ചെറുതോണി: തങ്കമണി ടൗണിൽ രാവിലെയുണ്ടായ തീപിടിത്തം ആശങ്ക വിതച്ചു. ഒരു കട പൂര്‍ണമായും കത്തി നശിച്ചു. സമീപത്തുള്ള കടകള്‍ക്ക് നാശ നഷ്ടം. വ്യാഴാഴ്ച രാവിലെ 5.30നാണ് സംഭവം. ഷോര്‍ട്ട്സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.
കല്ലുവിള പുത്തന്‍വീട്ടില്‍ വര്‍ഗീസ് (ജോയി കോശി) എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. പത്ര വിതരണത്തിനെത്തിയ വിജയന്, ജയന് എന്നിവരാണ് കടക്കുള്ളില്‍ തീ കത്തുന്നത് ആദ്യം കണ്ടെത്. ഇവര്‍ ബഹളം വച്ചശേഷമാണ് സമീപവാസികള്‍ വിവരമറിയുന്നത്. ഓടും തടിയും ഉപയോഗിച്ച് നിർമിച്ച കെട്ടിടത്തിനാണ് തീപിടിച്ചത്. പലചരക്ക്, പച്ചക്കറി, ഇരുമ്പുസാധനങ്ങള്, ഉണക്കമീനുള്പ്പെടെ എല്ലാ സാധനങ്ങളും വില്‍ക്കുന്ന കടയായിരുന്നു.
വിവരമറിഞ്ഞയുടനെ സമീപത്തെ സ്റ്റേഷനില്‍ നിന്നെത്തിയ പൊലീസുകാരും സമീപവാസികളും ചേര്‍ന്ന് തീയണക്കുകയായിരുന്നു. ചെറുതോണി-കട്ടപ്പന എന്നിവിടങ്ങളിൽ നിന്നും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും എത്തിയിരുന്നു.
തങ്കമണി ടൗണിൽ തീപിടിച്ചതറിഞ്ഞ് ഓടിയെത്തിയ നാട്ടുകാര്‍
നിമിഷനേരം കൊണ്ടാണ് കട തീഗോളമായി മാറിയത്. കടയുടെ ഒരു ഭാഗത്ത് 12ലധികം ഗ്യാസ് സിലിണ്ടറുകള്‍ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ഇവയും ഒന്നിന് പുറകേ ഒന്നായി പൊട്ടിത്തെറിച്ചു. സിലിണ്ടറുകള്‍ക്കും, എണ്ണ ടിന്നുകൾക്കും തീ പിടിച്ചതോടെ ആളുകള്‍ക്ക് പ്രദേശത്തേക്ക് അടുക്കാന്‍ കഴിയാതായെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഇതിനിടെ കെട്ടിടത്തിന് സമീപത്തുകൂടി പോകുന്ന വൈദ്യുതി കമ്പി പൊട്ടിവീണത് പ്രദേശത്തെ കൂടുതൽ ഭീതിയിലാഴ്ത്തി. ഉടൻ കെ.എസ്.ഇ.ബിയെ വിവരമറിയിച്ച് ലൈന്‍ ഓഫ് ചെയ്തതിനാല്‍ കൂടുതല്‍ അപകടങ്ങളുണ്ടായില്ല. സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനാല്‍ സമീപത്തെ കടകളുടെ ജനല്‍ചില്ലുകള്‍, ഷട്ടറുകള്‍, ഭിത്തി എന്നിവക്ക് കേടുപാടുണ്ടായിട്ടുണ്ട്.
മറ്റുകെട്ടിടങ്ങളിലേക്ക് തീ പടരാതിരുന്നതും രക്ഷയായി. തൊട്ടടുത്ത് കാഞ്ഞിരത്താനം അച്ചന്‍കുഞ്ഞിന്റെ സ്റ്റേഷനറി കടയും, കാളവയലില് റോയിയുടെ വസ്ത്രവ്യാപാരശാലയുമാണുണ്ടായിരുന്നത്. വര്‍ഗീസിന്റെ കടയില്‍ നിന്നും തീ പടരാതെ തടയാന്‍ കഴിഞ്ഞതിനാല്‍ വൻ ദുരന്തമൊഴിവായി. തലമുറകളായി വ്യാപാരം നടത്തിവരുന്നയാളാണ് വര്‍ഗീസെന്ന് നാട്ടുകാര്‍ പറഞ്ഞു. കടക്ക് തീപിടിച്ചതറിഞ്ഞ് എത്തിയ വര്‍ഗീസ് തന്റെ സ്ഥാപനം കത്തുന്നത് കണ്ട് ബോധ രഹിതനായി. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്കി. തങ്കമണി ടൗണില്‍ ഇതിനുസമീപത്തായി അഞ്ചുവര്‍ഷം മുമ്പ് തീപിടിച്ച് കെട്ടിടവും, വ്യാപാര സ്ഥാപനങ്ങളും കത്തി നശിച്ചിരുന്നു.
തീപിടുത്തത്തില്‍ പൂർണമായും കത്തിനശിച്ച കട
ചാക്കോച്ചി എന്നയാളുടെയും കൊല്ലംപറമ്പില്‍ പോളിന്റെയും കടകളും പ്രദീപിന്റെ ബാര്ബര്ഷോപ്പുമാണ് അന്ന് കത്തി നശിച്ചത്. 30 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി വര്‍ഗീസ് പറഞ്ഞു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്റ് സണ്ണി പൈമ്പള്ളില്‍ സ്ഥലം സന്ദര്‍ശിച്ചു. സംഭവത്തില്‍ ദുരൂഹത കണ്ടെത്തിയിട്ടില്ലെന്നും, ഫോറന്‍സിക് വിഭാഗത്തിനും, കെ.എസ്.ഇ.ബി വിജിലന്‍സ് വിഭാഗത്തിനും അറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും ഇവരുടെ പരിശോധനക്ക് ശേഷം കൂടുതല്‍ അന്വേഷണം നടത്തുമെന്നും തങ്കമണി സി.ഐ എം.വി. എബി പറഞ്ഞു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സി.വി. വര്‍ഗീസ്, റോമിയോ സെബാസ്റ്റ്യന്‍, സിബിച്ചന് കാച്ചപ്പള്ളി എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.