കട്ടപ്പന: കാട്ടിറച്ചി വിറ്റുവെന്ന് ആരോപിച്ച് ആദിവാസി യുവാവിനെതിരെ കള്ളക്കേസ് എടുത്ത് അറസ്റ്റ് ചെയ്ത വനം വകുപ്പ് അധികൃതര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ കിഴുകാനം ഫോറസ്റ്റ് ഓഫിസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി.
അനിശ്ചിതകാല നിരാഹാര സമരം തുടങ്ങുന്നതിന് മുന്നോടിയായായിരുന്നു മാർച്ചും ധർണയും.
കഴിഞ്ഞ മാസം 20നാണ് കണ്ണംപടി പുത്തന്‍പുരയ്ക്കല്‍ സരുണ്‍ സജിയെ കിഴുകാനം സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ അനില്‍കുമാറും സംഘവും അറസ്റ്റ് ചെയ്തത്. കാട്ടിറച്ചി വില്പന നടത്തിയെന്ന കേസിലായിരുന്നു അറസ്റ്റ്.
ഇയാള്‍ ഓടിച്ചിരുന്ന ഓട്ടോറിക്ഷയും വനംവകുപ്പ് കസ്റ്റഡിയില്‍ എടുത്തിരുന്നു. എന്നാല്‍, സംഭവം നടന്നെന്ന് മഹസറില്‍ പറയുന്ന സമയത്തിനു തൊട്ടുമുമ്പ് സരുണ്‍ സജി ഓടിച്ചിരുന്ന ഓട്ടോറിക്ഷ മെംബര്കവല ഭാഗത്ത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ച് പറഞ്ഞയച്ചതാണ്.
തുടര്‍ന്ന് സരുണ്‍ വാഗമണ്ണിലേക്ക് ബസില്‍ യാത്ര ചെയ്യുകയും ചെയ്തു. ഈ സമയത്ത് സരുണിന്റെ വാഹനത്തില്‍നിന്നും കാട്ടിറച്ചി കണ്ടെടുത്തെന്നാണ് കേസ്.
ആദിവാസികളെ ദ്രോഹിക്കുന്ന കിഴുകാനം വനം വകുപ്പ് ഓഫിസിലെ മുഴുവൻ ഉദ്യോഗസ്ഥർക്കെതിരെയും നടപടി വേണമെന്ന് സമിതി ആവശ്യപ്പെട്ടു. ആദിവാസി യുവാവിനെതിരെ കള്ളക്കേസ് എടുത്ത് ക്രൂരമായി മർദിക്കുകയും തുറങ്കലിൽ അടക്കുകയും ചെയ്ത കിഴുകാനും ഫോറസ്റ്റർ അനിൽകുമാറിനെയും ഡി.എഫ്.ഒ രാഹുലിനെയും സസ്പെൻഡ് ചെയ്യുക, മുഖ്യമന്ത്രിയും വനം മന്ത്രിയും ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുക, തുടരന്വേഷണം സ്റ്റേറ്റ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുക, സരുണിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം സംഘടിപ്പിച്ചത്.
നീതി ലഭിക്കുന്നതുവരെ സമരം തുടരുമെന്നും 25ാം തീയതി മുതൽ സരുണ്‍ സജിയുടെ പിതാവും മാതാവും ഫോറസ്റ്റ് ഓഫിസിനു മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്നും സമരസമിതി ചെയർമാൻ എൻ.ആർ. മോഹനൻ പറഞ്ഞു. സമരത്തിന് സമരസമിതി കൺവീനർ സോണറ്റ് രാജു, മദന മോഹനൻ, പി.സി. രഹദാസ്, ഭാസ്കരൻ, ടി.കെ. രാമൻ, കെ.എസ്. സുജിത് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.