തൊടുപുഴ: തമിഴ്നാട്ടിലെ ജനവാസ മേഖലകളിൽ ഇറങ്ങി ഭീതിവിതച്ച അരിക്കൊമ്പന് വീണ്ടും കാടുമാറ്റം. തമിഴ്നാട്ടിലെ മുണ്ടൻ തുറൈ കടുവ സങ്കേതത്തിലാണ് അരിക്കൊമ്പന്റെ ഇനിയുള്ള വാസം. രണ്ടാം തവണയും തമിഴ്നാട്ടിലെ ജനവാസ മേഖലയിലിറങ്ങിയ അരിക്കൊമ്പനെ ഒറ്റരാത്രികൊണ്ട് തമിഴ്നാട് വനം വകുപ്പ് മയക്കുവെടിവെച്ച് പിടികൂടുകയായിരുന്നു. ചിന്നക്കനാൽ മേഖലയിലെ ജനങ്ങളുടെ ജീവിതത്തിന് വെല്ലുവിളി ഉയർത്തിയതോടെയാണ് ഏപ്രിൽ 29ന് അരിക്കൊമ്പനെ പെരിയാർ ടൈഗർ റിസർവിലേക്ക് കൊണ്ടുപോയത്.
മാസങ്ങള്‍ക്കിടെ രണ്ടാം തവണയാണ് മയക്കുവെടിവെച്ച് പിടികൂടി കാട് മാറ്റുന്നത്. ചിന്നക്കനാലിൽ സ്ഥിരമായി ഭീതിവിതക്കുന്ന അരിക്കൊമ്പനെ 2017ലാണ് ആദ്യം മയക്കുവെടി വെക്കാൻ തീരുമാനിക്കുന്നത്. രണ്ടു ദിവസങ്ങളിലായി അഞ്ച് മയക്കുവെടിവെച്ചിട്ടും ആനയെ പിടികൂടാനാകാത്തതിനെ തുടർന്ന് അന്ന് ദൗത്യം അവസാനിപ്പിച്ചു. പതിവായി പ്രശ്നങ്ങള്‍ സൃഷ്ടിച്ച സാഹചര്യത്തിലാണ് അരിക്കൊമ്പനെ പിടികൂടുന്ന ദൗത്യം വീണ്ടും വനം വകുപ്പ് ആരംഭിച്ചത്. അരിക്കൊമ്പനെ കൂട്ടിലടക്കാൻ പ്രദേശ വാസികൾ സമരങ്ങളുമായി രംഗത്തിറങ്ങിയതിനെ തുടർന്നാണ് ഇത്.
അരിക്കൊമ്പന് പിന്തുണയുമായി മൃഗസ്നേഹികളുടെ സംഘടനകളും രംഗത്തെത്തി. വിഷയം ഹൈകോടതിയിലെത്തി. അരിക്കൊമ്പനെ പിടികൂടേണ്ടതില്ല, റേഡിയോ കോളര്‍ ഘടിപ്പിച്ച് കാട്ടിലേക്ക് മാറ്റിയാല്‍ മതിയെന്ന നിലപാടാണ് വിഷയത്തില്‍ സ്വീകരിച്ചത്. ഇതോടെയാണ് മിഷൻ അരിക്കൊമ്പന് തുടക്കമാകുന്നത്. 2023 ഫെബ്രുവരി 21ന് അരിക്കൊമ്പനെ മയക്കുവെടിവെക്കാന്‍ അനുവാദം നല്കി വനംവകുപ്പ് ഉത്തരവിറക്കി. അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യസംഘവും കുങ്കിയാനകളും എത്തി. മാര്‍ച്ച് 29ന് ഹൈകോടതി അരിക്കൊമ്പനെ പിടിക്കുന്നത് തടഞ്ഞു.
പ്രശ്നം പഠിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിച്ചു. തുടർന്ന് അരിക്കൊമ്പനെ പിടിക്കാത്തതിൽ പ്രതിഷേധിച്ച് സംയുക്ത സമരസമിതി 10 പഞ്ചായത്തുകളില്‍ ഹര്‍ത്താൽ നടത്തി. ഏപ്രില്‍ അഞ്ചിന് വിദഗ്ധ സമിതി റിപ്പോര്‍ട്ട് പരിഗണിച്ച കോടതി ആനയെ റേഡിയോ കോളര്‍ ധരിപ്പിച്ച് പറമ്പിക്കുളത്തേക്ക് മാറ്റാന്‍ നിര്‍ദേശിച്ചു. ഏപ്രില്‍ 28ന് അരിക്കൊമ്പനെ മയക്കുവെടിവെക്കാന്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം ചിന്നക്കനാലിലെത്തി. ഒമ്പതു മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവില്‍ ആദ്യദിനത്തെ ദൗത്യം അവസാനിപ്പിച്ചു.
ഏപ്രില്‍ 29ന് 12 മണിയോടടുത്ത് ദൗത്യസംഘം അരിക്കൊമ്പനെ മയക്കുവെടിവെച്ചു. പെരിയാര്‍ വന്യജീവി സങ്കേതത്തിലെ മേതകാനത്തേക്കാണ് കൊണ്ടുപോയത്. കാട്ടിലെത്തിയ അരിക്കൊമ്പൻ മേഘമലയിലെക്കും കുമളിയിലെ ജനവാസ മേഖലക്കരികിലും എത്തി. പിന്നീട് കൊട്ടാരക്കര- ദിണ്ഡിഗൽ ദേശീയ പാത കടന്ന് ആന തമിഴ്നാടിലേക്ക് കടന്നു. മേയ് 27ന് കമ്പത്തെ ജനവാസ മേഖലയിലെത്തി ടൗണിൽ വലിയ തോതിൽ പരിഭ്രാന്തി സൃഷ്ടിച്ചു. തുടർന്നാണ് ആനയെ പിടികൂടാൻ തമിഴ്നാട് വനം വകുപ്പ് തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.