തൊടുപുഴ: അല്പം മനസ്സുവെച്ചാൽ മതി നല്ല ജൈവവളം നമുക്കുതന്നെ ഉണ്ടാക്കിയെടുക്കാം. വീട്ടിലെ ഭക്ഷണാവശിഷ്ടങ്ങൾ മാത്രമല്ല പറമ്പിലെ കരിയിലയുള്പ്പെടെയുള്ളവയും ശാസ്ത്രീയമായി സംസ്കരിച്ച് വളമാക്കി സ്വന്തം പുരയിടത്തില്‍ കൃഷിക്ക് ഉപയോഗിക്കുകയാണ് ജില്ല പൊലീസ് സൂപ്രണ്ട് ഓഫിസിലെ മുന്‍ സീനിയര്‍ അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റൻറ് എം.എന്‍. മനോഹര്‍. ഇടവെട്ടിയിലെ വീട്ടില്‍ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മിച്ച മണ്ണിര കമ്പോസ്റ്റ് യൂനിറ്റ് ഉപയോഗിച്ചാണ് ഇദ്ദേഹത്തിെൻറ ജൈവവള കൃഷി. താമസിക്കുന്ന 45 സെൻറ് സ്ഥലത്തെ കരിയിലയും വാഴക്കച്ചിയും എന്നുവേണ്ട സകല വസ്തുക്കളും ഇദ്ദേഹം തെൻറ മണ്ണിരകള്‍ക്ക് തീറ്റയായി നല്‍കും.
കൂടാതെ, വീടിനു മുന്നിലെ റോഡിലെയും സമീപത്തെ കെട്ടിടത്തിലെ ടെറസിലെയും പരിസരത്തെയും കരിയിലകളും മറ്റും ഇദ്ദേഹം ശേഖരിച്ച് തെൻറ യൂനിറ്റിലെത്തിക്കും. ഏതാനും ആഴ്ചക്കുള്ളില്‍ അത് തേയിലപ്പൊടിപോലെ നല്ല കറുത്ത വളമാകും.
വീട്ടിലെ പയറുള്‍പ്പെടെയുള്ള പച്ചക്കറി കൃഷിക്ക് ഇൗ വളമാണ് ഉപയോഗിക്കുന്നത്. നേരത്തേ രാസവളമായിരുന്നു ഉപയോഗിച്ചിരുന്നതെന്ന് മനോഹര്‍ പറഞ്ഞു.
മണ്ണിര കമ്പോസ്റ്റ് സ്ഥാപിച്ചതോടെ പുരയിടം ഒരു കരിയിലപോലുമില്ലാതെ നല്ല വൃത്തിയായതായി ഇദ്ദേഹം പറയുന്നു. മൂന്നു മീറ്റര്‍ നീളവും ഒന്നേകാല്‍ മീറ്റര്‍ വീതിയും 65 സെൻറീമീറ്റര്‍ ഉയരവുമുള്ള കമ്പോസ്റ്റ് യൂനിറ്റാണ് ഗ്രാമപഞ്ചായത്തിെൻറ തൊഴിലുറപ്പ് പദ്ധതിയിലൂടെ നിര്‍മിച്ചത്. ഇതിന് മൂന്നു കള്ളികളാണുള്ളത്. ഒന്നില്‍നിന്ന് 25 കിലോയിലധികം വളം ലഭിക്കും. വിപണിയില്‍ 25 മുതല്‍ 50 രൂപവരെ വിലയുണ്ട് ഇത്തരം ജൈവവളത്തിന്.
ജില്ലയിലെ ഏലപ്പാറ, വണ്ടിപ്പെരിയാര്‍, നെടുങ്കണ്ടം, കുമളി, തൊടുപുഴ മുനിസിപ്പാലിറ്റികള്‍ ജൈവ മാലിന്യങ്ങള്‍ ഫലപ്രദമായി സംസ്കരിക്കുന്നുണ്ട്. ഇവയില്‍ കുമളി, വണ്ടിപ്പെരിയാര്‍ പഞ്ചായത്തുകള്‍ ജൈവവളം വിപണിയിലെത്തിച്ചിട്ടുമുണ്ട്. കിലോക്ക് 25 രൂപക്കാണ് വില്‍ക്കുന്നതെന്ന് ഹരിതകേരളം മിഷന് ജില്ല കോഓഡിനേറ്റര്‍ ഡോ. ജി.എസ്. മധു പറഞ്ഞു. തൊടുപുഴ മുനിസിപ്പാലിറ്റിയില്‍ മാലിന്യം സംസ്കരിച്ച് ബയോഗ്യാസാണുണ്ടാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.