരിഹരിക്കുമെന്ന് ജല അതോറിറ്റി പറയുന്നുണ്ടെങ്കിലും അതിന് എത്രനാൾ കാത്തിരിക്കേണ്ടി വരുമെന്ന് അറിയില്ല. പൊതുജനങ്ങൾ വെള്ളമില്ലാതെ വിഷമിച്ചാൽ അത് മനുഷ്യാവകാശ ലംഘനത്തിന് കാരണമാകുമെന്നും ഉത്തരവിൽ പറയുന്നു. അഞ്ചുരുളി കുടിവെള്ള പദ്ധതി എത്രയും വേഗം നടപ്പാക്കണം. അതിനുണ്ടാകുന്ന കാലതാമസം കണക്കിലെടുത്ത് കേടായ മോട്ടോർ നന്നാക്കി കുടിവെള്ള വിതരണം സുഗമമാക്കണം. ജില്ല കലക്ടർ, ജല അതോറിറ്റി മാനേജിങ് ഡയറക്ടർ, ഏലപ്പാറ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവർക്കാണ് ഉത്തരവ് നൽകിയത്.
ജലജീവൻ മിഷൻ പദ്ധതിയിൽപ്പെടുത്തി 317 കോടിക്ക് പുതിയ പദ്ധതി നടപ്പാക്കുമെന്ന് ജല അതോറിറ്റി ചീഫ് എൻജിനീയർ കമീഷനെ അറിയിച്ചു. നെടുങ്കണ്ടം, പാമ്പാടുംപാറ, ഉപ്പുതറ, ഏലപ്പാറ, അറക്കുളം പഞ്ചായത്തുകൾക്കുവേണ്ടിയുള്ള പദ്ധതിയാണ് ഇത്. വാഗമണ്ണിൽ ജല അതോറിറ്റിക്കും പഞ്ചായത്തിനും സ്വകാര്യ വ്യക്തിക്കും കുളങ്ങളുണ്ട്. ജല അതോറിറ്റിയുടെ കുളത്തിൽ വെള്ളമില്ല. പഞ്ചായത്ത് കുളത്തിലെ പമ്പ് കേടാണ്. സ്വകാര്യവ്യക്തിയുടെ കുളത്തിൽനിന്നാണ് ഇപ്പോൾ വെള്ളം എടുക്കുന്നത്.
2023 - 24 വാർഷിക പദ്ധതിയിൽ മോട്ടോർ നന്നാക്കി കുടിവെള്ള വിതരണം സുഗമമാക്കുമെന്ന് പഞ്ചായത്ത് കമീഷനെ അറിയിച്ചു. പഞ്ചായത്ത് ഇത്തരം വാദങ്ങൾ നിരത്തുന്നത് ഖേദകരമാണെന്ന് കമീഷൻ ഉത്തരവിൽ പറഞ്ഞു. 2023 - 24 വർഷം അഞ്ചുരുളി കുടിവെള്ള പദ്ധതി പൂർത്തിയാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. മനുഷ്യാവകാശ പ്രവർത്തകൻ ഡോ. ഗിന്നസ് മാടസാമി സമർപ്പിച്ച പരാതിയിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.